സ്വപ്‌നാ സുരേഷിന്റെ ശബ്ദരേഖ ആരെയെങ്കിലും രക്ഷിക്കാനോ, യഥാര്‍ത്ഥ പ്രതികളെ വലയിലാക്കാനോ?

തിരുവനന്തപുരം: (www.kvartha.com 10.07.2020) സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും യു എ ഇ കോണ്‍സുലേറ്റിന്റെ പേരില്‍ ബാഗയച്ചത് ആരാണെന്ന് അന്വേഷിക്കണമെന്നും കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സ്വപ്‌നാ സുരേഷ് ശബ്ദസന്ദേശത്തിലൂടെ പ്രതികരിച്ചതോടെ അണിയറയില്‍ എന്താണ് നടന്നതെന്ന് ഒരെത്തുംപിടിയും ഇല്ലാത്ത അവസ്ഥയിലായി. കസ്റ്റംസ് അന്വേഷണത്തിന് പുറമേ രാഷ്ട്രീയപുകമറ കൂടി ഈ കേസിന് വന്നതോടെയാണ് സ്വപ്‌ന പ്രതികരണവുമായി എത്തിയതെന്ന് പ്രതിപക്ഷം പറയുന്നു. സ്വപ്‌ന പറഞ്ഞതില്‍ ഒരുകാര്യം വളരെ പ്രധാനപ്പെട്ടതാണ്, കാര്‍ഗോ ആരയച്ചു? അത് അന്വേഷിക്കണ്ടേ? അത് തെളിഞ്ഞാല്‍ പിന്നെ എല്ലാം പകല്‍ പോലെ വ്യക്തമാകും. യു എ ഇ ഗവണ്‍മെന്റിന് കളങ്കം ഉണ്ടാക്കിയ സംഭവം ആയതിനാല്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ അവരും സഹായിക്കും. ആ വഴിക്ക് അന്വേഷണം നീളുമെന്ന് പ്രതീക്ഷിക്കാം.

Swapna Suresh

തന്നെ കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നാണ് സ്വപ്‌നയുടെ വാദം. അവിടെയുള്ളവരുമായി അടുത്തബന്ധം ഉണ്ടെന്നും സമ്മതിക്കുന്നു. അതോടൊപ്പം സംസ്ഥാന സര്‍ക്കാരിനെ അകമഴിഞ്ഞ രീതിയില്‍ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. അത് ഏതെങ്കിലും ഉദ്യോഗസ്ഥരുമായോ, ഭരണകര്‍ത്താക്കളുമായോ, ഭരണകക്ഷിനേതാക്കളുമായോ ഉള്ള അടുപ്പം കൊണ്ടാണോ എന്ന് അറിയില്ല. എന്റെ കുടുംബത്തെ നശിപ്പിച്ചാലും മന്ത്രിസഭയെ നശിപ്പിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് ശബ്ദരേഖ അവസാനിക്കുന്നത്. സര്‍ക്കാരിലെ ഒരു കരാര്‍ ജീവനക്കാരിക്ക് ഇത്രയും ആത്മാര്‍ത്ഥതയും വിശ്വാസവും കൈവന്നത് എങ്ങനെയാണെന്ന് പ്രതിപക്ഷം ചോദിച്ചാല്‍ അവരെ കുറ്റംപറയാനൊക്കില്ല. സര്‍ക്കാരിനെ രാഷ്ട്രീയമായും ഭരണപരമായും പ്രതിരോധിക്കുന്ന നിലപാടാണ് സ്വപ്‌ന സ്വീകരിച്ചിരിക്കുന്നത്. ഇത് സര്‍ക്കാരിന് വലിയ ദോഷം ചെയ്യും എന്നതില്‍ സംശയമില്ലെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.

കള്ളക്കടത്ത് കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഒരാള്‍ക്ക് തന്റെ മകളെ കുറിച്ച് ആശങ്കപ്പെടാം. മകളെ എസ് എഫ് ഐ പ്രവര്‍ത്തകയാക്കി ചിത്രീകരിക്കാനുള്ള നീക്കം നടക്കുന്നെന്നും സ്വപ്‌ന പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ പ്രതികള്‍ക്ക് പിന്നാലെ പോകാതെ തെരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ആശങ്കപ്പെടുന്നതിന്റെ ചേതോവികാരം എന്താണ്? ഒളിവില്‍ കഴിയുന്ന സ്വപ്നയെ പിടികൂടാന്‍ കസ്റ്റംസിന് വ്യാഴാഴ്ച വൈകുന്നേരം വരെ കഴിഞ്ഞിട്ടില്ല. സംസ്ഥാന പൊലീസിന്റെ സഹായം കസ്റ്റംസ് തേടിയിട്ടുമില്ല. അപ്പോള്‍ ഏതോ സങ്കേതത്തിലിരുന്ന്, ആര്‍ക്കോ വേണ്ടി അവര്‍ പറയുന്നത് അത് പോലെ ഏറ്റു പാടുകയല്ലേ സ്വപ്‌ന ചെയ്തത് എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍ അരിയാഹാരം കഴിക്കുന്ന ആരും അവരെ കുറ്റംപറയില്ല.

ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച വ്യാജരേഖ കേസിലെ പ്രതിയാണ് സ്വപ്‌ന. അതുകൊണ്ട് സ്വപ്‌ന പറയുന്നത് അതുപോലെ അങ്ങ് വിഴുങ്ങാന്‍ മലയാളികള്‍ ഉട്ട്യോപ്യയിലല്ലല്ലോ ജീവിക്കുന്നത്. അതുകൊണ്ട് എവിടെയൊക്കെയോ എന്തോ ചീഞ്ഞുനാറുന്നുണ്ട്. അത് മറച്ചുവയ്ക്കാനുള്ള നീക്കം പലകോണുകളില്‍ നിന്നും ഉണ്ടാകുന്നുണ്ട്. അത് കേന്ദ്രത്തിലായാലും കേരളത്തിലായാലും അത്രനല്ലതല്ല. കേസുകള്‍ തേഞ്ഞുമാഞ്ഞ് പോയേക്കാം, അല്ലെങ്കില്‍ മായ്ച്ച് കളയാം. പക്ഷെ, ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പറ്റൂല. ബാഗ് ആരയച്ചു? ആര്‍ക്കയച്ചു ഈ രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടിയാല്‍ വിവാദങ്ങളും പുകമറകളും അവസാനിക്കും.


Keywords: Swapna Suresh, LDF government, Customs, Smuggling, UAE Consulate, IT Department, Voice clip, Election, Daughter, Crime branch,  Is Swapna Suresh's voice clip is to save someone?.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?