ആരാധകരെ ഞെട്ടിച്ച് കായിക ലോകത്തുനിന്ന് ഒരു വിവാഹമോചന വാര്‍ത്തകൂടി; 5 വര്‍ഷം നീണ്ട വിവാഹ ബന്ധത്തില്‍ നിന്നും എലിസ് പെറിയും ടൂമ്വയും വേര്‍പിരിഞ്ഞു

ന്യൂഡല്‍ഹി: (www.kvartha.com 26.07.2020) ആരാധകരെ ഞെട്ടിച്ച് കായിക ലോകത്തുനിന്ന് ഒരു വിവാഹമോചന വാര്‍ത്തകൂടി. വനിതാ ക്രിക്കറ്റിലെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ ഓസീസ് താരം എലിസ് പെറിയും ഓസ്‌ട്രേലിയന്‍ റഗ്ബി താരം മാറ്റ് ടൂമ്വയുമാണ് വേര്‍പിരിഞ്ഞത്. അഞ്ചു വര്‍ഷം നീണ്ട വിവാഹബന്ധത്തിനുശേഷമാണ് ഇരുവരും പിരിയാന്‍ തീരുമാനിച്ചത്.

പെറിക്കും മാറ്റ് ടൂമ്വയ്ക്കും ഇടയില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്നും ഇരുവരും കുറച്ചുനാളായി അകല്‍ച്ചയിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം ഇരുവരും ഒരുപോലെ നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹമോചന വാര്‍ത്ത പുറത്തുവരുന്നത്.

Ellyse Perry Ends Her 5 Years Of Marriage With Matt Toomua, New Delhi, News, Sports, Cricket, Australia, World.

ഈ വര്‍ഷം ആദ്യം തന്നെ തങ്ങള്‍ പിരിഞ്ഞതായാണ് ഇരുവരും ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്. 'ഏറ്റവും ബഹുമാനത്തോടും ആദരവോടും കൂടിയാണ് വിവാഹബന്ധം പിരിയാന്‍ ഈ വര്‍ഷം ആദ്യം ഞങ്ങള്‍ തീരുമാനിച്ചത്' എന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

'ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തില്‍ പരസ്പരം പിരിയുന്നതാണ് ഏറ്റവും ഉചിതമെന്ന് രണ്ടുപേര്‍ക്കും തോന്നുന്നു. ഏതാനും മാസങ്ങളായി രൂപപ്പെട്ടു വന്ന ഉഭയകക്ഷി സമ്മതത്തോടെയുള്ള തീരുമാനമാണിത്. ഞങ്ങളുടെ ദാമ്പത്യ ജീവിതം എക്കാലവും തീര്‍ത്തും സ്വകാര്യമായാണ് മുന്നോട്ടു കൊണ്ടുപോയത്. ജീവിതത്തിലെ ഈ ദുര്‍ഘട നിമിഷത്തിലും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു' ഇരുവരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് പുരസ്‌കാര വേദിയില്‍ എലിസ് പെറി വിവാഹമോതിരം ധരിക്കാതെ എത്തിയത് ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ആദ്യമായി അഭ്യൂഹമുയര്‍ന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഓസ്‌ട്രേലിയയിലെ മികച്ച വനിതാ താരത്തിനുള്ള ബെലിന്‍ഡ ക്ലാര്‍ക്ക് പുരസ്‌കാരം ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തില്‍ പെറി ഒരിക്കല്‍പ്പോലും ഭര്‍ത്താവ് മാറ്റ് ടൂമ്വയെക്കുറിച്ച് പ്രതിപാദിച്ചുമില്ല. ഇതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടത്.

എന്നാല്‍, തങ്ങള്‍ പിരിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഇരുവരും പരസ്യമായി രംഗത്തെത്തിയിരുന്നു. വിരലിന് പരിക്കുള്ളതിനാലാണ് പെറി ക്രിക്കറ്റ് പുരസ്‌കാര ചടങ്ങില്‍ വിവാഹമോതിരം ധരിക്കാതിരുന്നതെന്നും വിശദീകരിച്ചു. ഇതെല്ലാം പ്രതിപാദിച്ച് പരസ്യ പ്രസ്താവനയും പുറത്തിറക്കി. ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി20 ലോകകപ്പിനിടെ പെറി പരിക്കേറ്റ് പുറത്തായപ്പോള്‍ ടൂമ്വ ആശ്ലേഷിക്കുന്ന ചിത്രവും പുറത്തുവന്നിരുന്നു. ഇരുവരുമൊന്നിച്ച് വ്യായാമം ചെയ്യുന്ന ചിത്രം മേയ് മാസത്തില്‍ പെറി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഈ വര്‍ഷമാദ്യം തന്നെ ബന്ധം പിരിയാന്‍ തീരുമാനിച്ചിരുന്നതായി അറിയിച്ച് ഇവരുടെ സംയുക്ത പ്രസ്താവന വരുന്നത്.

2013 ല്‍ ജോണ്‍ ഈല്‍സ് മെഡല്‍ അവാര്‍ഡ് ഫംഗ്ഷനില്‍ വെച്ചാണ് പെറിയും ടൂമ്വയും പ്രണയത്തിലാണെന്ന വിവരം പ്രഖ്യാപിച്ചത്. 2014 ല്‍ വിവാഹനിശ്ചയം നടത്തി. തുടര്‍ന്ന് ഒരു വര്‍ഷത്തിനുള്ള വിവാഹിതരാകുകയും ചെയ്തു.

ക്രിക്കറ്റ് ലോകകപ്പിലും ഫുട്‌ബോള്‍ ലോകകപ്പിലും കളിച്ചിട്ടുള്ള ഏക വനിതാ കായികതാരമാണ് എലീസ് പെറി. ഇക്കഴിഞ്ഞ ട്വന്റി20 വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ കിരീടം നേടിയ ടീമില്‍ എലിസ് പെറിയും അംഗമായിരുന്നു. എന്നാല്‍, ടൂര്‍ണമെന്റിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് സെമിയിലും ഫൈനലിലും കളിക്കാനായിരുന്നില്ല. ന്യൂസീലന്‍ഡിനെ നാലു റണ്‍സിനു പരാജയപ്പെടുത്തിയ ഗ്രൂപ്പ് മത്സരത്തില്‍ വലതുകാലിന്റെ തുട ഞരമ്പിനു പരിക്കേറ്റതാണ് പെറിക്കു തിരിച്ചടിയായത്.

മെല്‍ബണ്‍ റെബല്‍സിലെ അംഗമായ ടൂമ്വ വെള്ളിയാഴ്ച രാത്രി എന്‍എസ്ഡബ്ല്യു വരാത്തയ്ക്കെതിരായ ക്ലബ്ബിന്റെ വിജയത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു.

രണ്ടു തവണ ഐസിസി വനിതാ ക്രിക്കറ്റര്‍ പുരസ്‌കാരം നേടിയിട്ടുള്ളയാളാണ് ഇരുപത്തൊമ്പതുകാരിയായ എലിസ് പെറി. ഒരു പതിറ്റാണ്ടു പിന്നിട്ട കരിയറില്‍ ഇതുവരെ എട്ടു ടെസ്റ്റും 112 ഏകദിനവും 120 ട്വന്റി20 മത്സരവും കളിച്ചു. ടെസ്റ്റില്‍ 78.00 ശരാശരിയില്‍ 624 റണ്‍സും 31 വിക്കറ്റും നേടി. ഏകദിനത്തില്‍ 52.10 ശരാശരിയില്‍ 3022 റണ്‍സും 152 വിക്കറ്റും ട്വന്റി20യില്‍ 28.32 ശരാശരിയില്‍ 1218 റണ്‍സും 114 വിക്കറ്റും വീഴ്ത്തി. ഐസിസി റാങ്കിങ്ങില്‍ ഓള്‍റൗണ്ടര്‍മാരില്‍ ഏകദിനത്തില്‍ ഒന്നാമതും ട്വന്റി20യില്‍ രണ്ടാമതുമാണ് പെറി.

ഫുട്‌ബോളില്‍ സെന്‍ട്രല്‍ ഡിഫന്‍ഡറായ എലിസിന്റെ ഫുട്ബോളിലെ ഏറ്റവും മികച്ച നേട്ടം 2011 ലോകകപ്പില്‍ ഓസ്ട്രേലിയയെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ചതാണ്. സ്വീഡനെതിരായ പ്രീ ക്വാര്‍ട്ടറില്‍ മനോഹരമായൊരു ഗോളും ആ ബൂട്ടില്‍നിന്നു പിറന്നു. ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിനാല്‍ ഇപ്പോള്‍ ഫുട്ബോളില്‍ സജീവമല്ല.

Keywords: Ellyse Perry Ends Her 5 Years Of Marriage With Matt Toomua, New Delhi, News, Sports, Cricket, Australia, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?