അങ്കമാലിയില്‍ പിതാവ് എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച പിഞ്ചുകുഞ്ഞിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതി; കുഞ്ഞ് കണ്ണു തുറന്നതായി ഡോക്ടര്‍
എറണാകുളം: (www.kvartha.com 23.06.2020) അങ്കമാലിയില്‍ പിതാവ് എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച 54 ദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതി. കുഞ്ഞ് കണ്ണു തുറന്നതായി ഡോക്ടര്‍ സാജന്‍ പറഞ്ഞു. തലച്ചോറില്‍ കട്ടപിടിച്ച രക്തം കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയായതിനാലാണ് തിങ്കളാഴ്ച രാവിലെ തലയോട്ടിയില്‍ കീഹോള്‍ ശസ്ത്രക്രിയ നടത്തിയത്. അതിസങ്കീര്‍ണമായ ശസ്ത്രക്രിയയാരുന്നു നടത്തിയത്. തലയോട്ടിയിലുണ്ടാക്കിയ രണ്ട് ചെറുദ്വാരങ്ങളിലൂടെയാണ് കുഞ്ഞിന്റെ തലച്ചോറില്‍ കെട്ടികിടന്ന രക്തം നീക്കം ചെയ്തതെന്ന് ഡോക്ടര്‍ പറഞ്ഞു.
ശസ്ത്രക്രിയക്ക് ശേഷമുള്ള 48 മണിക്കൂര്‍ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തുന്നതില്‍ അതീവ നിര്‍ണായകമാണെന്നും കുഞ്ഞിന്റെ ശരീരം മരുന്നുകളോട് പ്രതികരിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞ് കണ്ണു തുറക്കാനും കരയാന്‍ ശ്രമിക്കാന്‍ തുടങ്ങിയിരുന്നതായും കൈ കാലുകള്‍ അനക്കുകയും ചെയ്തതായും ചൊവ്വാഴ്ച രാവിലെയോടെ കണ്ണു തുറക്കുകയും കരച്ചില്‍ ശക്തമാക്കുകയും ചെയ്തതായി ഡോക്ടര്‍ പറയുന്നു.
ഇതേ രീതിയില്‍ അടുത്ത 48 മണിക്കൂറില്‍ കൂടുതല്‍ പ്രതികരണം കുഞ്ഞില്‍ നിന്നുണ്ടായാല്‍ മാത്രമേ പ്രതീക്ഷയ്ക്ക് വകയുള്ളൂവെന്നാണ് ഡോക്ടര്‍ പറയുന്നത്. ഓക്‌സിജന്‍ സഹായത്തോടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിലാണിപ്പോള്‍. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചത്.
Keywords: Ernakulam, News, Kerala, Child, New Born Child, Father, Doctor, Surgery, New born baby who attacked by her father; opened her eyes after surgery
Powered by Info News For You

Comments
Post a Comment