കരിപ്പൂര്‍ വിമാന ദുരന്തം: മരിച്ച ഒരാള്‍ക്ക് കോവിഡ് ബാധ കണ്ടെത്തി, രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എല്ലാവരും ഉടന്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം
കോഴിക്കോട്: (www.kvartha.com 08.08.2020) കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച യാത്രക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് തൊട്ടുമുമ്പ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് മരിച്ചയാള്‍ക്ക് രോഗബാധ കണ്ടെത്തിയതെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാകും ഇദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. മരിച്ചവരില്‍ ഒരാള്‍ക്ക് കൊവിഡ് കണ്ടെത്തിയ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എല്ലാവരോടും അടിയന്തരമായി നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.
വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതെല്ലാം മറന്ന് രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയതാണ് നാട്ടുകാര്‍. ജാഗ്രത പാലിക്കുന്നതുമായി ബന്ധപ്പെട്ടാണ് എല്ലാവരോടും നിരീക്ഷണത്തില്‍ സ്വയം പോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ എല്ലാവരും മുന്‍കരുതലിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തിനായി ക്വാറന്റീനില്‍ പ്രവേശിക്കേണ്ടതാണ് എന്ന് ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാവരുടേയും പരിശോധനകള്‍ നടത്തുന്നതാണ്. ആരും ഇതൊരു ബുദ്ധിമുട്ടായി കരുതരുത്.
രക്ഷാദൗത്യത്തില്‍ പങ്കെടുത്തവര്‍ ശനിയാഴ്ച തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. ദിശ 1056, 0471 2552056 എന്ന നമ്പരിലേക്കോ മലപ്പുറം, കോഴിക്കോട് ജില്ലാ കണ്‍ട്രോള്‍ റൂം നമ്പരിലേക്കോ (മലപ്പുറം: 0483 2733251, 2733252, 2733253, കോഴിക്കോട്: 0495 2376063, 2371471, 2373901) ബന്ധപ്പെട്ട് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നല്‍കേണ്ടതാണ്. എത്രയും വേഗം ഇവരുടെ ലൈന്‍ ലിസ്റ്റ് തയ്യാറാക്കി ആരോഗ്യ വകുപ്പ് മേല്‍നടപടി സ്വീകരിക്കുന്നതാണ്. ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Kozhikode, News, Kerala, Minister, Death, Flight, Trending, Covid 19, Airport, Karipur Plane Crash dead passenger tests positive
Powered by Info News For You

Comments
Post a Comment