കൊട്ടിയൂര്‍ ഉത്സവം ഇക്കുറി ആള്‍ക്കൂട്ടമില്ലാതെ; ജൂണ്‍ മൂന്നിന് നെയ്യാട്ടത്തോടെ തുടക്കം
തലശേരി: (www.kvartha.com 21.05.2020) ഈ വര്‍ഷത്തെ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ആള്‍ക്കൂട്ടമൊഴിവാക്കി ചടങ്ങുകള്‍ മാത്രമായി നടത്താന്‍ കര്‍ശന ഉപാധികളോടെ ജില്ലാ കളക്ടര്‍ ടി വി സുഭാഷ് അനുമതി നല്‍കി. നിലവിലുള്ള സാഹചര്യം അനുസരിച്ച് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചും ഭക്തജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കാതെയും അടിയന്തിര ചടങ്ങുകള്‍ നടത്തിക്കൊള്ളാനാണ് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവ് നല്‍കിയത്.
സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ചു അടിയന്തിര ചടങ്ങുകള്‍ നടത്താന്‍ അനുമതി ആവശ്യപ്പെട്ട് തഹസില്‍ദാര്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടറുടെ നടപടി. ആരാധനാലയങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കരുതെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ശന നിര്‍ദേശം നിലവിലുള്ളതിനാല്‍ അത് പാലിക്കണമെന്നും, ഏറ്റവും കുറഞ്ഞ ആളുകളെ മാത്രം ഉള്‍പ്പെടുത്തി വേണം അടിയന്തിര ചടങ്ങുകള്‍ നടത്തേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് രോഗ ലക്ഷണങ്ങള്‍ ഇല്ല എന്ന് ഉറപ്പു വരുത്തണമെന്നും ഇവര്‍ ചടങ്ങുകള്‍ നടത്തുമ്പോള്‍ സാമൂഹ്യ അകലം പാലിക്കാന്‍ ശ്രമിക്കണമെന്നും അക്കരെ സന്നിധാനത്ത് ശാരീരിക ശുചിത്വ സംവിധാനങ്ങള്‍ ഒരുക്കണമെന്നും നിബന്ധനയുണ്ട്.
വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭ ചടങ്ങുകളായ ദൈവത്തെ കാണലും, പ്രാക്കൂഴവും ചടങ്ങുകള്‍ മാത്രമായി നടത്തുവാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ ജൂണ്‍ ആദ്യവാരം തുടങ്ങേണ്ടുന്ന അക്കരെ സന്നിധാനത്തിലെ ചടങ്ങുകളെ കുറിച്ച് ആശങ്ക നിലനില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് സര്‍ക്കാര്‍ തലത്തില്‍ ഉത്സവം നടത്താന്‍ അനുമതി നല്‍കിയത്. കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചു പരമാവധി സുരക്ഷയോടെ ഉത്സവം നടത്താന്‍ ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ദേവസ്വം ട്രസ്റ്റി ഭാരവാഹികള്‍ അറിയിച്ചു.
Keywords: Thalassery, News, Kerala, Festival, Temple, Religion, District Collector, Kottiyoor Vysakha Mahotsavam
Powered by Info News For You

Comments
Post a Comment