ബ്രഹ്മഗിരി മലയില്‍ ഉരുള്‍പൊട്ടല്‍; തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബാംഗങ്ങളുമുള്‍പ്പെടെ അഞ്ചുപേരെ കാണാതായി
തലക്കാവേരി (കര്‍ണാടക): (https://ift.tt/2Cb0FvO) കനത്ത മഴയില്‍ കുടക് ജില്ലയിലെ തലക്കാവേരിയിലെ ബ്രഹ്മഗിരി മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേരെ കാണാതായി. തലക്കാവേരി ക്ഷേത്രത്തിലെ മുഖ്യപൂജാരിയും കുടുംബാംഗങ്ങളുമുള്‍പ്പെടെ അഞ്ചുപേരെയാണ് കാണാതായത്. രണ്ടുവീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി.
തലക്കാവേരി ക്ഷേത്രത്തിലെ പ്രധാന പൂജാരികളിലെ നാരായണ ആചാര്‍ (75), ഭാര്യ ശാന്താ ആചാര്‍ (70), നാരായണ ആചാറുടെ സഹോദരന്‍ സ്വാമി ആനന്ദ തീര്‍ഥ (78), തലക്കാവേരി ക്ഷേത്രത്തിലെ മറ്റ് രണ്ട് ക്ഷേത്ര പൂജാരികളായ രവി കിരണ്‍ (30), പവന്‍ എന്നിവരെയാണ് കാണാതായത്. ഇതില്‍ രവി കിരണ്‍ ഒരുമാസം മുന്‍പാണ് ക്ഷേത്രത്തില്‍ പൂജാരിയായി എത്തിയത്. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ തലക്കാവേരി ക്ഷേത്രത്തിന്റെ താഴ്വാരത്തായിരുന്നു അപകടം.
മണ്ണിനടിയിലായ രണ്ട് വീടുകളിലൊന്നില്‍ താമസിച്ചിരുന്ന കുടുംബം ഒരുമാസം മുന്‍പ് പുതിയ വീട് നിര്‍മിച്ച് ബാഗമണ്ഡലത്തേക്ക് താമസം മാറിയതിനാല്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു. കുന്നിടിഞ്ഞ് കുത്തിയൊലിച്ച് വന്ന മഴവെള്ളപ്പാച്ചിലില്‍ അപകടം നടന്ന സ്ഥലത്തിന്റെ എട്ട് കിലോമീറ്ററോളം ഭാഗം മണ്ണ് മൂടി കിടക്കുകയാണ്. ദുരന്തനിവാരണ സേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് മണ്ണ് മാന്തിയന്ത്രവും മറ്റും ഉപയോഗിച്ച് വ്യാഴാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ തുടങ്ങിയിരുന്നെങ്കിലും കനത്തമഴയില്‍ തടസ്സപ്പെട്ടു.
ഇതിനിടെ ത്രിവേണി സംഗമത്തില്‍ വെള്ളം ഉയര്‍ന്ന് ബാഗമണ്ഡല ടൗണിലേക്കും എത്തിയതോടെ മണ്ണുമാന്തി യന്ത്രത്തിനും വാഹനങ്ങള്‍ക്കും അപകടസ്ഥലത്തേക്ക് പോകാന്‍ കഴിയാത്തതിനാല്‍ തിരച്ചില്‍ വൈകുന്നേരത്തോടെ നിര്‍ത്തിവെച്ചു. വെള്ളിയാഴ്ച രാവിലെ വീണ്ടും തിരച്ചില്‍ തുടരുകയാണ്. മടിക്കേരി കലക്ടര്‍ ആനീസ് കണ്‍മണി ജോയി, ജില്ലാ പോലീസ് മേധാവി ക്ഷമ മിശ്ര എന്നിവര്‍ സ്ഥലത്തെത്തി.
Powered by Info News For You


Comments
Post a Comment