പള്ളികൾ തുറക്കപ്പെടുമ്പോൾ വേണം ജാഗ്രതാ പാക്കേജ്

സി കെ എ ജബ്ബാർ

(https://ift.tt/36RXCDI) കോവിഡ് ഉത്കണ്ഠ അകന്നില്ലെങ്കിലും ആരാധനാലയങ്ങൾ തുറക്കാനുള്ള അനുവാദം വിശ്വാസി സമൂഹത്തിന് ഏറെ ആശ്വാസമുണ്ടാക്കുന്ന നിലപാടാണ്. പക്ഷെ, ഈ അനുവാദത്തിന്റെ പ്രായോഗിക ഉത്തരവാദിത്വം അധികൃതരെക്കാൾ സമുദായ നേതൃത്വത്തിനാണ്.

ജൂൺ എട്ടിന് തീവ്ര മേഖലയിലൊഴികെ (കണ്ടയ്‌ന്മെന്റ്) ആരാധനാലയങ്ങൾ തുറക്കാനുള്ള അനുവാദം അതീവ സൂക്ഷ്മ ഉപാധികളോടെ മാത്രമേ നടപ്പിലാക്കാവൂ. കോവിഡ് രോഗ പ്രതിദിനസ്ഥിതിവിവരമനുസരിച്ച് കണ്ടയ്‌ന്മെന്റ് ഹോട്ട് സ്പോട്ടുകൾ മാറിമറിഞ്ഞു കൊണ്ടിരിക്കുമെന്നതിനാൽ ഏത് സമയവും നിയന്ത്രണ വിധേയമാകുമാർ സ്വയം സജ്ജരാവുക എന്ന വലിയ ഉത്തരവാദിത്വം മതനേതൃത്വത്തെ ഏൽപിക്കുന്നതാണ് ഈ തീരുമാനം. ആരാധനാലയങ്ങൾക്ക് ലഭിക്കുന്ന ഇളവ് സന്തോഷകരമാണ്. പക്ഷെ, ഇളവ് അനുഭവിക്കുമ്പോഴുള്ള ഉത്തരവാദിത്വം വിശ്വാസി സമൂഹത്തിനായതിനാൽ മത നേതൃത്വം അടിയന്തിരമായി ഒരുമിച്ചിരുന്ന് പരസ്പര ധാരണയിലെത്തി എല്ലാവർക്കും സ്വീകാര്യമായ ആഭ്യന്തര പാക്കേജ് ആവിഷ്കരിക്കണം. ഇളവനുസരിച്ച് തുറന്നു പ്രവർത്തിക്കേണ്ട ആരാധനാലയങ്ങളിൽ നടപ്പിലാക്കേണ്ട ക്രമീകരണത്തിന് ഏകീകൃത മാനദണ്ഡവും കോവിഡ് പ്രതിരോധ ഉപാധികൾ ശക്തിപ്പെടുത്തുന്നതുമായിരിക്കണം.

മദ്യശാലകളും മാർക്കറ്റുകളും സജീവമാവുകയോ അനിയന്ത്രിതമാവുകയോ ചെയ്യുന്നതിനെ ചൂണ്ടിക്കാട്ടി ആരാധനാലയങ്ങളിലെ ഒത്തുചേരൽ നിയന്ത്രിക്കപ്പെടുന്നതിനെ നമുക്ക് ചോദ്യം ചെയ്യാവതല്ല. ഏത് നിസ്സാര വീഴ്ചയും പർവതീകരിക്കാനും വർഗീയവൽക്കരിക്കാനും ചിലർ കാത്തിരിക്കുന്നുവെന്ന മുൻകരുതൽ എല്ലാവർക്കും ഉണ്ടാവണം. അതിനാൽ താരതമ്യങ്ങളല്ല സമുദായത്തിന്റെ പൊതു താൽപര്യങ്ങളാണ് മുഖവിലക്കെടുക്കേണ്ടത്.

നാലാം ലോക് ഡൗൺ ഇളവുകളോടൊപ്പം ചിലർ പരസ്യമായി പള്ളികൾ തുറക്കാനുള്ള ആവശ്യം ഉന്നയിച്ചിരുന്നു. വ്യാപാരകേന്ദ്രങ്ങളും മദ്യഷാപ്പുകളും നിർമ്മാണ മേഖലയുമെല്ലാം പുനരാരംഭിച്ചപ്പോഴുള്ള സ്വാഭാവിക ആവശ്യമായിരുന്നു ഇത്. മറ്റെല്ലാ മേഖലയിലും സർക്കാറിന്റെ ശക്തമായ മേൽനോട്ടത്തിന്റെ അടിസ്ഥാനത്തിലുള്ള ഇളവ് ആരാധനാലയങ്ങളിൽ പ്രായോഗികമാക്കാൻ പ്രയാസമാണ് എന്ന കാഴ്ചപ്പാട് ഭരണതലത്തിൽ ഉന്നയിക്കപ്പെട്ടു. ഈ നിലപാട് ആവർത്തിക്കപ്പെടാം. അത് കൊണ്ടാണ് മതമേലധികാരികളും സംഘടനകളും നിയന്ത്രിത പ്രവർത്തനത്തിന്റെ കർശനമായ പാക്കേജുകൾ സ്വയം ആവിഷ്കരിച്ച് സർക്കാറിന് വഴി കാണിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നത്. പ്രവാസികളുടെയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികളുടെയും വരവ് ശക്തിപ്പെട്ടതോടെ കോവിഡ് രോഗികളുടെ എണ്ണം ഇനിയും കൂടുകയേ ഉള്ളൂ. ഇപ്പോഴത്തെ കേരളമോഡൽ സർക്കാറിന്റെയും ജനങ്ങളുടെയും സംയുക്തമായ ഏകോപനത്തിന്റെ വിജയമാണ്. ഇക്കാര്യത്തിൽ കേരളം ലോകത്തിന് മാതൃക തന്നെയാണ്. ജനസാന്ദ്രതയുടെ കാര്യത്തിൽ സങ്കീർണമായ ഒരു സംസ്ഥാനത്തിന്റെ ജനങ്ങളുടെ ഇഛാശക്തിയുടെ പ്രതിഫലനമാണീ കൊറോണ പ്രതിരോധ വിജയം. പക്ഷെ, പ്രവാസികളുടെയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെയും വരവിന് ശേഷമുള്ള സാഹചര്യം കൂടി നിരൂപണം ചെയ്താലേ സംസ്ഥാനത്തിന്റെ സുരക്ഷ നിലവാരം ശരാശരി എന്താണെന്ന് വ്യക്തമാവുകയുള്ളൂ.



മതനേതൃ സഹകരണം മാതൃകാപരം

വിശ്വാസപരമായും കർമപരമായും ഒട്ടേറെ ഭേദഗതിക്ക് നിർബന്ധിതമായിട്ടാണ് ആദ്യത്തെ കോവിഡ് കേസ് മുതൽ മത നേതൃത്വം സംസ്ഥാന സർക്കാറുമായി സഹകരിച്ചത്. വളരെ ശ്ലാഘനീയമായിരുന്നു ഈ സഹകരണം. പറയത്തക്ക നിയമലംഘനങ്ങൾ എവിടെയും ഉണ്ടായില്ല. എന്നല്ല മദ്യശാലകൾ ഉൾപ്പെടെയുള്ള മറ്റെല്ലാ സംവിധാനങ്ങളും പ്രവർത്തിക്കെയാണ് ആരാധനാലയങ്ങൾ സർക്കാറിന്റെ അഭ്യർഥന മാനിച്ച് തുടക്കം മുതൽ നിയന്ത്രണത്തിന് തുനിഞ്ഞത്. സാഘോഷം കൊണ്ടാടുന്ന വാർഷികോത്സവങ്ങൾ നടത്താൻ വിപുലമായ തയ്യാറെടുപ്പുകൾ നടത്തിയ കമ്മിറ്റികൾ പോലും ലക്ഷങ്ങളുടെ നഷ്ടം സഹിച്ചാണ് സർക്കാറുമായി സഹകരിച്ചത്. അതിനാൽ മറ്റ് മേഖലകളിൽ ഇളവ് അനുവദിക്കുമ്പോൾ മത നേതൃത്വത്തോടും അവരുടെ മേഖലയിലെ നിയന്ത്രിത ആരാധനാ പുനഃക്രമീകരണ സാധ്യത ആരായാൻ സർക്കാറിന് ബാധ്യതയുണ്ട്. കേന്ദ്രസർക്കാറിന്റെ പുതിയ തീരുമാനത്തോടെ അത് നടപ്പിലാക്കേണ്ട വഴികളെക്കുറിച്ച് ചർച്ച ചെയ്യാതെ ഏകപക്ഷീയ തീരുമാനം എടുക്കാൻ പാടില്ലാത്തതാണ്.


മുന്നിലുള്ളത് വലിയ ഉത്തരവാദിത്വം

ലോക്ക്ഡൗൺ ഇളവിനെ ദുരുപയോഗം ചെയ്യാതെ നിതാന്ത ജാഗ്രതയോടെ ആരാധനാലയങ്ങൾ എങ്ങിനെ പ്രവർത്തിപ്പിക്കാമെന്ന് മത നേതൃത്വം ഏകീകൃത പ്ലാൻ തയ്യാറാക്കണം. പൊതുസ്ഥലത്ത് തുപ്പരുത് എന്ന് മാത്രമേ സർക്കാർ പറയുകയുള്ളൂ. പള്ളി അംഗശുദ്ധി ക്രമീകരണം, തുപ്പാൻ സൗകര്യപ്പെടുന്ന വാഷ്ബേസിൻ ഏർപ്പെടുത്തി അതിന്റെ പ്രായോഗിക ശാസ്ത്രീയത നടപ്പിലാക്കേണ്ടത് മഹല്ല് - പള്ളി പരിപാലന കമ്മിറ്റികളാണ്. മുസ്ലിംകൾക്ക് അവരുടെ കർമ്മശാസ്ത്ര ശ്രേണി ഏത് സ്ഥലകാലത്തെക്കും അനുയോജ്യമാം വിധം പുനഃക്രമീകരിക്കാൻ കഴിയുന്നു എന്നത് കൊണ്ട് പ്രതിരോധവുമായി ബന്ധപ്പെട്ട് ഭരണകൂടം സ്വീകരിച്ച ജാഗ്രതയെ ശക്തിപ്പെടുത്താൻ മുസ്ലിം കുടുംബങ്ങളും മഹല്ലുകളും പള്ളികളും ക്രമീകരിക്കുന്നതിന് തടസ്സമുണ്ടാവുകയില്ല. ഹറമുകളുടെ നിയന്ത്രണത്തിന്റെ പേര് പറഞ്ഞ് ഗ്രാമങ്ങളിലെ പള്ളികൾക്കും സമാന നിയന്ത്രണം പ്രായോഗികമല്ല. ലോകത്തിന്റെ നാനാ ഭാഗത്ത് നിന്ന് വിശ്വാസികൾ എത്തുന്ന കേന്ദ്രമെന്ന നിലയിലാണ് മക്കയിലെ നിയന്ത്രണത്തെ നാം കാണേണ്ടത്. വ്യോമയാന നിയന്ത്രണം നിലനിൽക്കെ ഹറമുകളിൽ ഇനിയും പൂർവ്വ സ്ഥിതി കൈവരിക്കാൻ താമസം ഉണ്ടാവും. ഗ്രാമങ്ങളിലെ പള്ളികൾക്ക് ഇത് ബാധകമല്ലല്ലൊ. പള്ളികൾ തുറക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ പരിഗണനക്ക് വേണ്ടി താഴെ വിവരിക്കുകയാണ്.
Kerala, Article, Masjid, CKA-Jabbar, COVID19, When opening Masjids

ആരാധനാലയങ്ങളിലെ എക്സ്ട്രാ ജാഗ്രത

കോവിഡ് സാമൂഹിക വ്യാപനം കേരളത്തിൽ സംഭവിച്ചിട്ടില്ലെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. സമ്പർക്ക വ്യാപനം ഉണ്ടായിട്ടുമുണ്ട്. അതിനാൽ സാമൂഹിക വ്യാപനത്തെ മുന്നിൽ കണ്ടുള്ള ജാഗ്രത പള്ളികളിൽ പാലിക്കണം.
പരിസര ശുചിത്വം ഉറപ്പുവരുത്തണം. ടോയ്‌ലറ്റുകൾ നിത്യവും കീടനാശിനി പ്രയോഗിച്ച് വൃത്തിയാക്കണം.
ആളുകൾ കൈ കൊണ്ട് ഉപയോഗിക്കുന്ന ടാപ്പ്, വാതിൽപിടി, കോണിപ്പിടി എന്നിവ ഓരോ നമസ്കാരത്തിന് ശേഷവും അണു നശീകരണം ചെയ്തുവെന്ന് ഉറപ്പ് വരുത്തണം.
വുളൂ (അംഗശുദ്ധി ) ചെയ്യുന്നിടത്ത് ഹാന്റ് വാഷ് / സാനിട്ടൈസർ ലഭ്യമാക്കുകയും ഇവ ഉപയോഗിച്ച് കൈപാദം വൃത്തിയാക്കി വുളു ആരംഭിക്കണമെന്ന് എഴുതി വെക്കുകയും ചെയ്യുക. വീടുകളിൽ നിന്ന് വുളു ചെയ്ത് വരണമെന്നും സ്വന്തം മുസല്ല കൊണ്ടുവരണമെന്നും അത് നിർബന്ധമാക്കുകയും വേണം.
പള്ളിയിലെ വിരിപ്പ് ഈർപ്പം മാറികിട്ടാത്തതാണെങ്കിൽ നീക്കം ചെയ്ത് നിത്യവും തുടക്കാവുന്ന വിധത്തിൽ റെക്സിൻ വിരിച്ച് പുന:ക്രമീകരിക്കണം.
പള്ളി ഹാൾ വായു സഞ്ചാരയോഗ്യമാക്കി ശീതികരണ സംവിധാനം ഉപേക്ഷിക്കേണ്ടതാണ്.
വുളു ചെയ്യുന്നതിന്ന് വാഷ് ബെസിൻ ക്രമീകരണം ഏർപ്പെടുത്തുക. മിസ് വാക്ക് ചെയ്യുന്നതിന് ഇതാണ് ശാസ്ത്രീയ രീതി. പള്ളിയിൽ പ്രവേശിക്കുന്നതിന് മുമ്പ് കാൽ കഴുകാൻ മറ്റൊരു സ്ഥലവും ഉപയോഗിക്കുക.


ജമാഅത്ത് നമസ്കാരത്തിലെ സാമൂഹിക അകലം

10 വയസ്സിന് താഴെയുള്ളവരും 65 വയസ്സിന് മുകളിലുള്ളവരും പുറത്തിറങ്ങുന്നതിന് സർക്കാർ നിരോധമുണ്ട്. വിലക്ക് പള്ളികൾക്കും ബാധകമാണ്. എന്നാൽ ജുമുഅ പോലുള്ള നമസ്കാര വേളയിൽ പ്രായ നിയന്ത്രണം 15-55 വയസ്സ് എന്ന നിലയിൽ സ്വയം നിയന്ത്രിത നിലപാട് സമുദായം സ്വീകരിക്കുന്നതാണ് ഉചിതം. മറ്റ് അവശതയിലും / ചികിൽസയിലും കഴിയുന്ന ഏത് പ്രായക്കാരും പള്ളികളിൽ വന്ന് കൂടാത്തതാണ്. ക്വാറന്റെ യിനിൽ കഴിയുന്ന കുടുംബങ്ങളെക്കുറിച്ച വിവരം പഞ്ചായത്തുകളിലെന്നപോലെ പള്ളി കമ്മിറ്റികൾക്കും ഉണ്ടായിരിക്കണം. അവർ ആരാധനക്ക് വരാതിരിക്കാനുള്ള ജാഗ്രതക്ക് പ്രത്യേകം നിരീക്ഷണ ടീമിനെ നിശ്ചയിക്കണം.

മഴക്കാല രോഗങ്ങളുടെ കാലമാണ് വരുന്നത്. അതിനാൽ ജലദോഷം, ചുമ, തുമ്മൽ, പനി, വയറിളക്കം തുടങ്ങിയ മഴക്കാല രോഗമുള്ളവരും പള്ളിയിലോ മറ്റ് മഹൽ പൊതു സ്ഥലത്തോ യാതൊരു വരരുത്.

സ്വഫുകളിൽ തൊട്ടുരുമ്മി നിൽക്കുന്നതാണ് നമസ്കാര ചിട്ട. പക്ഷെ, ഇപ്പോഴത് പകർച്ച വ്യാധിയുടെ സൂക്ഷമതയായി നബി കൽപനയനുസരിച്ച "അകന്നു കഴിയുക " എന്നതിന്റെ സ്പിരിറ്റ് സ്വഫുകളിലും അകലം പാലിക്കുന്നതിലാണ് കരണീയം. വീടുകളിലേക്ക് അകറ്റപ്പെട്ട നമസ്കാരത്തെ പള്ളിയിലേക്ക് പുന:സ്ഥാപിക്കപ്പെടുമ്പോൾ സ്വഫിന്റെ കാര്യത്തിൽ കാർക്കശ്യം കാണിക്കുന്നത് ശരിയല്ല. സ്വഫിൽ സൂക്ഷ്മമായ അകലം പാലിക്കുകയാണ് ബുദ്ധി.

നമസ്കാര ദൈർഘ്യവും കുറക്കണം
ജുമുഅ നമസ്കാരം:

അതാത് പ്രദേശത്തെ പള്ളികളിൽ ജുമുഅ നമസ്കാരത്തിൽ പങ്കാളിയാവുക എന്ന രീതി പാലിക്കണം. എല്ലാ ചെറിയ പള്ളികളിലും ജുമുഅ നടത്തി മറ്റ് പള്ളികളിലെ തിരക്ക് ഒഴിവാക്കുന്നതിന് തീരുമാനിക്കണം. പ്രായപരിധിയനുസരിച്ചും ശാരീരിക, അവശത പരിഗണിച്ച് പതിവ് നമസ്കാരത്തിൽ വിലക്കിയവരെ ആഴ്ചയിലെ ഒരു ജുമുഅ എന്ന പരിഗണന നൽകി വിട്ടുവീഴ്ച ചെയ്യാൻ പാടില്ലാത്തതാണ്.


.ജുമുഅ ദൈർഘ്യം കുറക്കുകയും വേണം

സ്വഫിലെ സാമൂഹിക അകലം പോലെ തന്നെ ജുമുഅ കഴിഞ്ഞാൽ സാമൂഹിക അകലം പാലിക്കാവുന്ന വിധത്തിൽ കൂടിക്കുഴയാതെ പിരിഞ്ഞു പോകുന്നതിനും സൗകര്യം ഒരുക്കി വിശ്വാസികളെ ഉണർത്തണം.
ഹസ്തദാനം ആലിംഗനം തുടങ്ങി സാമൂഹികമായി നിയന്ത്രിക്കപ്പെട്ട എല്ലാ ചിട്ടകളും മാസ്ക് ഉപയോഗം തുടങ്ങിയ കാര്യങ്ങളും പള്ളി സമ്പർക്കത്തിലും പാലിക്കേണ്ടതാണ്. മാസ്ക് അലക്ഷ്യമായി അഴിച്ചു വെച്ച് വുളു ചെയ്യുക എന്ന രീതി ഉണ്ടാവരുത്. വീടുകളിൽ നിന്ന് തന്നെ അംഗശുദ്ധി വരുത്തി മാസ്ക് ധരിച്ച് സ്വന്തം മുസല്ലയുമായി വരിക എന്ന ലളിതമായ ചിട്ട എല്ലാവരും ശീലമാക്കുകയാണ് വേണ്ടത്. യാത്രകളിലായാൽ പോലും സൂജൂദ് ഉപയോഗത്തിന് പറ്റിയ നിലയിൽ ടവ്വൽ കരുതി ഉപയോഗിക്കുന്ന ശീലമുണ്ടാവണം.

ഈ ഉപാധികളൊക്കെ ഇന്നത്തെ നിലയിൽ താൽക്കാലികമല്ല എന്നോർക്കണം. കോവിഡ് ഭീതി സമീപത്ത് നിന്ന് മാറാൻ ഇനിയും മാസങ്ങളോ വർഷങ്ങളോ വേണ്ടിവരുമെന്ന മുൻധാരണയോടെയേ കാര്യങ്ങളെ കാണാനാവൂ. വീടുകളിലേക്ക് മടക്കപ്പെട്ടവർ പള്ളികളിലേക്ക് തിരിച്ച് അവസരം ലഭിക്കുന്നു എന്നത് പൂർവ്വസ്ഥിതിയിൽ അനിയന്ത്രിതമായ സൗകര്യമായി നാം കണക്കാക്കരുത്. താൽക്കാലികമായി പള്ളികൾ തുറക്കപ്പെടുന്നു എന്ന് തന്നെ ആഗ്രഹിക്കാനേ ജനസാന്ദ്രമായ കേരളത്തിന്റെ സാഹചര്യത്തിൽ നമുക്ക് അർഹതയുള്ളൂ. അതും കർക്കശമായ നിയന്ത്രണം സ്വയം രൂപപ്പെടുത്തിയെന്ന് സർക്കാറിനെ ബോധിപ്പിച്ച് മാത്രം. പള്ളികൾ തുറക്കപ്പെടുന്നതോടെ മഹല്ലുകളുടെയും പള്ളി കമ്മിറ്റികളുടെയും മത നേതൃത്വത്തിന്റെയും ഉത്തരവാദിത്വം ഭാരിച്ചതാവുന്നു എന്ന് ചുരുക്കം.


Keywords: Kerala, Article, Masjid, CKA-Jabbar, COVID19, When opening Masjids


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?