സമ്പര്‍ക്കവ്യാപനം തിരുവനന്തപുരം നഗരത്തിലേക്ക് പടരുമോ എന്ന ആശങ്കയില്‍ പത്ത് ലക്ഷത്തിലധികം പേര്‍; ഭയപ്പെടേണ്ടെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: (www.kvartha.com 10.07.2020) പൂന്തുറയിലെ കോവിഡ് വ്യാപനം അതീവഗുരുതരമായി തുടരുമ്പോള്‍ സമ്പര്‍ക്കവ്യാപനം നഗരഹൃദയത്തിലേക്ക് കടക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. പത്ത് ലക്ഷത്തിലധികം പേരാണ് നഗരത്തില്‍ കഴിയുന്നത്. അതേസമയം പൂന്തുറ നഗരത്തിന്റെ ഭാഗമാണെങ്കിലും അവിടെ ഒരു പ്രത്യേക സാമൂഹ്യ അവസ്ഥയാണുള്ളതെന്നും അതിനാല്‍ അവിടെ നടന്ന സമ്പര്‍ക്കവ്യാപനം ആ പ്രദേശത്ത് ഒതുങ്ങത്തക്ക രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും നഗരസഭയും നടത്തിവരുന്നതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലെ ധാരാവി ചേരിയില്‍ സമൂഹവ്യാപനം ഉണ്ടായിട്ടും മൂന്ന് മാസം കൊണ്ട് നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞെങ്കില്‍ പൂന്തുറയിലെ സമ്പര്‍ക്കവ്യാപനം നിയന്ത്രിക്കാനാകുമെന്നും ആരോഗ്യവകുപ്പിന് അതിനുള്ള സന്നാഹങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൂന്തുറയില്‍ നടന്നത് സമൂഹവ്യാപനമാണെന്ന് പറയാനാകില്ലെന്ന് പല സര്‍ക്കാര്‍ ഡോക്ടര്‍മാരും പറയുന്നു. ഒരു തീ ഉണ്ടായി എന്നത് സത്യമാണ്. അത് പടരുമ്പോഴാണ് കാട്ടുതീയായി മാറുന്നതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരു സീനിയര്‍ ഡോക്ടര്‍ അഭിപ്രായപ്പെട്ടു. എല്ലാ രോഗികളും കോവിഡ് പടര്‍ത്തില്ലെന്നും അദ്ദേഹം പറഞ്ഞു. എണ്‍പത് ശതമാനം രോഗികളും ഇത്തരത്തിലുള്ളവരാണ്. പൂന്തുറയില്‍ തന്നെ ഒരാളില്‍ നിന്നാണ് നിരവധി പേര്‍ക്ക് കോവിഡ് പിടിപെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാഴാഴ്ച നഗരത്തില്‍ മത്സ്യം വില്‍ക്കുന്ന ആറ് പേര്‍ക്കാണ് പോസിറ്റീവായത്. ഇവര്‍ നഗരത്തിന്റെ ഏത് ഭാഗത്താണ് മത്സ്യം വിറ്റിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആ ഭാഗങ്ങളിലുള്ളവര്‍ക്ക് ആന്റ്‌റിജന്‍ ടെസ്റ്റ് നടത്താന്‍ സാധ്യതയുണ്ട്.
തൈക്കാടുള്ള സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിക്കും പൂന്തുറയിലെ മൂന്നും കമലേശ്വരത്തെ ഒരു ഓട്ടോഡ്രൈവര്‍ക്കും പൂന്തുറയിലെ അംഗനവാടി അധ്യാപികയ്ക്കും പള്ളിവികാരിക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് ഏറെ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇവരില്‍ നിന്നെല്ലാം സമ്പര്‍ക്കവ്യാപനം കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അംഗനവാടി അധ്യാപികയ്ക്ക് ഭര്‍ത്താവില്‍ നിന്നാണ് പിടിപെട്ടതെന്ന് വ്യക്തമായി. അംഗനവാടി അടച്ചിട്ടിരിക്കുകയാണ്. പള്ളിവികാരിയുമായി ബന്ധപ്പെട്ട ഇടവകാംഗങ്ങളുടെയും മറ്റുള്ളവരുടെയും പട്ടിക തയ്യാറാക്കിയിട്ടുണ്ട്. കിംസ് ആശുപത്രിയിലെ ക്യാന്റീനില്‍ ഉള്‍പ്പെടെയുള്ള മൂന്ന് ജീവനക്കാര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്. ഇതെല്ലാം സമ്പര്‍ക്കത്തിലൂടെയാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
കൂടുതല്‍ ആളുകളിലേക്ക് രോഗം പടരാന്‍ സാധ്യതയുള്ള ആശുപത്രി, ചന്ത, വിദ്യാഭ്യാസ സ്ഥാപനം എന്നിവിടങ്ങളിലുള്ളവര്‍ക്കും പലയിടങ്ങളിലും സഞ്ചരിക്കുന്ന ഓട്ടോഡ്രൈവര്‍മാര്‍ മത്സ്യം വീടുകള്‍തോറും കയറിയിറങ്ങി വില്‍ക്കുന്നവര്‍ എന്നിവര്‍ക്കും മാര്‍ക്കറ്റുകളില്‍ മത്സ്യം വിറ്റിരുന്നവര്‍ക്കും രോഗം സ്ഥിരീകരിച്ചതും കാരണം രോഗവ്യാപനം വരും ദിവസങ്ങളില്‍ കൂടാനാണ് സാധ്യതയെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നീട്ടാനാണ് സാധ്യത. ഇത് സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ചയോ, ശനിയാഴ്ചയോ ഉണ്ടാകുമെന്നാണ് അറിയുന്നത്.
Keywords: Poonthura, Local spread, Heart of the city, Health workers, Drivers, Hospital staff, Canteen, Market, Private institute, Fish vendors, Health authorities say, Poonthura local transmit not affect heart of the city.
Powered by Info News For You

Comments
Post a Comment