മൗറീഷ്യസ് തീരത്ത് എണ്ണക്കപ്പല്‍ പവിഴപ്പുറ്റിലിടിച്ച് വന്‍തോതില്‍ എണ്ണ ചോര്‍ന്ന സംഭവം; ഇന്ത്യന്‍ പൗരനായ ക്യാപ്റ്റനും ശ്രീലങ്കന്‍ പൗരനായ ഡെപ്യൂട്ടിയും അറസ്റ്റില്‍
പോര്‍ട്ട് ലൂയിസ്: (https://ift.tt/3iTtI6Q) മൗറീഷ്യസ് തീരത്ത് എണ്ണക്കപ്പല്‍ പവിഴപ്പുറ്റിലിടിച്ച് വന്‍തോതില്‍ എണ്ണ ചോര്‍ന്ന സംഭവത്തില്‍ ഇന്ത്യന്‍ പൗരനായ ക്യാപ്റ്റനും ശ്രീലങ്കന്‍ പൗരനായ ഡെപ്യൂട്ടിയും അറസ്റ്റില്‍. ക്യാപ്റ്റന്‍ സുനില്‍ കുമാര്‍ നന്ദേശ്വറിനേയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയെയുമാണ് മൗറീഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തത്. എണ്ണക്കപ്പലിലെ മറ്റുജീവനക്കാരെ ചോദ്യം ചെയ്യുമെന്നും അപകടത്തില്‍ വിശദമായ അന്വേഷണം തുടരുമെന്നും മൗറീഷ്യസ് പോലീസ് അറിയിച്ചു.
അറസ്റ്റ് ചെയ്ത ഇരുവരേയും ഓഗസ്റ്റ് 25ന് കോടതിയില്‍ ഹാജരാക്കും. ജപ്പാന്റെ ഉടമസ്ഥതയിലുള്ള എംവി വകാഷിയോ എന്ന കപ്പല്‍ സിങ്കപ്പൂരില്‍ നിന്ന് ബ്രസീലിലേക്കുള്ള യാത്രയ്ക്കിടെ ജൂലായ് 25നാണ് മൗറീഷ്യന്‍ തീരത്ത് പവിഴപ്പുറ്റിലിടിച്ചത്. നാലായിരം ടണ്‍ ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നത്. ഇത് ചോര്‍ന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് ആറ് മുതല്‍ ആയിരം ടണ്ണിലേറെ എണ്ണയാണ് കടലിലേക്ക് ഒഴുകിയത്.
പിന്നീട് തിരമാലയുടെ ശക്തിയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കപ്പല്‍ രണ്ടായി പിളരുകയും ചെയ്തു. കപ്പലില്‍ നിന്ന് മൂവായിരത്തോളം ടണ്‍ എണ്ണ പമ്പ് ചെയ്ത് മാറ്റിയിരുന്നു. ജപ്പാന്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനായി മൗറീഷ്യസിന് സഹായങ്ങളും നല്‍കിയിരുന്നു.
എന്നാല്‍ കപ്പലിന്റെ സഞ്ചാരപഥം മൗറീഷ്യസ് തീരത്തോട് വളരെ അടുത്ത് എങ്ങനെ വന്നുവെന്ന കാര്യങ്ങള്‍ ഇതുവരെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യങ്ങളിലടക്കം അന്വേഷണം തുടരുന്നു.
അതേസമയം കണ്ടല്‍ക്കാടുകളുടെയും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെയും ആവാസകേന്ദ്രമായ സംരക്ഷിത പ്രദേശത്ത് ടണ്‍ കണക്കിന് ഓയില്‍ പടര്‍ന്നത് വന്‍ പാരിസ്ഥിതിക ദുരന്തത്തിലേക്ക് നയിക്കുമെന്നാണ് ആശങ്ക.
Powered by Info News For You

Comments
Post a Comment