മിന്നല്‍ ലോക്ഡൗണില്‍ വലഞ്ഞ് തലസ്ഥാനവാസികള്‍

തിരുവവനന്തപുരം: (www.kvartha.com 06.07.2020)  ഞായറാഴ്ച രാത്രി ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് തലസ്ഥാന നഗരവാസികളെ വലച്ചു. യാതൊരു മുന്നൊരുക്കവും കൂടാതെ, മിന്നല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ഹോട്ടല്‍ ഭക്ഷണം ആശ്രയിച്ച് കഴിയുന്നവരെ അടക്കം ബാധിച്ചു. അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് തലസ്ഥാനത്തിന്റെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ഹോട്ടലുകളെ ആശ്രയിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച മുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി ഉറപ്പുനല്‍കി. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസും നിരവധി കേന്ദ്ര, സ്വകാര്യ ഓഫീസുകളും തലസ്ഥാനത്തുണ്ട്. മറ്റ് ജില്ലകളില്‍ നിന്നുള്‍പ്പെടെ നിരവധി പേരാണ് നഗരത്തില്‍ വന്ന് താമസിക്കുന്നത്. അവര്‍ക്കൊക്കെ വീട്ടിലേക്ക് പോകാനോ, ഭക്ഷണത്തിനോ ഉള്ള സംവിധാനം ഇതുവരെ ഒരുക്കിയിട്ടില്ല.

Triple lockdown

സമ്പര്‍ക്കവ്യാപനം കൂടുതലായതിനാലാണ് പെട്ടെന്ന് ട്രിപ്പിള്‍ ലോക്ഡൗണിലേക്ക് കടന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. എന്ത് അത്യാവശ്യങ്ങള്‍ക്കും പൊലീസിനെ വിളിക്കാവുന്നതാണ്. അതിനുള്ള നമ്പരുകള്‍ സമൂഹമാധ്യമങ്ങളിലൂടെയും പത്ര-ദൃശ്യമാധ്യമങ്ങളിലൂടെയും പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. പൊലീസ് ആസ്ഥാനം മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്ന ഏക സര്‍ക്കാര്‍ സ്ഥാപനം. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഔദ്യോഗിക വസതിയിലിരുന്നാണ് ജോലി ചെയ്യുന്നത്.

എയര്‍പോര്‍ട്ട്, വിമാന സര്‍വീസുകള്‍, ട്രെയിന്‍ യാത്രക്കാര്‍ എന്നിവയുമായി ബന്ധപ്പെട്ട് ഈ സ്ഥാപനങ്ങളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ആവശ്യമായ ടാക്‌സി, എ ടി എം ഉള്‍പ്പെടെയുള്ള അത്യാവശ്യ ബാങ്കിങ് സേവനങ്ങള്‍, ഡേറ്റ സെന്റര്‍ ഓപ്പറേറ്റര്‍മാരും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, മൊബൈല്‍ സര്‍വ്വീസ് സേവനവുമായി ബന്ധപ്പെട്ട അത്യാവശ്യ ജീവനക്കാര്‍, ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും, ചരക്കുവാഹനങ്ങളുടെ യാത്ര, അത്യാവശ്യ പലചരക്കുകടകളുടെ പ്രവര്‍ത്തനം, വളരെ അത്യാവശ്യമുളള മാധ്യമപ്രവര്‍ത്തകരുടെ സേവനം, പെട്രോള്‍ പമ്പ്, എല്‍ പി ജി ഗ്യാസ് സ്ഥാപനങ്ങള്‍, ജല വിതരണം, വൈദ്യുതി, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ ട്രിപ്പിള്‍ ലോക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തീരദേശമേഖലയായ പൂന്തുറയില്‍ പത്തിലധികം സമ്പര്‍ക്ക കേസുകള്‍ ഉണ്ടായതോടെയാണ് നഗരം മുഴുവന്‍ ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനം എടുത്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പൂന്തുറ ഭാഗം മാത്രം ലോക്ഡൗണ്‍ ചെയ്താല്‍ തീരുന്ന പ്രശ്‌നമല്ലെന്നും മന്ത്രി പറഞ്ഞു. ചെമ്പഴന്തിയില്‍ ഒരു നഴ്‌സിന് രോഗം സ്ഥിരീകരിച്ചിരുന്നു. അവര്‍ കൊവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്നില്ല. അതിനാല്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടതെന്ന് വ്യക്തമായി. ഇതുപോലെ ഉറവിടമറിയാത്ത നിരവധി കേസുകള്‍ നഗരത്തിലുണ്ട്. അത് തിരിച്ചറിയുന്നതിനാണ് പെട്ടെന്ന് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ജനങ്ങള്‍ സഹകരിക്കണം. 40 ശതമാനം പേര്‍ക്കും കാര്യങ്ങളെ കുറിച്ച് ധാരണയുണ്ട്. മറ്റുചിലര്‍ തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന മട്ടിലാണ് ഇപ്പോഴും ജീവിക്കുന്നത്. അത് വലിയ അപകടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

2011ലെ സെന്‍സസ് അനുസരിച്ച് 10 ലക്ഷം പേരാണ് തലസ്ഥാന നഗരത്തിലുണ്ടത്. ഇപ്പോഴതിന്റെ ഇരട്ടിയിലേറെ വരും. അവര്‍ക്കെല്ലാം അവശ്യസാധനങ്ങളും മറ്റും എത്തിക്കുക പൊലീസിനെ കൊണ്ട് മാത്രം സാധിക്കുന്ന കാര്യമല്ല. കൊവിഡ് വോളന്റിയര്‍മാരെ നഗരസഭ ഉള്‍പ്പെടെ നിയമിച്ചിട്ടുണ്ടെങ്കിലും അവര്‍ക്ക് പുറത്തിറങ്ങാന്‍ തല്‍ക്കാലം അനുമതിയില്ല. ഓണ്‍ലൈന്‍ ഡെലിവറി ബോയിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആ സംവിധാനവും ഒഴിവാക്കി. സ്വകാര്യ ഹോസ്റ്റലുകള്‍, ലോഡ്ജുകള്‍, വാടക വീടുകള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ നഗരപരിധിയില്‍ താമസിക്കുന്നുണ്ട്. ആശുപത്രികളുയെയും ചില സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കാന്റീന്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവിടെ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. അതിനാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ചിലരെയൊക്കെ ഒരു ദിവസം പട്ടിണിയിലാക്കും.


Keywords: Triple Lockdown, Trivandrum, COVID, Poonthura, Police headquarters, Chief Minister, Ministers, Food delivery, Hostel, Hotel, No pre-planning for triple lockdown in State capital.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?