സെക്രട്ടറിയേറ്റിന് സമീപം ശിവശങ്കറിനും സ്വപ്‌നാസുരേഷിന്റെ ഭര്‍ത്താവിനും ഫ്‌ളാറ്റ്; കസ്റ്റംസ് രേഖകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: (www.kvartha.com 14.07.2020) മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ ഐ.എ.എസിനും സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷിന്റെ ഭര്‍ത്താവിനും സെക്രട്ടറിയേറ്റിനടുത്തുള്ള അപ്പാര്‍ട്ട്മന്റില്‍ ഫ്‌ളാറ്റുകള്‍. ഇത് സംബന്ധിച്ച രേഖകള്‍ കസ്റ്റംസ് പിടിച്ചെടുത്തു. രണ്ട് പേരും വാടകയ്ക്കാണ് ഫ്‌ളാറ്റുകള്‍ എടുത്തിരുന്നതെന്ന് ഉടമകള്‍ പറഞ്ഞു. ശിവശങ്കറിന്റെ ഫ്‌ളാറ്റിന്റെ വാടക സര്‍ക്കാരാണ് നല്‍കിയിരുന്നതെന്ന് കെയര്‍ടേക്കര്‍ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഏതാണ്ട് 17,000 രൂപയോളമാണ് വാടക. സ്വപ്‌ന ഒഴിവില്‍ പോകുന്നതിന് ഏതാനും ദിവസം മുമ്പ് വരെ ഭര്‍ത്താവ് ജയശങ്കര്‍ ഫ്‌ളാറ്റിലുണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു.

സെക്രട്ടറിയേറ്റില്‍ നിന്ന് രാത്രി വൈകി ജോലി കഴിഞ്ഞെത്തുമ്പോള്‍ വിശ്രമിക്കാനാണെന്ന് പറഞ്ഞാണ് ശിവശങ്കര്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതെന്ന് ഉടമ പറഞ്ഞു. ഇതേ അപ്പാര്‍ട്ട്‌മെന്റില്‍ സ്വപ്‌നയുടെ ഭര്‍ത്താവും ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതില്‍ വലിയ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു. ശിവശങ്കറിന് സ്വപ്‌നയുമായി ബന്ധം ഉണ്ടായിരുന്നത് കൊണ്ടാണ് പുറത്താക്കിയതെന്ന് പറയുന്ന മുഖ്യമന്ത്രി ' എന്തോ?' ബന്ധം മാത്രമാണോ ഉള്ളതെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടു. എന്‍.ഐ.എയുടെ നിര്‍ദ്ദേശപ്രകാരമാണ് കസ്റ്റംസ് ഈ ഫ്‌ളാറ്റില്‍ പരിശോധന നടത്തിയത്. കൊച്ചിയില്‍ നിന്ന് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്ക് റോഡുമാര്‍ഗം തിരുവനന്തപുരത്ത് എത്താന്‍ താമസം ഉള്ളത് കൊണ്ടാണ് കസ്റ്റംസിന് ചുമതല നല്‍കിയത്.



ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണം കടത്തിയെന്ന് കരുതുന്ന ക്യാരി ബാഗുകള്‍ പിടിച്ചെടുത്തെന്നാണ് കസ്റ്റംസ് പറയുന്നത്. കേസിലെ ഒന്നാംപ്രതി സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പ്രതികള്‍ ഈ ഫ്‌ളാറ്റില്‍ പലപ്പോഴും ഒത്തുചേരാറുണ്ടായിരുന്നു. അതിന്റെ തെളിവുകള്‍ കസ്റ്റംസിനും മാധ്യമങ്ങള്‍ക്കും ലഭിച്ചിരുന്നു. ഇവിടെ വെച്ചാണ് സ്വര്‍ണക്കടത്തിന്റെ ഗൂഢാലോചന നടത്തിയതെന്ന് കസ്റ്റംസ് സംശയിക്കുന്നു. എന്നാല്‍ ശിവശങ്കറിന് പ്രതികളുമായി ബന്ധം ഉണ്ടായിരുന്നെങ്കിലും സ്വര്‍ണക്കള്ളക്കടത്തില്‍ പങ്കുണ്ടോ എന്നതിന് തെളിവുകള്‍ തിങ്കളാഴ്ച വരെ കസ്റ്റംസിന് ലഭിച്ചിരുന്നില്ല. ശിവശങ്കറുമായുള്ള സൗഹൃദം പ്രതികള്‍ മുതലെടുക്കുകയായിരുന്നോ എന്നും സംശയമുണ്ട്.

പേരൂര്‍ക്കട അമ്പലമുക്കിലെ ഫ്‌ളാറ്റിലാണ് സ്വപ്‌നയും കുടുംബവും താമസിച്ചിരുന്നത്. ജഗതിക്ക് അടുത്ത് കണ്ണേറ്റ് മുക്കില്‍ മൂന്ന് നിലയുള്ള വീടിന്റെ പണി പുരോഗമിക്കുകയാണ്. ഇതിനെല്ലാം പുറമേ സെക്രട്ടറിയേറ്റിന് അടുത്ത് ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തതില്‍ മറ്റെന്തോ ലക്ഷ്യമുണ്ടെന്ന് ഉറപ്പാണ്. അതുകൊണ്ടാണ് ഇത് സംബന്ധിച്ച രേഖകള്‍ കസ്റ്റംസ് കൊണ്ടുപോയത്. സ്വപ്‌നയുടെ ഭര്‍ത്താവ് ജയശങ്കറിനെയും കസ്റ്റംസും എന്‍.ഐ.എയും ചോദ്യം ചെയ്‌തേക്കാം. അതിനുള്ള സാധ്യതകള്‍ കാണുന്നുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.



Keywords: Swapna Suresh, Sivasankar IAS, Flst, CM, Jagathy, Ambalamuk, Customs, NIA, Raid, Carrybag, Sivasankar IAS and Swapna Suresh have flats in same apartment near secretariat 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?