മരിച്ച നിലയില്‍ കണ്ടെത്തിയ എം എസ് പി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥന്‍ വായ്പാ തട്ടിപ്പിനിരയായതായി ആരോപണം
തളിപ്പറമ്പ്: (www.kvartha.com 21.08.2020) തളിപ്പറമ്പ് സ്വദേശിയായ എസ് ഐയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായതാണെന്ന് ആരോപണം. തളിപ്പറമ്പ് ഏഴാംമൈല്‍ ശാന്തിനഗറിലെ കെ വി മനോജ് കുമാറിനെയാണ് മലപ്പുറം എംഎസ്പി ക്യാംപിലെ ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം സാമ്പത്തിക ബാധ്യതയെന്നാണ് പ്രാഥമിക നിഗമനം. ഇതിനു പിന്നില്‍ കണ്ണൂര്‍ സ്വദേശിയായ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന് പങ്കുള്ളതായാണ് സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
ആരോപണ വിധേയനായ ഈ പൊലീസ് ഉന്നതന്‍ ഇപ്പോള്‍ പാലക്കാടാണ് ജോലി ചെയ്യുന്നത്. നേരത്തെ ഇവര്‍ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഇക്കാലയളവില്‍ ഈ ഉന്നത ഉദ്യോഗസ്ഥനു വേണ്ടി ലോണെടുക്കുന്നതിന് മനോജ് കുമാര്‍ ജാമ്യം നിന്നിരുന്നതായി പറയുന്നു. എന്നാല്‍ ലോണ്‍ തിരിച്ചടക്കാന്‍ ഇയാള്‍ തയാറായില്ല. പിന്നെ മനോജ് കുമാറിന്റെ ശമ്പളത്തില്‍നിന്ന് ലോണ്‍ തുക പിടിക്കാന്‍ തുടങ്ങി. കഴിഞ്ഞ 27 മാസമായി മനോജ് കുമാറിന്റെ ശമ്പളത്തില്‍നിന്ന് ലോണ്‍ തുക പിടിച്ചിരുന്നതായി പറയുന്നു. പല തവണ പണം ചോദിച്ച് ഈ ഉന്നത ഉദ്യോഗസ്ഥനെ മനോജ് കുമാര്‍ സമീപിച്ചെങ്കിലും ഭീഷണിപ്പെടുത്തുകയായിരുന്നു പറയുന്നു.
മനോജ് കുമാറിനെപ്പോലെ 22 ഓളം പൊലീസുകാര്‍ ഇയാള്‍ക്കു വേണ്ടി ജാമ്യം നിന്ന് വഞ്ചിതരായിട്ടുണ്ടെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. ആംഡ് പൊലീസ് ബറ്റാലിയിനുകളില്‍ സാധാരണയായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലോണെടുക്കുമ്പോള്‍ ജാമ്യം നില്‍ക്കുന്നവര്‍ കുടുങ്ങുന്നത് പതിവായിരിക്കുകയാണ്. എന്നാലും പലപ്പോഴും പൊലീസുകാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി പറയാന്‍ തയാറാകുന്നില്ല. മനോജ് കുമാറിന്റെ മരണത്തില്‍ അന്വേഷണം നടത്തുമ്പോള്‍ ഇക്കാര്യം കൂടി അന്വേഷിക്കണമെന്നാണ് സഹപ്രവര്‍ത്തകരുടെ പരാതി.
കഴിഞ്ഞ ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ പ്രഭാതഭക്ഷണം കഴിച്ച് തിരിച്ചെത്തിയതായിരുന്നു മനോജ് കുമാര്‍. പതിനൊന്നോടെ എത്തിയ സഹപ്രവര്‍ത്തകന്‍ വിളിച്ചിട്ട് വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പിന്‍വാതിലിലൂടെ അകത്തുകയറി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മനോജ് കുമാര്‍ 20 വര്‍ഷത്തോളം മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനില്‍ ഉണ്ടായിരുന്നു. പരേതനായ കെ വി ബാലന്റെയും കാര്‍ത്ത്യായനിയുടെയും മകനാണ്. ഭാര്യ: വിദ്യ. മക്കള്‍: അഭിഷേക്, ശ്രീബാല.
Keywords: News, Kerala, Police, Death, Loan, Fraud, Complaint, Case, Incident that police officer found dead: Alleged victim of financial fraud
Powered by Info News For You

Comments
Post a Comment