വഞ്ചിയൂര്‍ സബ് ട്രഷറി ഓഫീസില്‍നിന്ന് 2 കോടിരൂപ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി ബിജുലാല്‍ പിടിയില്‍; താന്‍ കാശ് മോഷ്ടിച്ചില്ലെന്നും നിരപരാധിയാണെന്നും അഭിഭാഷകന്റെ ഓഫിസില്‍നിന്നും പിടികൂടിയ പ്രതി മാധ്യമങ്ങളോട്
തിരുവനന്തപുരം: (www.kvartha.com 05.08.2020) വഞ്ചിയൂര്‍ സബ് ട്രഷറി ഓഫീസില്‍നിന്ന് രണ്ടു കോടിരൂപ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി ബിജുലാല്‍ പിടിയിലായി. വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസില്‍നിന്നാണ് ബിജുലാല്‍ പിടിയിലാവുന്നത്. താന്‍ കാശ് മോഷ്ടിച്ചില്ലെന്നും നിരപരാധിയാണെന്നും തന്റെ അക്കൗണ്ട് ആരോ ദുരുപയോഗം ചെയ്തതാണെന്നും ബിജുലാല്‍ മാധ്യമങ്ങളോടു പറഞ്ഞു.
മുന്‍കൂര്‍ ജാമ്യാപേക്ഷ 13ന് കോടതി പരിഗണിക്കാനിരിക്കെയാണു ബിജുലാല്‍ കീഴടങ്ങാന്‍ അഭിഭാഷകന്റെ ഓഫീസില്‍ എത്തുന്നതും പൊലീസ് പിടിയിലാവുന്നതും. ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റായിരുന്ന ബിജുലാലിനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ പിഎസ്സിയുടെയും നിയമവകുപ്പിന്റെയും അനുമതി തേടിയിട്ടുണ്ട്. ബിജുലാലാണ് തട്ടിപ്പു നടത്തിയതെന്നു ധനവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തിലാണു നടപടി.
താന്‍ പണം തട്ടിയെടുത്തിട്ടില്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും അറസ്റ്റിലാകുന്നതിനു മുന്‍പു ബിജുലാല്‍ മാധ്യമങ്ങളോടു പറഞ്ഞു. വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍ ഐഡിയും പാസ്വേഡും ഉപയോഗിച്ചിട്ടില്ല. അങ്ങനെ ഉപയോഗിക്കാനും കഴിയില്ല. എങ്ങനെ തട്ടിപ്പു നടന്നുവെന്ന് അറിയില്ല. മറ്റാരെങ്കിലും തട്ടിപ്പു നടത്താനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ചതിക്കാന്‍ വേണ്ടി ആരെങ്കിലും തന്റെ പാസ്വേഡ് ഉപയോഗിച്ചു തട്ടിപ്പു നടത്തിയിരിക്കാം എന്നും ബിജുലാല്‍ പറയുന്നു.
അതേസമയം ഓണ്‍ലൈന്‍ റമ്മി കളിക്കായി പണം ചെലവഴിച്ചിരുന്നതായി ബിജുലാല്‍ വ്യക്തമാക്കി. റമ്മി കളിയിലൂടെ ലാഭമോ നഷ്ടമോ ഉണ്ടായിട്ടില്ല. ഒരു ദിവസം നഷ്ടം വന്നാല്‍ അടുത്ത ദിവസം ലാഭമുണ്ടാകും. റമ്മി കളിയിലൂടെ ലഭിക്കുന്ന ലാഭം ആഡംബരത്തിന് ഉപയോഗിക്കാറില്ലെന്നും ബിജുലാല്‍ പറഞ്ഞു.
ബുധനാഴ്ച രാവിലെയാണു ബിജുലാല്‍തന്നെ വിളിച്ചു കീഴടങ്ങാന്‍ തയാറാണെന്ന് അറിയിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു. നേരിട്ട് വരാന്‍ താന്‍ ആവശ്യപ്പെട്ടു. കാശ് തട്ടിപ്പു നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ പണം ഉപയോഗിച്ച് റമ്മി കളിച്ചിട്ടില്ലെന്നും ബിജുലാല്‍ തന്നോടു പറഞ്ഞു. അപ്പോഴേക്കും മാധ്യമങ്ങള്‍ വന്നു. കുറച്ചു കഴിഞ്ഞു പൊലീസ് വന്നു ബലം പ്രയോഗിച്ച് കൊണ്ടുപോയതായും അഭിഭാഷകന്‍ പറഞ്ഞു.
Keywords: Treasury fraud case accused arrested; I don’t have any role in fraud, my account was misused, says Bijulal,Thiruvananthapuram,News,Trending,Corruption,Arrested,Police,Media,Kerala.
Powered by Info News For You


Comments
Post a Comment