എബ്രഹാം ലിങ്കന്റെ മീശയും പി ആര്‍ വര്‍ക്കും പിണറായി പേടിക്കുന്നതാരെ?


ഭാമനാവത്ത് 

കണ്ണൂര്‍: (www.kvartha.com 20.05.2020) ചരിത്രത്തിലെ മനോഹരമായൊരു പി ആര്‍ വര്‍ക്ക് ഇപ്പോള്‍ ഓര്‍മ വരികയാണ്. പണ്ട് നമ്മളൊക്കെ സ്‌കൂളില്‍ പഠിച്ച കാര്യമാണ്. എബ്രഹാം ലിങ്കണ്‍ ആദ്യമായി അമേരിക്കന്‍ പ്രസിഡന്റായി മത്സരിക്കുന്ന സമയം. മീശയില്ലാത്ത ലിങ്കനായിരുന്നു ചിത്രങ്ങളില്‍. സ്വതവേ പരുക്കന്‍ മുഖമുള്ള ലിങ്കന് അതൊട്ടും ചേരുമായിരുന്നില്ല. എന്നാല്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അദ്ദേഹത്തിന് ഒരു നീട്ടിവലിച്ച് പെന്‍സില്‍ കൊണ്ട് നോട്ടുപുസ്തകത്തിലെ താള്‍ വലിച്ചു കീറി ഒരു കത്തെഴുതി. താങ്കള്‍ ഒരുമീശ കൂടി വെച്ചിരുന്നെങ്കില്‍ പൊളിക്കും. ഈ കോലത്തില്‍ എന്റെ മാതാപിതാക്കള്‍ താങ്കള്‍ക്ക് വോട്ടു ചെയ്യുമെന്ന് തോന്നുന്നില്ല പറഞ്ഞത് കുട്ടിയാണെങ്കിലും കാര്യം ലിങ്കന് കത്തി. അതദ്ദേഹത്തിന്റെ മഹത്വം. എന്തു തന്നെയായാലും ലിങ്കന്‍ മീശ വെച്ചു പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.

പബ്ലിക് റിലേഷന്‍സും പിണറായി വിജയനും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ഒരു മുദ്രാവാക്യം ഏറെ ക്ലച്ച് പിടിച്ചതായിരുന്നു. നാട്ടിലെ കൊച്ചു കുട്ടിയുടെ ചുണ്ടില്‍ പോലും അതുണ്ടായിരുന്നു, എല്‍ഡിഎഫ് വരും എല്ലാം ശരിയാകും. ഇതൊന്നും എകെജി സെന്ററില്‍ നിന്നുമുണ്ടായതല്ല പി ആര്‍ ബുദ്ധി കേന്ദ്രങ്ങള്‍ സൃഷ്ടിച്ചതാണ്. പിന്നീട് വന്ന ലോക് സഭാ തെരഞ്ഞെടുപ്പില്‍ നാടു മുഴുവന്‍ വന്‍കിട ഹോള്‍ഡിങ് വെച്ചതും സിപിഎം തന്നെയാണ്. അതും ഒരു പി ആര്‍ കമ്പനി. അന്ന് പറഞ്ഞത് വര്‍ഗീയത വീഴും വികസനം വാഴുമെന്നാണ്. അപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പബ്ലിക് റിലേഷന്‍സ് ഏര്‍പ്പാടുകള്‍ ചെയ്യുന്നതില്‍ തെറ്റില്ലന്നല്ലേ.

മുഖ്യമന്ത്രി നടത്തുന്ന നാം മുന്നോട്ട് ചാനല്‍ പരിപാടി ഒന്നാന്തരം പിആര്‍ വര്‍ക്ക് തന്നെയാണ്. അവിടെ നിങ്ങള്‍ പോയി കയ്യില്‍ കുത്ത് എന്ന് മാധ്യമപ്രവര്‍ത്തകരോട് പറയുന്ന മുഖ്യമന്ത്രിയല്ല, ചിരിച്ചുകൊണ്ടിരിക്കുന്ന പിണറായി വിജയനെയാണ് കാണുന്നത്. തനിക്ക് താല്‍പര്യമുള്ള ചോദ്യം മാത്രം ചോദിക്കുന്നവരെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു സുരക്ഷിതത്വം അതിനുണ്ട്. ഒന്നരക്കോടിയിലേറെയാണ് പരിപാടി എയറില്‍ വിടാന്‍ ചെലവെന്ന് മാത്രം. ഇതു കൂടാതെ സാധാരണ സര്‍ക്കാര്‍ നല്‍കുന്ന പത്ര പരസ്യങ്ങള്‍, സൈബര്‍ സഖാക്കളുടെ സോഷ്യല്‍ മീഡിയയിലെ തളളുകള്‍, നാട്ടിലെമ്പാടും ഉയരുന്ന ഫ്‌ളക്‌സുകള്‍ ഇങ്ങനെ പോകുന്നു പി ആര്‍ വകുപ്പിന്റെ നീണ്ട നിര. സൂപ്പര്‍ സ്റ്റാര്‍ രാജപ്പന്‍ പറഞ്ഞതുപോലെ എങ്ങും എന്റെ തല/ എന്റെ മുഖം എന്നിവ മാത്രം. ബൂസ്റ്റിങ്ങല്ല അതുക്ക് മേലെ.

ആദര്‍ശധീരന്‍മാരായ എ കെ ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയുമൊക്കെ മലയാള മനോരമ സൃഷ്ടിച്ച പൊയ്മുഖങ്ങളാണെന്ന് സിപിഎമ്മും ദേശാഭിമാനിയും നേരത്തെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളിലൊന്നാണ്. മനോരമ അവരെ ഒരു പാട് ബൂസ്റ്റ് ചെയ്തിട്ടുണ്ടെന്ന കാര്യം സത്യമാണ്. മികച്ച ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായ കെ കരുണാകരന്‍ എന്ന ലീഡര്‍ വീണു പോയതും ആ വാരിക്കുഴിയിലാണ്. നേരത്തെ പത്രങ്ങള്‍ ചില നേതാക്കളെ വല്ലാതെ ബൂസ്റ്റ് ചെയ്തിരുന്നു. അതിനാല്‍ പലരും രക്ഷപ്പെടുകയും ചെയ്തു.

ആധുനിക ഇന്ത്യയില്‍ പ്രശാന്ത് കിഷോ റൊക്കെ ചെയ്യുന്നത് ഇതിന്റെ മറ്റൊരു പതിപ്പാണ് വെറുമൊരു മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പിനി ഉടമയായ ഡൊണള്‍ഡ് ട്രം പ് അമേരിക്കന്‍ പ്രസിഡന്റായതും പി ആര്‍ വര്‍ക്കിന്റെ മറ്റൊരു ഫലമാണ്. നേരത്തെ സിപിഎം നടത്തുന്ന ആഡംബര സംസ്ഥാന സമ്മേളനങ്ങളുടെ പിന്നില്‍ വന്‍കിട പി ആര്‍ കമ്പിനികളാണെന്ന് ആരോപണം ഉന്നയിച്ചത് സിപിഐ നേതാവ് അന്തരിച്ച സി- കെ ചന്ദ്രപ്പനായിരുന്നു അപ്പോള്‍ കഴിഞ്ഞ ദിവസം പിണറായി പറഞ്ഞതുപോലെ ഇന്നത് പറയൂ എന്ന് ആരെങ്കിലും ഇയര്‍ഫോണിലൂടെ പറഞ്ഞു കൊടുക്കുന്നതല്ല പി ആര്‍ വര്‍ക്ക്. തനിക്ക് ചുറ്റും കാക്കത്തൊള്ളായിരം ഉപദേശകരുള്ള ബഹുമാനപ്പെട്ട മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ച കാമ്പുള്ള ചോദ്യം ലളിതവത്കരിച്ചതോ സ്വയം മറന്നതോ ആണ്.

Kannur, News, Kerala, Pinarayi vijayan, Public Relations, Journalist, Public Relations and Pinarayi Vijayan

Keywords: Kannur, News, Kerala, Pinarayi vijayan, Public Relations, Journalist, Public Relations and Pinarayi Vijayan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?