സ്വര്‍ണക്കള്ളക്കടത്ത് മന്ത്രി കെ ടി ജലീലിലേക്ക് എത്തിക്കാന്‍ സംസ്ഥാന ബി ജെ പി; ചില മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സ്വപ്നയുമായി അസാധാരണ ബന്ധമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം:(www.kvartha.com 15.07.2020)  സ്വര്‍ണക്കള്ളക്കടത്ത് കേസിന്റെ മറവില്‍ ബി.ജെ.പി അവരുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ശ്രമം ആരംഭിച്ചു. അതിന്റെ ആദ്യപടിയെന്നോണം മന്ത്രി കെ.ടി ജലീലിന് കള്ളക്കടത്തുകാരുമായും തീവ്രവാദ സംഘടനകളുമായും ബന്ധമുണ്ടെന്ന ധ്വനിയുമായി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രംഗത്തെത്തി. എല്ലാ വിഷയത്തിലും വര്‍ഗ്ഗീയ ദ്രുവീകരണം നടത്താനുള്ള ബി.ജെ.പിയുടെ പതിവ് തന്ത്രമാണിതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. സ്വപ്‌നാ സുരേഷും സംഘവും സ്വര്‍ണം കടത്തിയത് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാനാണെന്ന് എന്‍.ഐ.എ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയുള്ളവരുമായി മന്ത്രി കെ.ടി ജലീലിനുള്ള ബന്ധത്തില്‍ സംശയം തോന്നുന്നത് സ്വാഭാവികമാണ്. സിമി പ്രവര്‍ത്തകനായിരുന്ന കെ.ടി ജലീലിനെ കുറിച്ച് ആര്‍ക്കും സംശയം ഉണ്ടാകുമെന്നും സുരേന്ദ്രന്‍ പറയുന്നു.

K.Surendran


മന്ത്രിയെ സ്വപ്‌ന വിളിക്കുന്നത് മെയിലാണ്. ആ സമയത്ത് ലോക്ഡൗണ്‍ കഴിഞ്ഞിരുന്നു. സംസ്ഥാനത്തെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചിരുന്നു. ആ സ്ഥിതിക്ക് കിറ്റുകള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് സംസാരിക്കാനാണ് സ്വപ്‌ന വിളിച്ചതെന്ന് മന്ത്രി പറയുന്നത് ന്യായീകരണമാണെന്നും ബി.ജെ.പി സംസ്ഥന അധ്യക്ഷന്‍ ആരോപിക്കുന്നു. മന്ത്രിയെ സ്വപ്‌ന വിളിച്ചെന്ന ഫോണ്‍ രേഖകള്‍ പുറത്ത് വന്നയുടനെ വിശദീകരണവുമായി അദ്ദേഹം മാധ്യമങ്ങളെ കണ്ടിരുന്നു. യു.എ.ഇ കോണ്‍സുലേറ്റ് എല്ലാവര്‍ഷവും തിരുവനന്തപുരം ജില്ലയുടെ തീരദേശമേഖലകളില്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെന്നും അതിന്റെ ഭാഗമായാണ് തന്നെ വിളിച്ചതെന്നും കണ്‍സ്യൂമര്‍ഫെഡ് വഴി സാധനങ്ങള്‍ വാങ്ങാനുള്ള സംവിധാനം ഒരുക്കിക്കൊടുത്തെന്നും മന്ത്രി വിശദീകരിച്ചിരുന്നു. റമസാന്‍ റിലീഫിനെ ലോക്ഡൗണ്‍ റിലീഫാക്കി വളച്ചൊടിച്ചാണ് കെ.ടി ജലീലിനെതിരെ കെ.സുരേന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമായതായി എല്‍.ഡി.എഫ് നേതാക്കള്‍ പറയുന്നു.

മന്ത്രി കെ.ടി ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് വിവാദനിയമന കേസിലടക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. ഇത്തവണ അത് നടപ്പാകില്ലെന്നും ജലീല്‍ അടക്കമുള്ള പല മന്ത്രിമാര്‍ക്കും സ്വപ്‌നയുമായി അടുത്തബന്ധമാണുള്ളതെന്നും സുരേന്ദ്രന്‍ പറയുന്നു. ഇത് സംബന്ധിച്ച വസ്തുതകളോ തെളിവുകളോ അദ്ദേഹം പുറത്ത് വിടാനും തയ്യാറായില്ല. മാധ്യമവാര്‍ത്തകളെ ഉദ്ദരിച്ചായിരുന്നു പ്രതികരണം എന്നതും ശ്രദ്ധേയമാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ എട്ട് മണിക്കൂറിലധികം കസ്റ്റംസ് ചോദ്യം ചെയ്തിട്ടും മുഖ്യമന്ത്രി നടപടിയെടുക്കാത്തത് അപഹാസ്യമാണെന്നും അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുമെന്നും സുരേന്ദ്രന്‍ പറയുന്നു.

Keywords: BJP, K.Surendran, K.T Jaleel, Pinaryi Vijayan, NIA, Swapna Suresh, UAE Consulte, Sivashnkar, Ramzan relief, LDF, BJP 's target Minister KT Jaleel in gold smuggling case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?