ശ്രീരാമജന്മഭൂമിയില്‍ 'രാം ലല്ല' ക്ഷേത്രനിര്‍മാണത്തിനു തുടക്കമായി; ഭൂമിപൂജയ്ക്ക് ശേഷം രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അയോധ്യയില്‍ പ്രധാനമന്ത്രി 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശില പാകി; രാജ്യത്തിന്റെ മുഴുവന്‍ പ്രതിനിധിയെന്ന നിലയില്‍ സര്‍വൈശ്വര്യങ്ങള്‍ക്കും വേണ്ടിയാണ് ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിയ്ക്കുന്നതെന്ന് മോദി
അയോധ്യ: (www.kvartha.com 05.08.2020)
രാമജന്മഭൂമിയില്‍ 'രാം ലല്ല' ക്ഷേത്രനിര്‍മാണത്തിനു തുടക്കമായി. മണിക്കൂറുകളോളം നീണ്ട രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്ര നിര്‍മാണത്തിന് ഔപചാരിക തുടക്കം കുറിച്ചു. ഭൂമിപൂജയ്ക്ക് ശേഷം 40 കിലോ ഗ്രാം തൂക്കമുള്ള വെള്ളിശില സമര്‍പ്പിച്ചാണ് ശിലാന്യാസം നടത്തിയത്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. രാജ്യത്തിന്റെ മുഴുവന്‍ പ്രതിനിധിയെന്ന നിലയില്‍ രാജ്യത്തിന്റെ സര്‍വൈശ്വര്യങ്ങള്‍ക്കും വേണ്ടിയാണ് ഈ ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിയ്ക്കുന്നതെന്ന് മോദി പറഞ്ഞു.
തുടര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കൊണ്ടുവന്ന തിരഞ്ഞെടുത്ത ഒമ്പത് ശിലകള്‍ കൂടി സ്ഥാപിച്ചു. ശിലാസ്ഥാപന ചടങ്ങിന് ശേഷം ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കുന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.
ശിലാസ്ഥാപനത്തിന് ശേഷമുള്ള ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ചടങ്ങില്‍ പ്രധാനമന്ത്രിക്കൊപ്പം ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, രാമജന്മഭൂമി ന്യാസ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസ് എന്നിവരാണ് വേദിയിലുള്ളത്. പ്രധാനമന്ത്രി ചടങ്ങില്‍ അയോധ്യ പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശിലാസ്ഥാപനത്തിന് ശേഷം നടന്ന പ്രസംഗത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വലിയ സന്തോഷത്തിന്റെ ദിനമാണ് ഇതെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രതികരണം.
ഡെല്‍ഹിയില്‍നിന്ന് വിമാന മാര്‍ഗം ലഖ്‌നൗവില്‍ എത്തിയ പ്രധാനമന്ത്രി അയോധ്യയിലെ ഹനുമാന്‍ ഗഢി ക്ഷേത്രത്തില്‍ ആരാധന നടത്തിയതിന് ശേഷമാണ് ഭൂമി പൂജ ചടങ്ങിനെത്തിയത്. ക്ഷേത്ര ഭൂമിയില്‍ പ്രധാനമന്ത്രി പാരിജാത വൃക്ഷത്തിന്റെ തൈ നട്ടതിന് ശേഷമാണ് ഭൂമി പൂജ ചടങ്ങുകള്‍ ആരംഭിച്ചത്. 12.05 മുതല്‍ ഒരുമണിക്കൂര്‍ നീണ്ടുനിന്ന് ചടങ്ങിന് ശേഷമാണ് മോദി വെള്ളി ശില സ്ഥാപിച്ചത്. 135 സന്യാസികള്‍ അടക്കം 185 പേരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്.
അയോധ്യയിലെ സകേത് കോളജ് ഹെലിപ്പാഡില്‍ വന്നിറങ്ങിയ പ്രധാനമന്ത്രിയെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകള്‍ക്ക് നേര്‍സാക്ഷ്യം വഹിച്ചത്. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവര്‍ക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്. ക്ഷണിതാക്കളില്‍ 135 പേര്‍ മതനേതാക്കളാണ്.
റോഡുകളും കെട്ടിടങ്ങളും തെരുവുകളും വീടുകളും സരയൂതീരവും സ്‌നാനഘട്ടുകളും ദീപങ്ങളും വര്‍ണങ്ങളും ചിത്രങ്ങളും പൂക്കളും നിറഞ്ഞ് മനോഹരമായിട്ടുണ്ട്. ചുവരുകളിലെല്ലാം കലാകാരന്മാരുടെ രാമകഥാ ചിത്രീകരണം. റോഡരികിലെ കെട്ടിടങ്ങള്‍ക്കെല്ലാം മംഗളസൂചകമായ മഞ്ഞ നിറം ചാര്‍ത്തിയിട്ടുണ്ട്.
2,000 പുണ്യസ്ഥലങ്ങളില്‍ നിന്ന് മണ്ണും 1500 ഇടങ്ങളില്‍ നിന്ന് വെള്ളവും ഭൂമി പൂജക്കായി എത്തിച്ചിരുന്നു. അയോധ്യയിലെ ശ്രീരാമ വിഗ്രഹമുള്ള താത്ക്കാലിക ക്ഷേത്രത്തിലെത്തി മോദി പൂജ നടത്തി. കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തില്‍ കോവിഡ് പ്രതിരോധമാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടന്നത്.
Keywords: Modi Compares 'Golden Day' to August 15 After Laying First Brick for Ram Temple, Says Janmabhoomi Liberated Today,News,Temple,Inauguration,Prime Minister,Narendra Modi,Video,Religion,National.
Powered by Info News For You

Comments
Post a Comment