കാനത്തിന്റെ പ്രകടനം മാധ്യമങ്ങള്‍ക്ക് മുന്നില്‍ മാത്രമോ? പിണറായിക്ക് മുന്നില്‍ മുട്ടിടിക്കുമോ? ജോസ് വിഷയത്തില്‍ സി.പി.ഐ ബിഗ് നോ പറയുമോ?
തിരുവനന്തപുരം: (www.kvartha.com 03.07.2020) കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ ഇടത് മുന്നണിയില്‍ എടുക്കാനുള്ള സി.പി.എം നീക്കത്തിനെതിരെ മാധ്യമങ്ങളിലൂടെ ചന്ദ്രഹാസം മുഴക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇക്കാര്യം പ്രാവര്‍ത്തികമാക്കാനാകുമോ എന്നാണ് കേരളരാഷ്ട്രയീം ഉറ്റുനോക്കുന്നത്. പിണറിയി സര്‍ക്കാരിന്റെ തുടക്കം മുതല്‍ പല കാര്യങ്ങളിലും സര്‍ക്കാരിന്റെ പല നടപടികളിലും എതിര്‍പ്പ് പ്രകടിപ്പിക്കുകയും അവസാനം കാര്യങ്ങള്‍ തങ്ങളുടെ വഴിക്കാക്കുകയും ചെയ്തിരുന്ന സി.പി.ഐയും കാനവും പക്ഷെ, മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോസ് കുന്നപ്പള്ളിയെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തോടെ മുഖ്യമന്ത്രിക്ക് മുന്നില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ് കണ്ടത്.

സി.പി.എമ്മുമായുള്ള ധാരണപ്രകാരമാണ് ജോസ് കെ.മാണി വിഭാഗം കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചതും അവസാനം അവര്‍ യു.ഡി.എഫില്‍ നിന്നും പുറത്താക്കിയതും എന്ന് അങ്ങാടിപ്പാട്ടാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ദേശാഭിമാനിയിലൂടെ ജോസ് കെ.മാണി വിഭാഗത്തിന് നല്‍കിയ പ്രശംസാപത്രം അതിന് അടിവരയിടുന്നു. പലപ്പോഴും ഇടയുന്ന സി.പി.ഐയേക്കാള്‍ നല്ല കുഞ്ഞാടിനെ പോലെ കൊണ്ടുനടക്കാവുന്ന ജോസ് കെ.മാണി ഗ്രൂപ്പിനെയാണ് സി.പി.എമ്മിനും താല്‍പര്യം. അതിന് അവര്‍ മുന്നോട്ട് വയ്ക്കുന്ന വാദം, ജനവിരുദ്ധ നയങ്ങളും അഴിമതിയും പിന്തിടുരുന്ന യു.ഡി.എഫ് പാളയത്തില്‍ നിന്ന് ഇടത് മുന്നണിയിലേക്ക് വരുന്നത് തന്നെ നല്ല നല്ലകാര്യമല്ലേ എന്നാണ്. സി.പി.എം സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ചാനല്‍ ചര്‍ച്ചകളില്‍ ഇക്കാര്യമാണ് മുന്നോട്ട് വയ്ക്കുന്നത്. യു.ഡി.എഫില്‍ ഉണ്ടായിരുന്ന കാലത്ത് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍.ബാലകൃഷ്ണപിള്ള ഇടത് മുന്നണിയില്‍ വന്നശേഷം ഒരു ആരോപണം പോലും നേരിട്ടിട്ടില്ലെന്നും ആലത്തലവട്ടം ചൂണ്ടിക്കാട്ടുന്നു.
ജോസും സംഘവും വരുന്നതോടെ മുന്നണിയിലെ രണ്ടാമനായ തങ്ങളുടെ പ്രാധാന്യം കുറയുമെന്ന് സി.പി.ഐയ്ക്കും കാനത്തിനും നന്നായി അറിയാം. സി.പി.ഐമ്മുമായി ഇക്കാര്യത്തില്‍ ഭിന്നത പ്രകടിപ്പിക്കാമെന്നല്ലാതെ മറ്റ് കാര്യങ്ങളൊന്നും നടക്കില്ലെന്നതാണ് ചരിത്രം. തങ്ങള്‍ക്ക് 19 എം.എല്‍.എമാരുണ്ട്, കേരളാ കോണ്‍ഗ്രസിന് 9 എം.എല്‍.എമാരല്ലേ ഉള്ളൂ, തുടങ്ങിയ സി.പി.ഐയുടെ വാദങ്ങള്‍ സി.പി.എം അംഗീകരിക്കാന്‍ സാധ്യതയില്ല. കാരണം സി.പി.എമ്മിന്റെ വോട്ടുകൊണ്ടാണ് ഇടത് മുന്നണിയെ ഘടകക്ഷികള്‍ ജയിക്കുന്നതെന്ന് സാമാന്യബോധമുള്ളവര്‍ക്ക് അറിയാം. സി.പി.ഐയുടെ എതിര്‍പ്പുകളെ പ്രകോപിപ്പിക്കണ്ടെന്നാണ് സി.പി.എം തീരുമാനം. അതുകൊണ്ടാണ് കോടിയേരിയും മുന്നണി കണ്‍വീനര്‍ എ.വിജയരാഘവനും കാനവുമായി ചര്‍ച്ച നടത്തിയത്. തുടര്‍ഭരണം ലക്ഷ്യമിട്ട് നീങ്ങുമ്പോള്‍ ഇപ്പോഴേ തമ്മിലടി തുടങ്ങിയാല്‍ അത് ദോഷം ചെയ്യുമെന്ന് സി.പി.എമ്മിനറിയാം.
മാത്രമല്ല തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുകയാണ്. അതുകൊണ്ട് ജോസ് കെ. മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശം അല്‍പം നീട്ടിക്കൊണ്ട് പോകാനാണ് സി.പി.എം ശ്രമിക്കുന്നത്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങള്‍ നിശ്ചയ്ക്കുന്നതില്‍ മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ മതമേലധ്യക്ഷന്‍മാര്‍ക്കും പങ്കുണ്ടെന്ന് സി.പി.എമ്മിന് അറിയാം. എന്നാല്‍ ജോസ് കെ.മാണിയുടെ ഇടത്തോട്ടുള്ള ചരിവ് അണികള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നത് പ്രധാനമാണ്. കാനം രാജേന്ദ്രനും കേരളാ കോണ്‍ഗ്രസും കോട്ടയത്തിന്റെ മക്കളാണ് എന്നതാണ് മറ്റൊരു പ്രത്യേകത. സ്വന്തം നാട്ടില്‍ കാനം പരാജയപ്പെട്ടിട്ടുണ്ട്. അരനൂറ്റാണ് കെ.എം മാണിയുടെ കോട്ടയായിരുന്ന പാലായില്‍ ജോസ്. കെ മാണിയും സംഘവും തോറ്റ് തൊപ്പിയിട്ടു. അതുകൊണ്ട് ബക്കറ്റിലെ വെള്ളത്തിന് വലിയ ശക്തിയുണ്ടാകില്ല, അത് കടലിനോട് ചേരുമ്പോഴാണ് തിരമാലയുണ്ടാകുന്നത് എന്ന പിണിയുടെ പ്രശസ്തമായ വി.എസിനെതിരെയുള്ള ഒളിയമ്പ് കാനം പിണറായിക്കെതിരെ തന്നെ പ്രയോഗിച്ചത് താല്‍ക്കാലിക ആശ്വാസം മാത്രമായി അവശേഷിക്കുമോ എന്ന് കാത്തിരുന്ന് കാണാം.
Keywords: Kerala, News, Politics, Jose K Mani, CPM, CPI, State, Police, Chief Minister, Pinarayi Vijayan, LDF, CPI says big no to Jose K Mani's entry?.
Powered by Info News For You
Comments
Post a Comment