ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി; റിയ ചക്രവര്‍ത്തിയുടെ ഹര്‍ജി തള്ളി
ന്യൂഡെല്‍ഹി: (www.kvartha.com 19.08.2020) ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. തനിക്കെതിരായ എഫ്ഐആര്‍ പറ്റ്നയില്‍ നിന്ന് മുംബൈയിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
സുശാന്തിന്റെ പിതാവിന്റെ പരാതിയില്‍ ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത കേസ് കോടതി അംഗീകരിച്ചു. സുശാന്തിന്റെ മുന്‍ കാമുകി റിയ ചക്രവര്‍ത്തിക്കും കുടുംബത്തിനും എതിരായായിരുന്നു പരാതി. സുശാന്തിനെ നടിയും കുടുംബവും വഞ്ചിച്ചതായും മാനസികമായി പീഡിപ്പിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുശാന്തിന്റെ അക്കൗണ്ടില്‍നിന്ന് കോടികള്‍ തട്ടിയെടുത്തതായും പരാതിയില്‍ പറഞ്ഞിരുന്നു.
ബിഹാര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ നിയമപരമായി നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. അന്വേഷണം ബിഹാര്‍ പൊലീസ് സിബിഐക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ നടപടിയാണ് സുപ്രീം കോടതി ശരിവെച്ചിരിക്കുന്നത്. നിലവില്‍ ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ആണ് നടത്തേണ്ടത് എന്നും കോടതി വ്യക്തമാക്കി.
മരണം നടന്നത് മഹാരാഷ്ട്രയിലായതുകൊണ്ട് മുംബൈ പൊലീസാണ് ഈ കേസ് അന്വേഷിക്കേണ്ടതെന്നും മറ്റൊരു പൊലീസിനും കേസ് അന്വേഷിക്കാനാവില്ലെന്നുമായിരുന്നു മഹാരാഷ്ട്ര പൊലീസ് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദം സുപ്രീം കോടതി നിരാകരിച്ചു. മഹാരാഷ്ട്ര പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ് ഐ ആറില്‍ അപകട മരണവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ പരിമിതമായ അന്വേഷണം മാത്രമേ ഈ എഫ്ഐആറിന്റെ അടിസ്ഥാനത്തില്‍ നടക്കുകയുള്ളൂ എന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.
അതേസമയം, ബിഹാര്‍ പൊലീസിന്റെ എഫ്ഐആര്‍ സമ്പൂര്‍ണമാണെന്നും മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാന്‍ ഇതനുസരിച്ച് സിബിഐക്ക് കഴിയുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസന്വേഷണത്തില്‍ മഹാരാഷ്ട്ര പൊലീസ് പൂര്‍ണമായും സഹകരിക്കണമെന്നും ഇതുവരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സിബിഐക്ക് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment