കരിപ്പൂര്‍ വിമാന ദുരന്തം: മരണം 19 ആയി, പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ ചികിത്സയില്‍
കോഴിക്കോട്: (www.kvartha.com 08.08.2020) കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ മരിച്ചവരുടെ എണ്ണം 19 ആയി. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരു ഗര്‍ഭിണിയടക്കം അഞ്ചുപേര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ രണ്ട് കുട്ടികളും ഗുരുതരാവസ്ഥയിലുണ്ട്.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ സംഭവം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശത്തു കുടുങ്ങിയവരെ നാട്ടിലെത്തിക്കാനായുളള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബൈയില്‍നിന്ന് 184 യാത്രക്കാരെയുമായി പറന്നിറങ്ങിയ 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പെട്ടത്. റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം ഒരു മതിലിലിടിക്കുകയും തുടര്‍ന്ന് ചെരിഞ്ഞ് ഒരു ഭാഗത്തേക്ക് വീഴുകയും രണ്ട് ഭാഗങ്ങളായി മുറിഞ്ഞു മാറുകയും ചെയ്തതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
കനത്ത മഴ മൂലം രണ്ട് കിലോമീറ്റര്‍ ദൂരെ വെച്ച് പൈലറ്റിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാത്രി 11.30 ഓടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. 123 പേരാണ് ചികിത്സയിലുള്ളത്. ചിലരുടെ നില ഗുരതരമാണ്.
എയര്‍പോര്‍ട്ടില്‍ കണ്‍ട്രോള്‍ റൂം തുറന്നു. അന്വേഷണങ്ങള്‍ക്ക് 04832719493 എന്ന നമ്പറുമായി ബന്ധപ്പെടാം.
മരിച്ചവരുടെ പേരുവിവരങ്ങള്‍:
1. ജാനകി, 54, ബാലുശ്ശേരി, 2. അഫ്‌സല്‍ മുഹമ്മദ്, 10 വയസ്, 3. സാഹിറ ബാനു, കോഴിക്കോട് സ്വദേശി, 4. സാഹിറയുടെ ഒന്നരവയസ്സുള്ള കുഞ്ഞ് അസം മുഹമ്മദ്, കോഴിക്കോട് സ്വദേശി, 5. സുധീര്‍ വാര്യത്ത് (45), വളാഞ്ചേരി കുളമംഗലം സ്വദേശി, 6. ഷഹീര്‍ സെയ്ദ്, 38 വയസ്സ്, തിരൂര്‍ സ്വദേശി, 7. മുഹമ്മദ് റിയാസ്, (23), പാലക്കാട്, 8. രാജീവന്‍, കോഴിക്കോട്, 9. ഷറഫുദ്ദീന്‍, കോഴിക്കോട് സ്വദേശി, 10. ശാന്ത, (59), തിരൂര്‍ നിറമരുതൂര്‍ സ്വദേശി, 11. കെ വി ലൈലാബി, എടപ്പാള്‍, 12. മനാല്‍ അഹമ്മദ് (മലപ്പുറം), 13. ഷെസ ഫാത്തിമ (2 വയസ്), 14. ദീപക്, 15. പൈലറ്റ് ഡി വി സാഥേ, 16. കോ പൈലറ്റ് അഖിലേഷ് കുമാര്‍. മറ്റ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ട്.
Keywords: Kozhikode, News, Kerala, Airport, Flight, Death, Pilot, Injured, Karipur airport, Treatment, Hospital, Karipur airport air crash: 19 dead including both Pilots
Powered by Info News For You

Comments
Post a Comment