ഇനി തള്ളില്ല, മാസ് മറുപടി മാത്രം: അന്തിചര്‍ച്ചയിലെ വക്താക്കള്‍ക്ക് ഉത്തരങ്ങള്‍ നല്‍കാന്‍ റിസര്‍ച്ച് ടീമിന്റെ സഹായവും

കണ്ണൂര്‍: (www.kvartha.com 06.08.2020) ചാനല്‍ചര്‍ച്ചയില്‍ പങ്കെടുക്കുന്ന വിവിധ പാര്‍ട്ടികളിലെ യുവനേതാക്കള്‍ക്ക് കുറിക്കുകൊള്ളുന്ന  പോയന്റുകളെറിഞ്ഞു കൊടുക്കാന്‍ പ്രത്യേക റിസര്‍ച്ച് ടീം. കൊവിഡ്കാലായതിനാല്‍ രാത്രികാലങ്ങളിലെ ചാനല്‍ചര്‍ച്ചകള്‍ വീക്ഷിക്കുന്നവരുടെ എണ്ണം കൂടിവരുന്നുവെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടു തന്നെ ചാനലുകളില്‍ വിവിധ വിഷയങ്ങളില്‍ നടക്കുന്ന അന്തിചര്‍ച്ചകള്‍ പൊതുജനങ്ങളുടെ രാഷ്ട്രീയ നിലപാടുകളെ  ഗണ്യമായി സ്വാധീനിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഈ വിഷയം പാര്‍ട്ടികളുടെ നെഞ്ചിടിപ്പേറ്റിയിട്ടുണ്ട്്. അതുകൊണ്ടു തന്നെ ചാനലുകളിലെ അന്തിചര്‍ച്ചകളില്‍  തങ്ങളുടെ നിലപാടുകള്‍ യുക്തിസഹിതം അതിശക്തമായി അവതരിപ്പിക്കാനും അതു പ്രേക്ഷകരിലെത്തിക്കാനുമാണ് ഓരോ പാര്‍ട്ടി വക്താക്കളും ശ്രമിക്കുന്നത്.

ബൂര്‍ഷ്വാചാനലുകളും പാര്‍ട്ടി ചാനലും 

കൊവിഡ് കാലത്ത് ലോകമാകെ പ്രശംസിക്കപ്പെട്ട ഭരണമികവ് സി പി എമ്മിനെയും മുഖ്യമന്ത്രിയെയും ഏറെ മുന്‍പോട്ടുകൊണ്ടുപോയിട്ടുണ്ടങ്കിലും ഇപ്പോഴതില്ലെന്നാണ് വിവരം. കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ കൊവിഡിന്റെ തുടക്കത്തില്‍ മുഖ്യമന്ത്രി നടത്തിയ ആറുമണി ബ്രീഫിങ് കാണാന്‍ ടെലിവിഷനു മുന്‍പിലിരിന്നിരുന്നു. ഇതോടെ ഏഷ്യാനെറ്റ് നടത്തിയ സര്‍വേയില്‍ പിണറായി സര്‍ക്കാരിന് ഭരണ തുടര്‍ച്ചവരെ പ്രവചിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ കഴിവു തെളിയിച്ചുവെന്നായിരുന്നു വിലയിരുത്തല്‍.

എന്നാല്‍ സ്വര്‍ണക്കടത്ത് കേസും സ്വപ്നയും വന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇതോടെ മുഖ്യമന്ത്രിയുടെ ബ്രീഫിങില്‍ നിന്നും ആളൊഴിഞ്ഞു. അന്തി ചര്‍ച്ചാകൂടാരത്തില്‍ വീണ്ടും ആളുകയറി തുടങ്ങി.ഏഷ്യാനെറ്റില്‍ വിനുവും മാതൃഭൂമിയില്‍ നിന്നും വേണുവും മാനോരമയില്‍ ഷാനിയും അയ്യപ്പദാസും  ചോദ്യങ്ങളുമായി ഉറഞ്ഞാടി. ഇതിനെ പ്രതിരോധിക്കാന്‍ സി.പി. എമ്മിന് കൈരളിയിലൂടെയുടെയോ, ഫ്ളേവേഴ്സിലൂടെയോ, റിപ്പോര്‍ട്ടറിലൂടെയോ നടത്തുന്ന ബദല്‍ ചര്‍ച്ചയിലൂടെ കഴിഞ്ഞുമില്ല.

ഏഷ്യാനൈറ്റിന്റെ കൊത്തികയറിയുള്ള മൂര്‍ച്ചയേറിയ ചര്‍ച്ചയ്ക്കിടെയില്‍ കൃത്യമായി മറുപടി പറയാനാകാതെ ദേശാഭിമാനി പത്രാധിപരായ പി.രാജീവും എം ബി രാജേഷും എം എല്‍ എ മാരായ എം. സ്വരാജും ഷംസീറുമൊക്കെ വിയര്‍ത്തുകുളിച്ചു. ഇതോടെയാണ് മറുപടി പറയാന്‍ സമയമനുവദിക്കില്ലെന്നും അവതാരകന്റെ സ്വഭാവം ശരിയല്ലെന്നും പറഞ്ഞു ന്യൂസ് അവര്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. 

ഏഷ്യാനൈറ്റിന്റെ അനുഭവം തങ്ങള്‍ക്കു വരരുതെന്നു കരുതി മാതൃഭൂമിയും മനോരമയും മീഡിയാവണ്ണും ന്യൂസ് 18യുമൊക്കെ ഇടതു പ്രതിനിധികള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചുവെങ്കിലും പറഞ്ഞു ഫലിപ്പിക്കാന്‍ കഴിയുന്നില്ലെന്ന തോന്നല്‍ പരക്കെയുണ്ടായി. എന്നാല്‍ കൈരളി ചാനലില്‍ ശ്രീജിത്ത് പണിക്കര്‍ കയറി അവതാരകന്‍ അജിത് ഷായെയും മന്ത്രി തോമസ് ഐസക്കിനെയും കയറി മേഞ്ഞതോടെ ഇടതു ക്യാംപുകള്‍ ശരിക്കും ഞെട്ടി. ഇതോടെ പരുങ്ങലിലായ കൈരളിയെ രക്ഷിക്കാന്‍ സര്‍വകാര്യാധികാരിയായ ജോണ്‍ബ്രിട്ടാസ് അന്തിചര്‍ച്ചയുടെ സാരഥ്യം ഏറ്റെടുത്തതോടെ റേറ്റിങ് കൂടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്്. എന്നാല്‍ പിന്നീട് ശ്രീജിത്ത് പണിക്കരെ ചര്‍ച്ചയില്‍ വിളിച്ചില്ലെന്നു മാത്രമല്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ നിരീക്ഷക പദവി ചോദ്യം ചെയ്തും പരിഹസിച്ചും മറ്റുചാനലുകളില്‍ സ്വയം നിലവാരം താഴ്ത്തുന്ന സി പി എം വക്താക്കള്‍ പണിക്കരില്‍ നിന്നുതന്നെ നല്ല അടി മേടിച്ചു കൂട്ടുകയാണ് ചെയ്യുന്നത്.

പറഞ്ഞുവിട്ടതല്ല പറഞ്ഞുഫലിപ്പിക്കലാണ് ചര്‍ച്ച

എന്റെ പാര്‍ട്ടിയുടെ നിലപാടുകള്‍ പറയാനാണ് ഞാനിവിടെ വന്നതെന്നും അതിനാണ് പാര്‍ട്ടി പറഞ്ഞുവിട്ടതെന്നും ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍ പലവട്ടം സി പി എം വാക്താക്കള്‍ പറയുന്നത് കേള്‍ക്കാം. എന്നാല്‍ ആ നിലപാടുകള്‍ പറഞ്ഞു ഫലിപ്പിക്കാനും കഴിയുന്നില്ല. ഈ വിഷയം പരിഹരിക്കുന്നതിനാണ് പാര്‍ട്ടി ഒരു സൈബര്‍ ടീമിനെ നിയോഗിക്കുന്നത്. നേരത്തെ കിട്ടുന്ന വിഷയമനുസരിച്ച് ഈ ടീമാണ് ഇപ്പോള്‍ വിഷയം സമഗ്രമായി പഠിച്ചു ചോദ്യങ്ങളും ഉത്തരങ്ങളും തെളിവുകളും ശേഖരിക്കുന്നത്. ഇതിനോടൊപ്പം വക്താക്കള്‍ക്ക് ആവശ്യാനുസരണം തെളിവുകളും രേഖകളും ഇവര്‍ വാട്സ് ആപ്പിലൂടെ തന്നെ ചര്‍ച്ചയുടെ സാഹചര്യമനുസരിച്ച്് എതിരാളികള്‍ സംസാരിക്കുമ്പോള്‍ അയച്ചുകൊടുക്കുകയും ചെയ്യുന്നു. ഇവ തക്കസമയത്തു ഉചിതമായി പറഞ്ഞു ഫലിപ്പിക്കുകയേ വേണ്ടൂ.. അല്ലാതെ സ്വന്തമായി പാണ്ഡിത്വപ്രകടനം നടത്താനുള്ള സ്‌കോപ്പൊന്നുമില്ല. 

എങ്കിലും പറയുന്ന കാര്യങ്ങള്‍ നിയന്ത്രണത്തോടെ പറഞ്ഞു തീര്‍ക്കുന്ന ശൈലി ഇപ്പോള്‍ അപൂര്‍വ്വം ചിലര്‍മാത്രമേ പാലിക്കുന്നുള്ളൂ. ന്യൂസ് റൂമിലെത്തുമ്പോള്‍ പലരുടെയും കണ്‍ട്രോള്‍ പോയി അവതാരകരെ ചൊറിയാനാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്.കോണ്‍ഗ്രസ്, ബി.ജെ.പി നേതാക്കളില്‍ ചിലരും ഇതേ ശൈലി തന്നെയാണ് പിന്‍തുടരുന്നത്. യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍, ബി.ജെ.പി നേതാക്കളായ എ. എന്‍ രാധാകൃഷ്ണന്‍, വി.വി.രാജേഷ്, അഡ്വ.സുരേഷ് എന്നിവരും ബാഹ്യസഹായത്തോടെയാണ് കാര്യങ്ങള്‍ പറയുന്നത്. പുറത്തു നിന്നും അയക്കുന്ന വാട്സ് ആപ്പ് സന്ദേശങ്ങള്‍ ചര്‍ച്ചയില്‍ ക്രോസ് ചെക്കു ചെയ്യാതെ ചര്‍ച്ചയിലെടുത്തിട്ട് സന്ദീപ് വാര്യര്‍ പലപ്പോഴും വെട്ടിലായിട്ടുമുണ്ട്.

നിരീക്ഷകരെ ആര്‍ക്കാണ് പേടി

വിവിധ ചാനലുകള്‍ പ്രത്യേക കസേരയിട്ടിരുത്തുന്നവരാണ് രാഷ്ട്രീയ നിരീക്ഷകരെന്നു അറിയപ്പെടുന്ന വിഭാഗക്കാരെ. ഇതില്‍ ഇടതു, വലതു അനുകൂലികളും അന്ധമായ സി.പി. എം വിരോധികളുമുണ്ട്. കെ. എം ഷാജഹാന്‍, കെ. എസ് ഹരിഹരന്‍, കെ.സി ഉമേഷ്ബാബു, പിയേഴ്സണ്‍ എന്നിങ്ങനെ പോകുന്നു പലകാരണങ്ങളാല്‍  പല്ലും നഖവുമുപയോഗിച്ച് സി.പി. എമ്മിനെ എതിര്‍ത്തു പോകുന്നവരുടെ നിര.ജോസഫ് മാത്യു, അഡ്വ. ജയശങ്കര്‍ തുടങ്ങിയവരാകാട്ടെ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ഒരേ പോലെവിമര്‍ശിക്കുന്നവരാണ്. റോയ് മാത്യു, ഫക്രുദ്ദീന്‍, എ. സജീവന്‍ തുടങ്ങിയവര്‍ മാത്രമേ സി.പി. എമ്മിനെ അനുകൂലിക്കുന്നുവരുള്ളൂ. കോണ്‍ഗ്രസിനാകട്ടെ സണ്ണിക്കുട്ടി എബ്രഹാമിനെപ്പോലുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

കോണ്‍ഗ്രസിനെ ഗ്രൂപ്പുകളില്‍ അവതമതിപ്പുണ്ടെങ്കിലും സണ്ണിക്കുട്ടി പറയുന്ന പോയന്റെുകള്‍ കോണ്‍ഗ്രസുകാര്‍ക്കു ചിന്തിക്കാന്‍ പോലും കഴിയാത്തത്ര ആഴവും പരപ്പുമുള്ളതാണ്. ബി.ജെ.പിക്കായി കെ.വി ഹരിദാസാണ് പലപ്പോഴും സമചിത്തതയോടെ കാര്യങ്ങള്‍ പറയുന്നത്. എന്നാല്‍ ശ്രീജിത്ത് പണിക്കരാണ് ഇപ്പോള്‍ ചാനലുകളിലെ തിളങ്ങുന്ന താരം. ബി.ജെ.പി ബന്ധം ആരോപിക്കുന്നുണ്ടെങ്കിലും ഈക്കാര്യം തെളിയിക്കാന്‍ ഇതുവരെ എതിരാളികള്‍ക്കു കഴിയുന്നുമില്ല. എന്നാല്‍ പണിക്കര്‍ പറയുന്നതാകാട്ടെ താന്‍ വോട്ടു ചെയ്യുന്ന ജനത്തിന്റെ പ്രതിനിധി മാത്രമാണെന്നാണ്. ബി.ജെ.പിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിക്കുന്ന അവസരങ്ങളും താന്‍ ചര്‍ച്ചയില്‍ പാഴാക്കാറില്ലെന്നും  വിമര്‍ശനത്തിന് മറുപടിയായി പണിക്കര്‍ പറയുന്നു. എങ്കിലും കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പഠിച്ചു സംസാരിക്കുന്ന പണിക്കരുടെ വാദങ്ങളുടെ മുനയൊടിക്കാനാണ് കാര്യങ്ങള്‍ സമഗ്രമായി  നേരത്തെ പഠനവിധേയമാക്കി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഒരു റിസര്‍ച്ച് ടീമിനെ തന്നെ സി പി എമ്മും കോണ്‍ഗ്രസുമൊക്കെ നിയോഗിച്ചത്്. ഇതാകാട്ടെ നേരത്തെ പശ്ചാത്യരാജ്യങ്ങളിലെ ഡിബേറ്റുകളില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രവുമാണ്.


Keywords: Kerala, News, CPM, Congress, Channel Debate, Controversy, Training, Research team' help for spokesperson of Channel debate


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?