ചൈനയില്‍ പുതിയ വൈറസ്: വില്ലനായി ചെള്ളുകള്‍, 7 മരണം, 60 പേര്‍ക്ക് രോഗം
ബെയ്ജിങ്: (www.evisionnews.co) കൊറോണ വൈറസിനു പിന്നാലെ ചൈനയില്‍ പുതിയ വൈറസ് ബാധ. ഒരിനം ചെള്ള് കടിക്കുന്നതുമൂലം ഉണ്ടാകുന്ന വൈറസ് ബാധിച്ച് ഏഴു പേര്‍ മരിച്ചതായും 60 പേര്‍ക്ക് രോഗം ബാധിച്ചതായും വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുനിയ വൈറസ് വിഭാഗത്തില്‍പെടുന്ന സിവെര്‍ ഫിവര്‍ വിത്ത് ത്രോംബോസൈറ്റോഫീനിയ സിന്‍ഡ്രോം (എസ്എഫ്ടിഎസ്) എന്ന വൈറസാണിത്. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ 37 പേര്‍ക്കും അന്‍ഹുയി പ്രവിശ്യയില്‍ 23 പേര്‍ക്കുമാണ് വൈറസ് ബാധിച്ചത്.
ജിയാങ്സുവിന്റെ തലസ്ഥാനമായ നാന്‍ജിങ്ങിലെ വാങ് എന്ന സ്ത്രീക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുടെ ആശുപത്രിയില്‍ പ്രവേശിച്ച ഇവര്‍ക്ക് ശരീരത്തിലെ രക്ത പ്ലേറ്റ്ലെറ്റുകളുടെയും ല്യൂകോസൈറ്റിന്റെയും കുറവ് കണ്ടെത്തി. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം വാങ്ങിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
കഴിഞ്ഞ നവംബറില്‍ തായ്വാനില്‍ ആദ്യത്തെ എസ്എഫ്ടിഎസ് കേസ് സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച 70 കാരന് പനിയും ഛര്‍ദ്ദിയും ഉണ്ടായിരുന്നു. അദ്ദേഹം രാജ്യാന്തര യാത്രകളൊന്നും നടത്തിയിരുന്നില്ല. പക്ഷേ പതിവായി കുന്നുകളിലേക്ക് യാത്ര നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന്, മരങ്ങളുള്ള പ്രദേശങ്ങളിലും ചെള്ളുകള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള മറ്റു പ്രദേശങ്ങളിലും ഷോര്‍ട്‌സ് ധരിക്കുന്നത് ഒഴിവാക്കാന്‍ തായ്വാന്‍ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എസ്എഫ്ടിഎസ് വൈറസ് പുതിയ വൈറസ് അല്ലെന്നും 2011 ല്‍ ബുനിയ വൈറസ് വിഭാഗത്തില്‍പെടുന്ന ഇതിന്റെ പതോജെനുകളെ വേര്‍തിരിച്ചതാണെന്നും പറയുന്നു. എന്നാല്‍, ചെള്ളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നതാകാനിടയുള്ള വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത ഒഴിവാക്കാനാവില്ലെന്ന് സെജിയാങ് സര്‍വകലാശാലയുടെ കീഴിലുള്ള ആശുപത്രിയിലെ ഡോക്ടര്‍ ഷെങ് ജിഫാങ് പറഞ്ഞു. രക്തത്തിലൂടെയോ കഫം വഴിയോ വൈറസ് പകരാം. ജാഗ്രത പാലിക്കുന്നിടത്തോളം കാലം പകര്‍ച്ചവ്യാധിയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
Powered by Info News For You

Comments
Post a Comment