ചരിത്രത്തില്‍ നിന്നുയരുന്ന പുകയും ഒരുബക്കറ്റ് വെള്ളവും: സെക്രട്ടറിയേറ്റില്‍ ഇടിവെട്ടിയതിനു പുറകെ വാള്‍ ഫാന്‍ ഉരുകിയൊലിക്കുമ്പോള്‍

സ്പെഷ്യല്‍/ ഭാമ നാവത്ത്

(www.kvartha.com 27.08.2020) ചരിത്രത്തെ അട്ടിമറിച്ച തീയും പുകയുമൊക്കെ നാം കേള്‍ക്കുന്നത് 1933-ഫെബ്രുവരി 27-നാണ്. ജര്‍മന്‍ പാര്‍ലമെന്റ് മന്ദിരമായ റെയ്സാഗ് കത്തിയമര്‍ന്നപ്പോള്‍ തീയില്ലാതെ പുകയുണ്ടാവില്ലെന്ന ആപത് വാക്യം തന്നെയുയര്‍ന്നുവന്നു. എന്നാല്‍ ഈ തീ പിന്നീട് തീപന്തമായി ഉയര്‍ത്തിപ്പിടിച്ചു കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുകയും അതു രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയുമാണ് ഹിറ്റ്ലര്‍ ചെയ്തത്. കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ലമെന്റ് മന്ദിരത്തിന് തീകൊടുത്തുവെന്നും രാജ്യസുരക്ഷ അപകടത്തിലാണെന്നും ഹിറ്റ്ലറും അദ്ദേഹത്തെ അനുകൂലിക്കുന്നവരും വ്യാജമായി പ്രചരിപ്പിച്ചു. 


ഇതോടെ ശക്തമായ ഒരു ഭരണകൂടം എന്ന നാസി ആശയം ജനങ്ങളില്‍ കുത്തിവയ്ക്കപ്പെടാന്‍ തുടങ്ങി. എല്ലാ അധികാരവും തന്നിലേക്കു കേന്ദ്രീകരിക്കപ്പെടുന്ന ഒരു പവര്‍ പോയന്റായി തെരഞ്ഞെടുപ്പില്‍ പരാജയം രുചിക്കേണ്ടിവന്ന ഹിറ്റ്ലര്‍ മാറി. പിന്നീട് നടന്ന രണ്ടാം ലോക മഹായുദ്ധവും ജൂതന്‍മാരുടെ കൂട്ടക്കൊലയുമൊക്കെ ചരിത്രത്തിന്റെ ഏടുകളില്‍ നമുക്ക് വായിക്കാം. ഇതിനു സമാനമല്ലെങ്കില്‍പ്പോലും നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇങ്ങു കൊച്ചുകേരളത്തില്‍ തലസ്ഥാനനഗരിയിലെ സെക്രട്ടറിയേറ്റിനു തീപിടിക്കുമ്പോള്‍ രാഷ്ട്രീയ ആരോപണങ്ങളുടെ തീയും പുകയുമാണുയയരുന്നത്. തിരുവനന്തപുരത്തെ പ്രായം ചെന്ന ഭരണസിരാകേന്ദ്രത്തിനു തീപിടിക്കുകയെന്നതു വലിയ സംഭവവുമൊന്നുമല്ല.

പലതവണ ഇതു സംഭവിച്ചിട്ടുമുണ്ട്. മാത്രമല്ല ന്യഡല്‍ഹിയില്‍ അതീവസുരക്ഷാകേന്ദ്രമായ പ്രധാനമന്ത്രിയുടെ ഓഫീസിനുവരെ പലതവണ തീപിടിച്ചിട്ടുണ്ട്. ഇവിടെയാകാട്ടെ ഓഫാക്കാന്‍ മറന്നുപോയ ഒരു വാള്‍ ഫാനാണ് പ്രതി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ശിവശങ്കരന്റെ വിദേശയാത്രകളുടെ വിശദവിവരങ്ങളടങ്ങുന്ന ഫയലടക്കം സെയ്ഫായിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്.  ഇത്രയും പറയുന്ന സര്‍ക്കാരിനെ ന്യായീകരിക്കുന്ന സിപിഎം നേതാക്കള്‍ പറയുന്നത് ഒരു ബക്കറ്റു വെള്ളം കൊണ്ടുഅണച്ച പ്രശ്നത്തെ കാട്ടുതീയാക്കുന്നത് മാധ്യമങ്ങളും പ്രതിപക്ഷങ്ങളുമാണെന്നും ആരോപിക്കുന്നു. 

പ്രതിപക്ഷ നേതാവും സ്ഥലം എംഎല്‍എയും ബിജെപി നേതാക്കളും എന്തിനവിടെപ്പോയി എന്നാണ് മന്ത്രിസഭയിലെ രണ്ടാമനായ ഇ പി ജയരാജന്‍ ചോദിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിനകത്തേക്കു ആയുധങ്ങള്‍ കടത്താന്‍ ശ്രമിച്ചുവെന്നും സുരേന്ദ്രന് തീപിടിത്തത്തില്‍ പങ്കുണ്ടോയെന്നു സംശയിക്കുന്നതായും ഇ പി ആരോപിക്കുകയും ചെയ്തു. സന്ദര്‍ഭോചിതമായി സ്ഥലത്തു നിന്നും മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയക്കാരെയും അകറ്റിയ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയില്‍ കൂടുതല്‍ വിശ്വാസം അര്‍പിക്കാനും മന്ത്രി മറന്നില്ല. എന്നാല്‍  സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിന്റെ ടൈമിങാണ് നിഷ്പക്ഷമതികളായി ചിന്തിക്കുന്നവരെപ്പോലും സംശയത്തിലാക്കുന്നത്. 

നേരത്തെ സ്വപ്‌ന  സുരേഷിനു മുഖ്യമന്ത്രിയുടെ ഓഫീസിനുമായി ബന്ധമുണ്ടോയെന്നു അറിയാനായി ദേശീയ അന്വേഷണ ഏജന്‍സി ക്യാമറ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇടിമിന്നലില്‍ അതൊക്കെ നഷ്ടപ്പെട്ടു പോയെന്നായിരുന്നു മുഖ്യമന്ത്രി തന്നെയതു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. തിരുവനന്തപുരത്ത് മറ്റെങ്ങും പതിക്കാത്ത  ഇടിമിന്നല്‍ എങ്ങനെ അവിടെ മാത്രമുണ്ടായെന്ന ചോദ്യം പഠനവിഷയമാക്കേണ്ട കാര്യമാണ്. സെന്‍ട്രലൈസ്ഡ് എയര്‍കണ്ടിഷനുള്ള ഒരു സ്ഥലത്ത് എന്തിനാള്‍ വാള്‍ ഫാനെന്ന ചോദ്യം അപ്പോഴും ഉയരുന്നുണ്ട്. അഥവാ ഫാനിട്ടാല്‍ തന്നെ രണ്ടു ദിവസമായി അതു കറങ്ങിക്കൊണ്ടിരിക്കാന്‍ മാത്രം ഉദാസീനമാണോ സെക്രട്ടറിയേറ്റിലെ ഭരണസംവിധാനമൊന്ന ചോദ്യവും ഉയരുന്നുണ്ട്. 

ഇതിനെല്ലാമുപരി പൊതുഭരണവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഈക്കാര്യത്തില്‍ പ്രതികരിച്ചില്ലെന്നു മാത്രമല്ല അതിനു ശേഷം ആറുമണി വാര്‍ത്താസമ്മേളനവുമായി വന്നിട്ടുമില്ല. ഇതുകൂടാതെ ഇടതു അനുകൂലികളായ രണ്ടുപേരെഴികെ മറ്റുള്ളവര്‍ അന്നു തീപിടിത്തം നടന്ന സ്ഥലത്ത് ജോലി ചെയ്തിരുന്നുമില്ല. മറ്റുള്ളവരോട് കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ഹാജരാകേണ്ടതില്ലെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് തീയണഞ്ഞിട്ടും സംശയങ്ങളുടെ പുകയിപ്പോഴും ഉയരുന്നത്. 

എന്നാല്‍ ഇതിനൊക്കെ  കൃത്യമായി മറുപടി പറയാതെ പുകമറയ്ക്കുള്ളില്‍ ഒളിക്കുന്നത് ഒരു ജനകീയ സര്‍ക്കാരിന് ഭൂഷണമാണോ... ഒരു ബക്കറ്റ് വെളളം കൊണ്ടു അണയ്ക്കാവുന്ന തീയായാലും അതു പടരേണ്ടിടത്ത് പടരുന്നത് ശുഭസൂചകമല്ല. ആമസോണ്‍ കാടിന് തീപിടിക്കുമ്പോള്‍ കേരളത്തിലിരുന്ന് കരയാന്‍ മാത്രം ഹൃദയവിശാലതയുള്ള ഒരു പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാരിന് പ്രത്യേകിച്ച്.


Keywords: News, Kerala, Fire, Secretariat, Water, Media, Government, Bucket, Smoke, Covid 19, Secretariat fire: Smoke coming from history and a bucket of water


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?