കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി അന്തരിച്ചു
കൊച്ചി: (www.kvartha.com 13.08.2020) കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടി (84) അന്തരിച്ചു. ബുധനാഴ്ച രാത്രി പത്തേമുക്കാലോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കുറച്ചുദിവസമായി ചികിത്സയിലായിരുന്നു. വ്യവസായ വകുപ്പില്‍ ജീവനക്കാരനായിരുന്ന ചുനക്കര രാമന്‍കുട്ടി ആകാശവാണിയിലെ ലളിതഗാനങ്ങളിലൂടെയാണ് പ്രശസ്തനായത്. ആകാശ വാണിക്കുവേണ്ടി നിരവധി നാടകങ്ങള്‍ എഴുതുകയും പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്.
വിവിധ നാടക സമിതികള്‍ക്കായി നൂറുകണക്കിനു ഗാനങ്ങള്‍ എഴുതി. അധിപനിലെ 'ശ്യാമമേഘമെ നീ', കോട്ടയം കുഞ്ഞച്ചനിലെ 'ഹൃദയവനിയിലെ ഗായികയോ' തുടങ്ങി നിരവധി ഹിറ്റ്ഗാനങ്ങള്‍ അദ്ദേഹത്തിന്റെ തുലികയില്‍ പിറന്നവയായിരുന്നു. ദേവീ നിന്‍ രൂപം, സിന്ദൂരത്തിലകവുമായ്, ദേവദാരു പൂത്തു എന്നീ ഗാനങ്ങളും അദ്ദേഹത്തിന്റെ സംഭാവനയാണ്. 75 ഓളം സിനിമകള്‍ക്കായി 200ലധികം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: രേണുക, രാധിക, രാഗിണി. മരുമക്കള്‍: സി അശോക് കുമാര്‍ (റിട്ട. ആരോഗ്യ വകുപ്പ്), പി ടി സജി (റെയില്‍വേ, മുംബൈ), കെ എസ് ശ്രീകുമാര്‍ (സി ഐ എഫ് ടി).
ചുനക്കര രാമന്‍കുട്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കവിയും ഗാനരചയിതാവുമായ ചുനക്കര രാമന്‍കുട്ടിയുടെ നിര്യാണം സാംസ്‌കാരിക കേരളത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ദേവദാരു പൂത്തു' പോലുള്ള നിരവധി സിനിമാ ഗാനങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. നിരവധി നാടകങ്ങള്‍ക്കും ഗാനങ്ങള്‍ എഴുതി. മികച്ച സാംസ്‌കാരിക പ്രഭാഷകനായിരുന്നു ചുനക്കര രാമന്‍കുട്ടിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
Keywords: Kochi, News, Kerala, Death, Obituary, Hospital, Chunakkara Ramankutty, Poet, Poet Chunakkara Ramankutty passes away
Powered by Info News For You

Comments
Post a Comment