സംസ്ഥാനത്ത് പി എസ് സി പരീക്ഷകള്‍ ഇനി മുതല്‍ 2 ഘട്ടമായി; അവസാനഘട്ടത്തില്‍ മികവുള്ളവര്‍ മാത്രം; മാറ്റിവെച്ച പരീക്ഷകള്‍ സെപ്റ്റംബര്‍ മുതല്‍
തിരുവനന്തപുരം: (www.kvartha.com 18.08.2020) സംസ്ഥാനത്ത് പി എസ് സി പരീക്ഷയുടെ രീതി മാറുന്നു. ഇനി മുതല്‍ രണ്ട് ഘട്ടമായിട്ടായിരിക്കും പരീക്ഷകള്‍ നടത്തുകയെന്ന് ചെയര്‍മാന്‍ എം കെ സക്കീര്‍. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ എഴുതുന്ന ആദ്യ പരീക്ഷ സ്‌ക്രീനിംഗ് ടെസ്റ്റായി കണക്കാക്കും.
സ്‌ക്രീനിംഗ് ടെസ്റ്റില്‍ നിന്ന് മെറിറ്റുള്ളവരെ കണ്ടുപിടിച്ച് പ്രിലിമിനറി ലിസ്റ്റ് തയ്യാറാക്കും. അവരെ ആയിരിക്കും അവസാന പരീക്ഷക്കായി തിരഞ്ഞെടുക്കുക. അവസാന പരീക്ഷയിലെ മാര്‍ക്കായിരിക്കും നിയമനത്തിന് സ്വീകരിക്കുന്നതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
പത്താംക്ലാസ്, പ്ലസ്ടു, ബിരുദ യോഗ്യതകളുള്ള തസ്തികള്‍ക്ക് വെവ്വേറെ പരീക്ഷകളായിരിക്കും നടത്തുക. സ്‌ക്രീനിംഗ് പരീക്ഷയിലെ മാര്‍ക്ക് അന്തിമഫലത്തെ ബാധിക്കില്ല. മികവുള്ളവര്‍ മാത്രമേ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയുള്ളൂ. മെയിന്‍ പരീക്ഷയ്ക്ക് തസ്തികയ്ക്ക് അനുസൃതമായ ചോദ്യങ്ങളാവും ഉണ്ടാകുക.
പുതിയതായി അപേക്ഷ ക്ഷണിച്ച തസ്തികകളിലേക്കുള്ള പരീക്ഷകള്‍ ഡിസംബര്‍ മുതല്‍ ആരംഭിക്കും. ഗൗരവത്തോടെ പി എസ് സി പരീക്ഷയെ സമീപിക്കുന്നവരെ കണ്ടെത്താനാണ് ഈ നീക്കം. അന്തിമ പരീക്ഷ കഴിഞ്ഞ ഉടന്‍ ഫലം പ്രഖ്യാപിക്കാനും സാധിക്കും. ഡിസംബര്‍ മുതല്‍ പുതിയ രീതി നടപ്പാക്കും.
അതിനിടെ കോവിഡ് കാരണം നീട്ടിവച്ച പരീക്ഷകളെല്ലാം പുനരാരംഭിച്ച് കഴിഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ഈ പരീക്ഷകള്‍ നടത്തുക. കോവിഡ് കാലഘട്ടത്തിലേക്ക് മാത്രമായി ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ നടത്തുമെന്നും കെ എ എസ് പ്രാഥമിക പരീക്ഷഫലം ആഗസ്റ്റ് 26ന് പ്രഖ്യാപിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. നേരത്തെ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവകാശപ്പെട്ട നിയമനം ഇതുവരെ നല്‍കിയിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.
Keywords: PSC exam pattern to change: Chairman, Education, News, Thiruvananthapuram, Trending, Covid-19, Examination, Chairman, Result, Kerala.
Powered by Info News For You

Comments
Post a Comment