ഹാള്‍ ടിക്കറ്റിന് പിറകില്‍ എഴുതിയത് അഞ്ജുവിന്റെ കയ്യക്ഷരമല്ല; അത് പിന്നീട് കൂട്ടിച്ചേര്‍ത്തത്; പ്രിന്‍സിപ്പലിനെയും അതുമായി ബന്ധപ്പെട്ട മറ്റ് അധ്യാപകരെയും അറസ്റ്റു ചെയ്യണം; മകള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി ആത്മഹത്യ ചെയ്ത അഞ്ജു ഷാജിയുടെ പിതാവ്

കോട്ടയം: (www.kvartha.com 09.06.2020) പാലാ ചേര്‍പ്പുങ്കലില്‍ പരീക്ഷാ ഹാളില്‍ നിന്നിറങ്ങിയ അവസാനവര്‍ഷ ബി കോം വിദ്യാര്‍ത്ഥിനി അഞ്ജു ഷാജിയെ മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ പ്രതികരണവുമായി അഞ്ജുവിന്റെ പിതാവ് ഷാജിയും ബന്ധുക്കളും.

വാര്‍ത്താ സമ്മേളനത്തിലാണ് മകള്‍ കോപ്പിയടിക്കില്ലെന്ന് അഞ്ജുവിന്റെ പിതാവ് ആവര്‍ത്തിച്ചത് . ഹാള്‍ ടിക്കറ്റില്‍ കണ്ട കൈയ്യക്ഷരം അഞ്ജുവിന്റേതല്ല. അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും മകളെ കുറ്റക്കാരിയാക്കാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിനെയും അതുമായി ബന്ധപ്പെട്ട മറ്റ് അധ്യാപകരെയും അറസ്റ്റു ചെയ്യണമെന്നും പിതാവ് ആവശ്യപ്പെട്ടു.

Anju's father's reaction about her daughter's death, Kottayam, News, Trending, Suicide, Allegation, Press meet, Arrest, Kerala.

പരീക്ഷ എഴുതാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അഞ്ജു ഷാജി ഹാള്‍ ടിക്കറ്റിനു പിന്നില്‍ കോപ്പി എഴുതിയെന്ന ഹോളി ക്രോസ് കോളജിന്റെ അവകാശവാദം കുട്ടിയുടെ പിതാവ് പൂര്‍ണമായും നിഷേധിച്ചിരിക്കയാണ്. അത് അഞ്ജുവിന്റെ കൈപ്പടയല്ലെന്നും ഹാള്‍ ടിക്കറ്റ് കാണിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നപ്പോള്‍ അത് തങ്ങളെ കാണിച്ചിരുന്നില്ലെന്നും ഷാജി പറയുന്നു. ഹാള്‍ ടിക്കറ്റിനു പിന്നില്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണ് കോളജ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചതെന്നും ഷാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Anju's father's reaction about her daughter's death, Kottayam, News, Trending, Suicide, Allegation, Press meet, Arrest, Kerala.

കഴിഞ്ഞദിവസം പ്രിന്‍സിപ്പാളിന്റെ മൊബൈല്‍ നമ്പര്‍ ചോദിച്ചപ്പോള്‍ തരാന്‍ കഴിയില്ലെന്ന് പറഞ്ഞ അധ്യാപകനാണ് കോളജിനു വേണ്ടി വാര്‍ത്താസമ്മേളനം നടത്തിയത്. സംഭവത്തിനു ശേഷം ഞങ്ങള്‍ ഈ അധ്യാപകനുമായി ബന്ധപ്പെട്ടപ്പോള്‍ തനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് പറഞ്ഞത്. അദ്ദേഹം കോളജിന്റെയോ പള്ളിയുടെയോ ആരുമല്ല. കഴിഞ്ഞദിവസം കോളജ് കാണിച്ച സിസിടിവി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ട്.

വിഡിയോ എഡിറ്റ് ചെയ്തിട്ടുണ്ട്. പല ഭാഗങ്ങളും വിട്ടുവിട്ടാണ് കാണിച്ചത്. പൊലീസിന്റെ അന്വേഷണം കോളജിനു വേണ്ടിയുള്ളതാണ്. അത് ഞങ്ങളുടെ മോള്‍ക്കു നീതി നേടി തരില്ല. സര്‍ക്കാര്‍ മകള്‍ക്ക് നീതി വാങ്ങി നല്‍കണമെന്നും പിതാവ് പറഞ്ഞു. മുഴുവന്‍ രേഖകളും കോളജ് സമര്‍പ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ഞങ്ങള്‍ക്ക് സര്‍ക്കാര്‍ നീതി ലഭ്യമാക്കണം. പ്രിന്‍സിപ്പാളിനെതിരെ നടപടി എടുക്കണം. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. രാത്രി അച്ചന്റെ അടുത്തേക്ക് അന്വേഷിക്കാന്‍ പോയപ്പോള്‍ ഏതെങ്കിലും ആണ്‍കുട്ടികളോടൊപ്പം പോയിട്ടുണ്ടാവുമെന്ന് പറഞ്ഞുവെന്നും അഞ്ജുവിന്റെ പിതാവ് പറഞ്ഞു.

രാത്രി 10 മണിക്കാണ് എസ് ഐയോടൊപ്പം കോളജില്‍ കയറി ഞങ്ങള്‍ സിസിടിവി ദൃശ്യങ്ങള്‍ കണ്ടത്. അതില്‍ പേപ്പര്‍ തട്ടിപ്പറിക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. അതൊക്കെ നീക്കം ചെയ്താണ് കോളജ് അധികൃതര്‍ കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചത്. പള്ളിയിലെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം ചോദിച്ചപ്പോള്‍ ക്യാമറകള്‍ കേടാണെന്ന് അറിയിച്ചിരുന്നു. അതാണ് കഴിഞ്ഞദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ കുട്ടി ഇറങ്ങിപ്പോകുന്നതായി കാണിച്ചത്.

അഞ്ജുവിനെ പരീക്ഷാ ഹാളില്‍ നിന്നും ഇറക്കിവിട്ടെന്ന് അടുത്തിരുന്ന വിദ്യാര്‍ഥി പറഞ്ഞാണ് അറിഞ്ഞത്. ഒരു തെറ്റിദ്ധാരണയുടെ പുറത്ത് അവളോട് പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞദിവസം ആ കുട്ടി പരീക്ഷയ്ക്ക് വരുന്നതുവരെ ഇങ്ങനെയാണ് പറഞ്ഞതെന്നും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു. എന്നാല്‍ തിങ്കളാഴ്ച വന്നപ്പോള്‍ ആ കുട്ടി അതു മാറ്റിപ്പറഞ്ഞു. ആ കുട്ടിയെ ആരോ ബ്രെയിന്‍വാഷ് ചെയ്തിട്ടുണ്ടെന്നും അഞ്ജുവിന്റെ പിതാവ് പറഞ്ഞു.

മകളെ കാണാതായ ദിവസം ആ കുട്ടി പറഞ്ഞതനുസരിച്ചാണ് ബന്ധുവിനെ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. അവര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ ബാഗും മറ്റും മാത്രമാണ് കണ്ടത്. അന്നു രാത്രി തന്നെ പ്രിന്‍സിപ്പലിനെ വിളിച്ചിരുന്നു. എന്തിനാണ് എന്റടുത്തോട്ട് വന്നത്, വല്ല ആണ്‍പിള്ളേരുടെയും പുറകേ പോയി കാണുമെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞതെന്നും കുടുംബം ആരോപിച്ചു. പ്രന്‍സിപ്പല്‍ അവളെ മാനസികമായി പീഡിപ്പിച്ചെന്നും മിനിറ്റുകളോളം മകള്‍ ക്ലാസ് റൂമില്‍ ഇരുന്നു കരഞ്ഞത് ദൃശ്യങ്ങളില്‍ കാണാമെന്നും പിതാവ് പറഞ്ഞു.

പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞപ്പോള്‍ മൃതദേഹവുമായി പൊലീസ് എങ്ങോട്ടോ പോയിട്ടുണ്ട്. എങ്ങോട്ടാണെന്ന് അറിയില്ല. ആംബുലന്‍സില്‍ കയറിയ ബന്ധുവിനെ പൊലീസ് ഇറക്കി വിട്ട് എസ് ഐ മുന്നില്‍ കയറിയെന്ന് കുട്ടിയുടെ ബന്ധു പറഞ്ഞു. എട്ടുമണി ആയപ്പോള്‍ താന്‍ അച്ചന്റെ അടുക്കല്‍ എത്തിയതാണ്. അപ്പോഴാണ് കുട്ടി ആരുടെയെങ്കിലും കൂടെ ഒളിച്ചോടിയിട്ടുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞത്, എന്നാല്‍, രാത്രി 10 മണിക്ക് പൊലീസ് അറിയിച്ചപ്പോഴാണ് തങ്ങള്‍ ഇക്കാര്യം അറിഞ്ഞതെന്നാണ് അച്ചന്‍ പിന്നീട് പറഞ്ഞതെന്നും കുട്ടിയുടെ ബന്ധു പറഞ്ഞു.

Keywords: Anju's father's reaction about her daughter's death, Kottayam, News, Trending, Suicide, Allegation, Press meet, Arrest, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?