ശിവശങ്കര്‍ സസ്‌പെന്‍സായി തുടരുന്നു; പ്രതികരിക്കാനാവാതെ പ്രതിപക്ഷം, സര്‍ക്കാരിനും സി പി എമ്മിനും തല്‍ക്കാല ആശ്വാസം

തിരുവനന്തപുരം: (www.kvartha.com 30.07.2020) മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ സ്വര്‍ണക്കടത്ത് കേസില്‍ രണ്ട് തവണ ചോദ്യം ചെയ്ത ശേഷം എന്‍ ഐ എ വിട്ടയച്ചിട്ട് രണ്ട് ദിവസമാകുമ്പോഴും പ്രതിപക്ഷത്തിന് പഴയ ആവേശമില്ല. ശബരിമല വിമാനത്താവളത്തിന്റെ സാധ്യതാ പഠനത്തിനായി കണ്‍സള്‍ട്ടണ്‍സിയെ നിയമിച്ചതില്‍ അഴിമതിയുണ്ടെന്ന കാര്യമാണ് ഇന്നലെ പ്രതിപക്ഷം ഉന്നയിച്ചത്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ബി ജെ പിയും സി പി എമ്മും ശ്രമിക്കുന്നെന്ന പതിവ് പല്ലവി കെ പി സി സി പ്രസിഡന്റ് വാര്‍ത്താ കുറിപ്പിലൂടെ ആവര്‍ത്തിച്ചതല്ലാതെ മറ്റ് നേതാക്കളാരും യാതൊരുതരത്തിലുള്ള പ്രതിരണവും നടത്തിയില്ല
.
CPM

 20 മണിക്കൂറിലേറെ ചോദ്യം ചെയ്തിട്ടും തെളിവുകള്‍ കിട്ടാത്തതിനാല്‍ ആരോപണങ്ങള്‍ ഉന്നയിച്ച് വെട്ടിലാകാതിരിക്കാനാണ് നേതാക്കള്‍ ശ്രദ്ധിച്ചത്. ഏറ്റവും അവസാനം റാന്നിയില്‍ വനംവകുപ്പ് ജീവനക്കാര്‍ കസ്റ്റഡിയിലെടുത്ത മത്തായി എന്നയാളെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വലിയ പ്രതിഷേധം നടത്താനുള്ള ഒരുക്കത്തിലാണ് യു ഡി എഫ്. പ്രതിപക്ഷനേതാവും ആന്റോ ആന്റണി എം പിയും വരെ ഇതിനായി രംഗത്തുണ്ട്.

ശിവശങ്കറിനെ ഒഴിവാക്കിയിട്ടില്ലെന്നും വേണ്ടിവന്നാല്‍ ഇനിയും വിളിച്ചുവരുത്തുമെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. ബി ജെ പി ഈ വിഷയത്തില്‍ ശക്തമായ നിലപാട് തുടരുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. സംഘപരിവാര്‍ ബന്ധമുള്ള ഹരിരാജിനെ എന്‍ ഐ എ വ്യാഴാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ബി ജെ പിക്ക് തിരിച്ചടിയായി. വിമാനത്താവളത്തില്‍ കസ്റ്റംസ് കാര്‍ഗോ തടഞ്ഞുവെച്ചപ്പോള്‍ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹരിരാജ് വിളിച്ചിരുന്നു. കാര്‍ഗോ ക്ലിയറന്‍സ് ഏജന്‍സ് നേതാവാണ് ഹരിരാജ്. കേസില്‍ ആദ്യം ഇടപെട്ടത് ഇയാളായിരുന്നു. തുടര്‍ന്ന് കസ്റ്റംസും എന്‍ ഐ എയും ഇയാളെ ചോദ്യം ചെയ്തിരുന്നു. പിന്നാലെ നയതന്ത്രബാഗിലൂടെയല്ല സ്വര്‍ണം കടത്തിയതെന്നും നയതന്ത്ര ബാഗെന്ന വ്യാജേനയാണെന്നും വി മുരളീധരന്‍ പ്രതികരിച്ചിരുന്നു.

സ്വര്‍ണക്കടത്ത് കേസും ശിവശങ്കറിന് പ്രതികളുമായുള്ള ബന്ധവും സര്‍ക്കാരിനെയും സി പി എമ്മിനെയും ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ആദ്യം തിരുവനന്തപുരത്ത് പൊലീസ് ക്ലബിലും പിന്നീട് കൊച്ചിയിലെ എന്‍ ഐ എ ആസ്ഥാനത്തും മാരത്തണ്‍ ചോദ്യം ചെയ്യല്‍ നടത്തിയപ്പോള്‍ എന്ത് സംഭവിക്കുമെന്ന കാര്യം സി പി എമ്മിനെയും സര്‍ക്കാരിനെയും ആശങ്കപ്പെടുത്തിയിരുന്നു. പ്രതിപക്ഷമാകട്ടെ രാഷ്ട്രീയ നീക്കങ്ങള്‍ക്കായി ഉറ്റുനോക്കുകയായിരുന്നു. ഇരുകൂട്ടര്‍ക്കും പ്രതീക്ഷയില്ലാത്ത രീതിയിലാണ് കാര്യങ്ങള്‍ കലാശിച്ചത്. ശിവശങ്കറിനെ വിട്ടയച്ചപ്പോള്‍ എന്‍ ഐ എ വീണ്ടും ഹാജരാകാനുള്ള നോട്ടീസ് നല്‍കിയില്ല. അതിനര്‍ത്ഥം ഇനിയും വിളിപ്പിക്കില്ലെന്നല്ല. എന്തായാലും തല്‍ക്കാലത്തേക്ക് വെടിയും പുകയും അടങ്ങിയതിന്റെ ആശ്വാസം സര്‍ക്കാരിനും സി പി എമ്മിനും ഉണ്ട്.

ശിവശങ്കറിനെ അറസ്റ്റ് ചെയ്താല്‍ അത് അദ്ദേത്തിന്റെ വ്യക്തിപരമായ വീഴ്ചയാണെന്ന നിലപാട് സ്വീകരിക്കാനാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നത്. ശിവശങ്കറിനപ്പുറം അന്വേഷണം നീങ്ങില്ലെന്ന് മുഖ്യമന്ത്രി സെക്രട്ടറിയേറ്റിനെ അറിയിച്ചിരുന്നു. ഇതെല്ലാം വിലയിരുത്തിയാണ് കേസില്‍ പാര്‍ട്ടി ആര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി വ്യക്തമാക്കിയത്. ശിവശങ്കറിന് ക്ലീന്‍ ചീറ്റ് ലഭിക്കാതെ സി പി എമ്മോ, സര്‍ക്കാരോ യാതൊരു തരത്തിലുമുള്ള പ്രതികരണത്തിനും മുതിരില്ല. മറിച്ചാണെങ്കില്‍ കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന നിലപാട് ആദ്യമേ എടുത്തതാണെന്ന് ആവര്‍ത്തിക്കും.

Keywords: NIA didn't give clean chit yet to Sivasankar; opposition doesn't react, CPM and government get an interim relief, Sivasankar, NIA, CPM, KPCC, Ranni, Forest Officials, Opposition Leader, BJP, V.muraleedaran, Harirajan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?