സെപ്റ്റംബറില്‍ സംസ്ഥാനത്ത് കോവിഡ് കൊടുങ്കാറ്റായേക്കും; ദിവസം 5000 മുതല്‍ 8000 പോസീറ്റീവ് കേസുകള്‍ ഉണ്ടാകുമെന്ന് ദുരന്തനിവാരണ അതോറട്ടി റിപ്പോര്‍ട്ട്

തിരുവനന്തപുരം: (www.kvartha.com 29.07.2020)  സെപ്തംബറോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്ന് ദുരന്തനിവാരണ അതോറിട്ടിയുടെ റിപ്പോര്‍ട്ട്. ദിവസം 5000 മുതല്‍ 8000 വരെ പുതിയ കേസുകള്‍ ഉണ്ടാകുമെന്നും സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ദിവസം 5000 പുതിയ കേസുകള്‍ ഉണ്ടാകുമ്പോള്‍ പത്ത് ദിവസം കൊണ്ട് 50,000 മുതല്‍ 70,000 വരെ ആക്ടീവ് കേസുകള്‍ ഉണ്ടാകുമെന്നും ഇത് കുറയാന്‍ ശരാശരി 10 മുതല്‍ 14 ദിവസം വരെ എടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

kSDMA

അതേസമയം സെപ്തംബര്‍ പകുതിയോടെ 40,000 മുതല്‍ 45,000 വരെ പുതിയ രോഗികള്‍ ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരെ ദിവസവും നിരീക്ഷിക്കണമെന്നും 1500 പേര്‍ക്കോളം ഐ സി യു സംവിധാനം വേണ്ടിവരുമെന്നും പറയുന്നു. പുതിയ കേസുകളുടെ എണ്ണം കൂടുന്നതോടെ ഐ സി യു സംവിധാനം തികയാതെ വരുമോ എന്ന ആശങ്കയുമുണ്ട്. കാരണം സംസ്ഥാനത്തെ ജനസംഖ്യയുടെ 13 ശതമാനവും പ്രായമായവരും ഗുരുതരമായ അസുഖമുള്ളവരുമാണ്. എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത 20,000 പേര്‍ സെപ്തംബറോടെ ഉണ്ടാകുമെന്നും അവരില്‍ നിന്ന് ആരുമറിയാതെ രോഗം പടരുമെന്നും ഇത് വലിയ ആശങ്കയാണെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.

സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുള്ള ക്ലസ്റ്ററുകള്‍ നിയന്ത്രിക്കാനും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയും രോഗികളെ കോവിഡ് വാര്‍ഡിലേക്ക് മാറ്റിയും സമൂഹവ്യാപനം ഒഴിവാക്കാനും ആളുകളുടെ അനാവശ്യ സഞ്ചാരം തടയാനും നടപടികള്‍ തുടങ്ങിയെന്ന് ആരോഗ്യവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൂന്തുറയില്‍ സംഭവിച്ചത് പോലെ സൂപ്പര്‍സ്പ്രഡിംഗ് ഉണ്ടാകാതിരിക്കാനും ശ്രമിക്കുന്നുണ്ട്. ക്ലസ്റ്ററുകളിലും അതിനോട് അടുത്ത പ്രദേശങ്ങളിലും മാളുകളിലും മാര്‍ക്കറ്റുകളിലും ആളുകള്‍ കൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും കൂടുതല്‍ പരിശോധനകള്‍ നടത്തണമെന്ന് സംസ്ഥാന കോവിഡ് ചികിത്സാ വിദഗ്ധ സമിതിയുടെ തലവന്‍ ഡോ. ബി ഇക്ബാല്‍ പറഞ്ഞു. സംസ്ഥാനത്തെ വടക്ക്, തെക്ക്, മധ്യ മേഖലകളായി തിരിച്ച ശേഷം ആവശ്യമുള്ളിടത്ത് പ്രദേശിക ലോക്ഡൗണുകള്‍ പ്രഖ്യാപിക്കാനും നിര്‍ദ്ദേശമുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ രോഗവ്യാപനം ഉണ്ടാകുമെങ്കിലും രോഗികളുടെ എണ്ണം അതുപോലെയുണ്ടാകില്ലെന്നും പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. രാമന്‍കുട്ടി പറഞ്ഞു.

രോഗലക്ഷണങ്ങളില്ലാത്തവരെയും ചെറിയ ലക്ഷണങ്ങളുള്ളവരെയും ഹോംക്വാറന്റയിനില്‍ പ്രവേശിപ്പിക്കണമെന്നും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മാറ്റരുതെന്നുമാണ് നിര്‍ദ്ദേശം. ഗുരുതരാവസ്ഥയിലാകുന്നവരെ ആശുപത്രികളിലേക്ക് മാറ്റാന്‍ മതിയായ ആംബുലന്‍സുകള്‍ ഉണ്ടെന്ന് ഉരപ്പുവരുത്തണമെന്ന് ഐ എം എയുടെ ആശുപത്രി ബോര്‍ഡ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഡോ. ജയകൃഷ്ണന്‍ എ വി പറഞ്ഞു. വെന്റിലേറ്റര്‍ കിടക്കകളുള്ള 2000 ഐ സി യുകളാണ് സംസ്ഥാനത്തുളളത്. എന്നാല്‍ രോഗികളുടെ എണ്ണം കൂടുമ്പോള്‍ ഇത് മതിയാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഐ സി യു സംവിധാനം ശക്തിപ്പെടുത്തണമെന്നും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരുടെ സേവനം വേണ്ടിവരുമെന്നും അതിനാല്‍ സര്‍ക്കാര്‍ അതിനുള്ള മുന്നൊരുക്കള്‍ ആരംഭിച്ചെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രന്‍ഡ് ഡോ. സന്തോഷ് കുമാര്‍ എസ് എസ് പറഞ്ഞു.


Keywords: Kerala's Covid19 peak may come in September: KSDMA, COVID, IMA, Medical College, Dr Jayakrishnan, Ambulance, Home quarantine, CFLT, ICU, Dr Ramankutty, September.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?