പൊതുസ്ഥലങ്ങളില്‍ അണുനാശിനി തളിക്കുന്നത് കൊവിഡ് 19നെ ഇല്ലാതാക്കില്ല: ലോകാരോഗ്യ സംഘടന
ജനീവ: (www.kvartha.com 17.05.2020) പൊതുസ്ഥലങ്ങളിലും റോഡുകളിലും അണുനാശിനി തളിക്കുന്നത് കൊവിഡ് 19നെ ഇല്ലാതാക്കില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച് ഒ). പൊതുയിടങ്ങളില്‍ കുമിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങളും അവശിഷ്ടങ്ങളും അണുനാശിനിയെ നിര്‍വീര്യമാക്കുമെന്നും അണുനാശിനി തളിക്കുന്നത് മനുഷ്യന്റെയും മറ്റു ജീവികളുടെയും ആരോഗ്യത്തിനും ഇത് ഹാനികരമാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കുന്നു.
അണുനാശിനി എല്ലാ പ്രതലത്തിലും ഒരേ അളവില്‍ തളിക്കുക പ്രായോഗികമല്ല. രോഗാണുക്കള്‍ നിഷ്‌ക്രിയമാകാനെടുക്കുന്ന സമയം വരെ അണുനാശിനിയുടെ ഫലം നിലനില്‍ക്കാനുള്ള സാധ്യത കുറവുമാണ്. കൊവിഡ് വൈറസ് ബാധിച്ച ഒരാളുടെ ശരീരസ്രവങ്ങളില്‍ നിന്ന് രോഗം പടരുന്നത് തടയാന്‍ ഇത് മൂലം സാധിക്കില്ല. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അണുനാശിനിയായി ഉപയോഗിക്കുന്ന ക്ലോറിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കണ്ണ്, ത്വക്ക്, ശ്വാസകോശം, ആമാശയം എന്നീ ശരീരഭാഗങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കാനും ഇടയാക്കുമെന്നും തുണി ഉപയോഗിച്ചോ മറ്റോ അണുനാശിനി പുരട്ടുന്നതാണ് കുറച്ചുകൂടി ഫലപ്രദമെന്നും ഡബ്ല്യു എച്ച് ഒ അറിയിച്ചു.
Keywords: News, World, COVID19, Trending, Health, WHO, Spray, Spraying disinfectants in open spaces doesn’t eliminate COVID-19: WHO
Powered by Info News For You

Comments
Post a Comment