ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റില്‍നിന്ന് വീണ്ടുമൊരു സ്വവര്‍ഗ വിവാഹ വാര്‍ത്ത; ഡെലീസ കിമ്മിന്‍സും ലോറ ഹാരിസും വിവാഹിതരായി; വിവാഹചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ദമ്പതികള്‍

സിഡ്‌നി: (www.kvartha.com 18.08.2020) ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റില്‍നിന്ന് വീണ്ടുമൊരു സ്വവര്‍ഗ വിവാഹ വാര്‍ത്ത പുറത്തുവരുന്നു. ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരങ്ങളായ ഡെലീസ കിമ്മിന്‍സ് (31), ലോറ ഹാരിസ് (29) എന്നിവരാണ് വിവാഹിതരായത്. ഞായറാഴ്ചയായിരുന്നു ഇരുവരുടേയും വിവാഹം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിവാഹ വാര്‍ത്ത ഇരുവരും പരസ്യമാക്കിയത്. ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. 

'ഈ വിവാഹ ദിനം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനമാക്കിയ എല്ലാവര്‍ക്കും നന്ദി' എന്നാണ് വിവാഹചിത്രം പങ്കുവച്ച് ഡെലീസ കിമ്മിന്‍സ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. വാര്‍ത്തയ്ക്ക് പിന്നാലെ നിരവധി പേരാണ് ദമ്പതികള്‍ക്ക് അഭിനന്ദനവുമായി എത്തിയത്.


2018-19 സീസണില്‍ വനിതാ ബിഗ് ബാഷ് ലീഗ് വിജയത്തിനു പിന്നാലെ ലോറ ഹാരിസാണ് കിമ്മിന്‍സിനോട് പ്രണയാഭ്യര്‍ഥന നടത്തിയത്. കിമ്മിന്‍സ് സ്വാഗതം ചെയ്യുകയും ചെയ്തു. അന്ന് ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സിനായി ഫൈനലില്‍ വിജയ റണ്‍ നേടിയത് ലോറ ഹാരിസായിരുന്നു. വനിതാ ബിഗ് ബാഷ് ലീഗില്‍ തുടര്‍ച്ചയായി മൂന്നു സീസണില്‍ ബ്രിസ്‌ബെയ്ന്‍ ഹീറ്റ്‌സിന്റെ താരമായിരുന്നു ലോറ ഹാരിസ്. 2018-19 സീസണിലെ കലാശപ്പോരില്‍ ഫോറടിച്ച് ടീമിന് കിരീടം സമ്മാനിച്ച് പ്രശസ്തയാവുകയും ചെയ്തു. 2016-17 സീസണില്‍ ക്വീന്‍സ്ലാന്‍ഡ് ജഴ്‌സിയിലായിരുന്നു ലോറയുടെ ബിഗ് ബാഷ് ലീഗ് അരങ്ങേറ്റം.

അതേസമയം, ഓസ്‌ട്രേലിയയുടെ ദേശീയ വനിതാ ടീമില്‍ അംഗമായിരുന്നു ഡെലീസ കിമ്മിന്‍സ്. 16 ഏകദിനങ്ങളില്‍ ഓസീസ് ജഴ്‌സിയണിഞ്ഞു. ഇത്രയും മത്സരങ്ങളില്‍നിന്ന് 79 റണ്‍സും 14 വിക്കറ്റും നേടി. ഏകദിനത്തിനു പുറമെ 42 ട്വന്റി20 മത്സരങ്ങളിലും ഓസീസിനായി കളത്തിലിറങ്ങി. ഇത്രയും മത്സരങ്ങളില്‍നിന്ന് 162 റണ്‍സും 39 വിക്കറ്റുകളുമാണ് സമ്പാദ്യം. രാജ്യാന്തര ക്രിക്കറ്റിലെ രണ്ടാമത്തെ മാത്രം ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച് ശ്രദ്ധേയയായി. ഏറ്റവും ഒടുവില്‍ നടന്ന ട്വന്റി20 ലോകകപ്പില്‍ കിരീടം നേടിയ ഓസീസ് ടീമിലും അംഗമായിരുന്നു.

സ്വവര്‍ഗ വിവാഹത്തിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ പുതുചരിത്രമെഴുതിയ ന്യൂസീലന്‍ഡ് വനിതാ ക്രിക്കറ്റ് ടീം താരങ്ങളായ ആമി സാറ്റര്‍ത് വൈറ്റ്  ലീ തഹൂഹു ദമ്പതികള്‍ക്ക് ഈ വര്‍ഷം ആദ്യം കുഞ്ഞുജനിച്ചത് വാര്‍ത്തയായിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ ഇവരുള്‍പ്പെടെ സ്വവര്‍ഗ വിവാഹിതരായ മൂന്ന് ദമ്പതികളുണ്ട്. ദക്ഷിണാഫ്രിക്കന്‍ വനിതാ ടീം നായിക ഡെയ്ന്‍ വാന്‍ നീകര്‍ക്കും സഹതാരം മാരിസാന്‍ കാപ്പുമാണ് ഇവര്‍ക്കു പിന്നാലെ വിവാഹിതരായത്. അതിനുശേഷം ന്യൂസീലന്‍ഡിന്റെ ഹീലി ജെന്‍സണും ഓസ്‌ട്രേലിയയുടെ നിക്കോളാ ഹാന്‍കോക്കും സ്വവര്‍ഗ വിവാഹത്തിലൂടെ ജീവിതത്തില്‍ ഒന്നിച്ചു.

Keywords: Lifetime off-field Partnership for Delissa Kimmince and Laura Harris, announced marriage via Instagram, Marriage, Australia, News, Sports, Cricket, Women, Instagram, Couple, Photos, World. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?