ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് റോഡരികില്‍ കിടന്ന യുവാവിന്റെ ജീവന്‍ രക്ഷിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍
കണ്ണൂര്‍: (www.kvartha.com 28.08.2020) ഇരിട്ടി-ഉളിക്കല്‍ റൂട്ടില്‍ പുതുശേരിയില്‍ ഇരുചക്രവാഹനം റോഡില്‍ തെന്നിവീണതിനെ തുടര്‍ന്നു തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് രക്തം വാര്‍ന്നു കിടക്കുന്ന യുവാവിനെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ രക്ഷപ്പെടുത്തി. കീഴൂര്‍ സ്വദേശി ജെയിംസിനെയാണ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി പി ശ്രീജേഷും ഡ്രൈവര്‍ എം കെ ശ്രീജിത്തും ചേര്‍ന്നു രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ഔദ്യോഗിക ആവശ്യത്തിന് ഉളിക്കലില്‍ പോയി തിരിച്ചുവരുന്നതിനിടയിലാണ് പുതുശേരിയില്‍ റോഡരികില്‍ ഇരുചക്രവാഹനം തെന്നിവീണു രക്തംവാര്‍ന്നു കിടക്കുന്ന യുവാവിനെ കണ്ടത്.
സംഭവം കണ്ട് ഇതുവഴിയുള്ള യാത്രക്കാര്‍ ഇവിടെ കൂടിനിന്നെങ്കിലും ആരും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും ഭയന്നു മാറിനില്‍ക്കുകയായിരുന്നു. അതിനിടയിലാണ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എത്തിയതും ഡിപ്പാര്‍ട്ട്മെന്റ് വാഹനത്തില്‍ ഇയാളെ കയറ്റി ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതും.
ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കുശേഷം യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കൃത്യസമയത്ത് എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പരിക്കേറ്റയാളുടെ കോവിഡ് പരിശോധനാഫലം വരുന്നതുവരെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറും ഡ്രൈവറും സ്വയം നിരീക്ഷണത്തില്‍ പോയി.
Keywords: Kannur, News, Kerala, Road, Accident, Injured, Bike, Hospital, Treatment, Motor vehicle department officer, Rescued, Motor vehicle department officer rescued young man who seriously injured in bike accident
Powered by Info News For You

Comments
Post a Comment