ചരിത്രമറിയുന്നവര്‍ക്ക് പ്രിയങ്ക ഗാന്ധിയുടേയും കോണ്‍ഗ്രസിന്റെയും നിലപാടില്‍ അത്ഭുതം തോന്നില്ല; കോണ്‍ഗ്രസില്‍ നിന്നും ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്? രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: (www.kvartha.com 05.08.2020) ചരിത്രമറിയുന്നവര്‍ക്ക് പ്രിയങ്ക ഗാന്ധിയുടേയും കോണ്‍ഗ്രസിന്റെയും നിലപാടില്‍ അത്ഭുതം തോന്നില്ല. കോണ്‍ഗ്രസില്‍ നിന്നും ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്? രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണരൂപം;
കോണ്‍ഗ്രസില്‍ നിന്നും ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്?
ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന സുപ്രീം കോടതി വിധിയില്‍ പോലും ക്രിമിനല്‍ കുറ്റമാണെന്ന് കണ്ടെത്തിയ രണ്ടു സന്ദര്‍ഭങ്ങളിലും മുഖ്യ പ്രതി കോണ്‍ഗ്രസ് തന്നെയാണ് .
ദശകങ്ങളായി അടഞ്ഞ് കിടന്നിരുന്ന ' തര്‍ക്ക ' പ്രദേശത്തിന്റെ കവാടം 1986 ഫെബ്രുവരിയില്‍ തുറന്നു നല്‍കിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. തര്‍ക്ക സ്ഥലത്തു തന്നെ 1989 നവംബറില്‍ ശിലാന്യാസത്തിന് വിഎച്ച്പി ക്ക് അനുമതി നല്‍കിയതും രാജീവ് ഗാന്ധി തന്നെ.
ഇപ്പോള്‍ ദിഗ് വിജയ് സിംഗ് വ്യക്തമാക്കിയത്, രാമക്ഷേത്രത്തിന് രാജീവ് ഗാന്ധി നേരത്തെ കല്ലിട്ടതാണെന്നാണ് . അതു ശരിയാണ്. രാജീവ് ഗാന്ധിയുടെ അനുമതിയോടെ വി എച്ച് പിയാണ് അത് നിര്‍വഹിച്ചതെന്ന് മാത്രം. 1989 നവംബര്‍ മൂന്നിന് രാജീവ് ഗാന്ധി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് അയോധ്യയിലെ ഫൈസാബാദില്‍ നിന്നായിരുന്നു. നേരത്തെ നിശ്ചയിച്ച നാഗ് പൂര്‍ മാറ്റിയാണ് അയോധ്യയില്‍ നിന്നും പ്രചാരണം തുടങ്ങിയത്.
നേരത്തെ തയ്യാറാക്കിയ പ്രസംഗത്തില്‍ നിന്നും വ്യതിചലിച്ചാണ് രാമ രാജ്യം സ്ഥാപിക്കലാണ് തങ്ങളുടെ ലക്ഷ്യം എന്ന് രാജീവ് ഗാന്ധി പ്രഖ്യാപിക്കുന്നത്. രഥയാത്രയുമായി വന്ന അദ്വാനിയെ ബിഹാറില്‍ വെച്ച് അറസ്റ്റ് ചെയ്തപ്പോള്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവായിരുന്നു. അതിനെ തുടര്‍ന്ന് ബിജെപി, പ്രധാന മന്ത്രി വി പി സിംഗിനുള്ള പിന്തുണ പിന്‍വലിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവ് രാജിവ് ഗാന്ധിയും കോണ്‍ഗ്രസും ബി ജെ പി ക്ക് ഒപ്പം ചേര്‍ന്ന് വി പി സിംഗിനെ പുറത്താക്കി. ഫലത്തില്‍ ബാബറി മസ്ജിദ് തകര്‍ക്കാനുള്ള രഥയാത്രക്ക് പിന്തുന്ന നല്‍കുകയായിരുന്നു രാജീവ് ഗാന്ധിയും കോണ്‍ഗ്രസും ചെയ്തത്.
ഈ ചരിത്രമറിയുന്നവര്‍ക്ക് പ്രിയങ്ക ഗാന്ധിയുടേയും കോണ്‍ഗ്രസിന്റെയും നിലപാടില്‍ അത്ഭുതം തോന്നില്ല.
ഇതിന്റെയെല്ലാം തുടര്‍ച്ചയിലാണ് ബാബറി മസ്ജിദ് തകര്‍ക്കുന്നത്. അത് തടയാന്‍ ഏതറ്റം വരെയും പോകാന്‍ ദേശീയോദ്ഗ്രഥന കൗണ്‍സില്‍ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന് പിന്തുന്ന നല്‍കിയെങ്കിലും കുറ്റകരമായ നിസംഗതയോടെ അദ്ദേഹം പള്ളി പൊളിച്ച് തിരുന്നതു വരെ അനങ്ങിയില്ല.
വര്‍ഗീയ നിലപാടുകള്‍ വഴി വോട്ടാണ് കോണ്‍ഗ്രസ് ലക്ഷ്യം വെച്ചതെങ്കില്‍ ഫലം കൊയ്തത് തീവ്രവര്‍ഗീയതയായിരുന്നുവെന്നത് ചരിത്ര പാഠം.
വിശ്വാസിക്ക് ക്ഷേത്രമെന്നതും പള്ളിയെന്നതും വിശ്വാസത്തിന്റെ ഭാഗമാണ്. സുപ്രീം കോടതി വിധി അനുസരിക്കേണ്ടത് മുഴുവന്‍ പൗരന്‍മാരുടെയും ഭരണഘടനാപരമായ ചുമതലയുമാണ്. എന്നാല്‍, ഇവിടെ വിശ്വാസത്തെ വര്‍ഗീയ ധ്രുവീകരണത്തിനായി ഉപയോഗിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി എല്ലാ മതവിഭാഗങ്ങളിലുംപ്പെടുന്ന 132 കോടിയിലധികം വരുന്ന ജനതയുടെ പ്രധാനമന്ത്രിയാണ്. എന്നാല്‍, അദ്ദേഹം ഈ സന്ദര്‍ഭത്തില്‍ നല്‍കുന്ന സന്ദേശം വളരെ കൃത്യമാണ്. അതിനോടൊപ്പം നില്‍ക്കുന്ന പാര്‍ടി തന്നെയാണ് കോണ്‍ഗ്രസ് എന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.
വാല്‍ക്കഷ്ണം:
പ്രിയങ്കയുടേയും കമല്‍നാഥിന്റേയും ആഹ്വാനമനുസരിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യുഡിഎഫ് എം പിമാര്‍ വെള്ളി ഇഷ്ടികയുമായി യാത്ര തുടങ്ങിയോ ആവോ !
Keywords: P Rajeev facebook Post against Congress,Thiruvananthapuram,Politics,BJP,Congress,Criticism,Facebook,Post,Priyanka Gandhi,Rahul Gandhi,Kerala,News.
Powered by Info News For You

Comments
Post a Comment