ത്യാഗസ്മരണയില്‍ നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷം; കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഈദ് നമസ്‌ക്കാരം
കാസര്‍കോട്: (www.kasargodvartha.com 31.07.2020) ത്യാഗസ്മരണകള്‍ അനുസ്മരിച്ച് ബലിപെരുന്നാള്‍ ആഘോഷം. കോവിഡ് കാരണം ചെറിയ പെരുന്നാളിന് പള്ളികള്‍ അടച്ചിടേണ്ടി വന്നിരുന്നത് കൊണ്ട് വീടുകളില്‍ തന്നെയായിരുന്നു വിശ്വാസികള്‍ പെരുന്നാള്‍ നമസ്‌ക്കാരം നടത്തിയിരുന്നത്. എന്നാല്‍ ലോക് ഡൗണ്‍ ഇളവുകള്‍ ലഭിച്ചതിനാല്‍ പള്ളികള്‍ നമസ്‌ക്കാരത്തിനായി തുറന്ന് കൊടുത്തതിനാല്‍ ബലിപെരുന്നാളിന് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പള്ളികളില്‍ പെരുന്നാള്‍ നമസ്‌ക്കാരം നടത്തി.
പെരുന്നാള്‍ നമസ്‌ക്കാരത്തിന് ശേഷം പതിവ് പോലെ നടത്താറുണ്ടായിരുന്ന ആലിംഗനം ചെയ്തും ഹസ്തദാനം നടത്തിയുമുള്ള ആശംസകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി. ചരിത്രത്തില്‍ ആദ്യമായി ഇത്തവണ ഹജ്ജ് കര്‍മം പോലും പരിമിതപ്പെടുത്തേണ്ടി വന്ന സാഹചര്യം പെരുന്നാള്‍ സന്ദേശത്തില്‍ പണ്ഡിതര്‍ ഊന്നി പറഞ്ഞു. കോവിഡ് മഹാമാരിയെ തുരത്തുന്നതിനുള്ള ഉദ്‌ബോധന പ്രസംഗമായിരുന്നു പള്ളികളിലെങ്ങും പണ്ഡിതര്‍ നടത്തിയത്.
സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ടായിരിക്കണം ജീവിതം മുന്നോട്ട് കൊണ്ടു പോകേണ്ടതെന്നും, പ്രാര്‍ത്ഥന കൈവിടാതെ നീങ്ങിയാല്‍ ഏത് മഹാമാരിയെയും ചെറുക്കാന്‍ കഴിയുമെന്നും ഖത്തീബുമാര്‍ ഓര്‍മിപ്പിച്ചു. ആഘോഷങ്ങള്‍ വീടുകളില്‍ മാത്രം ഒതുക്കാന്‍ മഹല്ല് കമ്മറ്റികളും ഖത്തീബുമാരും ആഹ്വാനം ചെയ്തു. കാഞ്ഞങ്ങാട് ഞാണിക്കടവ് മുഹ്യുദ്ധീന്‍ ജുമാ മസ്ജിദില്‍ ഖത്തീബ് ഇസ്മായീല്‍ ദാരിമി പെരുന്നാള്‍ നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി.
Keywords: Kasaragod, news, Kerala, Eid, COVID-19, Religion, Covid protocol, Prayer, Eid prayers following the Covid protocol
Powered by Info News For You

Comments
Post a Comment