അവഗണിക്കപ്പെട്ട് വനാന്തരങ്ങളില്‍ പുറം ലോകത്തെ വിശേഷങ്ങള്‍ അറിയാതെ ഇവിടെ കുറച്ച് 'മനുഷ്യര്‍'

വെള്ളരിക്കുണ്ട്: (https://ift.tt/2xQG6mh)  ലോകം കൊറോണ  മഹാമാരിയില്‍ പെട്ട് വിറങ്ങലിക്കുബോള്‍ പുറംലോകത്തെ വിശേഷങ്ങള്‍ അറിയാതെഅവഗണനയുടെ വനാന്തരങ്ങളില്‍ കഴിയുന്ന കുറച്ചു മനുഷ്യരുണ്ട് ഇന്നും ഈ നാട്ടില്‍. ഇവര്‍ക്ക് ഇപ്പോഴത്തെ സ്ഥിതി അറിയില്ല. ആവശ്യത്തിനും അനാവശ്യത്തിനും പുറത്തിറങ്ങേണ്ട. കാലത്തിന്റെ മാറ്റമറിയില്ല. പുറംലോകവുമായി ബന്ധമില്ല. കാസര്‍കോട് ജില്ലയിലെ ബളാല്‍ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍പ്പെട്ട പള്ളത്തുംമല പള്ളിക്കളം കോളനിയില്‍ പെട്ട മനുഷ്യരാണിവര്‍.
Kasaragod, Vellarikundu, Kerala, News, Natives, Pallikkalam Colony natives in trouble

കോളനിയിലെ താഴത്തു വീട്ടില്‍ പൊക്കിളന്‍ (68), കരിന്തളന്‍(68), ഭാര്യ കാരിച്ചി (58), കൃഷ്ണന്‍ (57), ഭാര്യതമ്പായി (48), ബാലകൃഷ്ണന്‍ (56) എന്നിവരാണ് ആരോടും പരാതി പറയാതെ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ വര്‍ഷങ്ങളായി ഈ കൊടിയ വനത്തിന് നടുവില്‍ ജീവിക്കുന്നത്.

ജീപ്പിനാണ് പോകുന്നതെങ്കില്‍ പരപ്പ ടൗണില്‍ നിന്ന് പള്ളത്തുംമലയിലേക്ക് എട്ടുകിലോമീറ്റര്‍ ദൂരമുണ്ട്. അവിടെനിന്നു പള്ളികളം കോളനിയില്‍ എത്തണമെങ്കില്‍ ഘോര വനത്തിലൂടെ മുളങ്കാടുകള്‍ നിറഞ്ഞ വഴിയില്‍ കൂടി രണ്ട് കിലോമീറ്റര്‍ കൂടി നടക്കണം. കൊടും വനത്തിലൂടെ കുത്തനെയുള്ള കാല്‍നടയാത്ര അവസാനിക്കുന്നിടത്താണ് പള്ളിക്കളം കോളനി.

വര്‍ഷങ്ങള്‍ക്ക് മുമ്പ്  എട്ട് കുടുംബങ്ങള്‍ ഉണ്ടായിരുന്നു ഇവിടെ. കാട്ടു പന്നിയുടെയും കുരങ്ങിന്റെയും ശല്യം സഹിക്കവയ്യാതായപ്പോള്‍ നാലു കുടുംബങ്ങള്‍ മലയിറങ്ങി. അവശേഷിക്കുന്നവരാണ് കൃഷ്ണനും കരിന്തളനും പൊക്കിളനും ഒക്കെ. അറുന്നൂറേക്കര്‍ റിസര്‍വ് വനത്തിന് നടുവില്‍ ആറേക്കര്‍ സ്ഥലത്ത് ഇന്ന് അവശേഷിക്കുന്നത് കരിന്തളന്റെയും കൃഷ്ണന്റെയും ബാലകൃഷ്ണന്റെയും കുടുംബഗളാണ്. ആരും തുണയിലല്ലാതെ ഒരുവീട്ടില്‍ കേള്‍വി ശക്തി കുറവുള്ള പൊക്കിളനും ഒരു കുടിലിലുണ്ട്.

വനപ്രദേശമായതിനാല്‍ ആരും ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല. അവഗണനയുടെ ജീവിക്കുന്ന നേര്‍സാക്ഷ്യങ്ങള്‍. അസുഖം വന്നാല്‍ ചികിത്സിക്കാന്‍ മണിക്കൂറുകളോളം നടക്കണം. രോഗം മൂര്‍ഛിച്ചാല്‍ മരണം ഉറപ്പ്. വനത്തില്‍ നിന്ന് ലഭിക്കുന്ന കാട്ടുകിഴങ്ങും പഴവും ചക്കയും ഒക്കെ ഉള്ളത് കൊണ്ട് റേഷന്‍ മുടങ്ങിയാലും പട്ടിണി കിടക്കേണ്ടി വരാറില്ലെന്ന് മാത്രം.

ബളാല്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ ഉള്‍പ്പെട്ടതാണ് പള്ളിക്കളം കോളനി. വിശാലമായ വനത്തിന്റെ നടുവില്‍ മുളയിലയും മുളവടിയും ഓലയും കൊണ്ട് മറച്ചു വെച്ച കുടില്‍. വെറും നിലത്താണ് കരിന്തളനും പൊക്കിളനുമെല്ലാം ഇന്നും അന്തിയുറങ്ങുന്നത്. പരപ്പയില്‍ നിന്നോ ഇടത്തോട് നിന്നോ ആണ് ഇവിടേക്ക് ജീപ്പ് വരേണ്ടത്. അതും രണ്ടു കിലോമീറ്റര്‍ അകലെ മലമുകളിലേക്ക്.

കോളനിയിലെ ആര്‍ക്കെങ്കിലും അപകടം സംഭവിച്ചാല്‍ ഒരു വണ്ടി വിളിക്കാന്‍ ഇവിടെ നിന്ന് നടന്നെത്തുമ്പോഴേക്കും അപകടത്തില്‍പ്പെട്ട ആള്‍ മരിച്ചിരിക്കുമെന്ന് കരിന്തളന്‍ പറയുന്നു. ആരെങ്കിലും മരിച്ചാലും മൃതദേഹം പലപ്പോഴും കുഴിച്ചിടുകയാണ് പതിവ്. മൃതദേഹം ദഹിപ്പിക്കാനാവശ്യമായ വിറകുകളും സ്ഥലവും ഇവര്‍ക്ക് അന്യമാണ്. തീ പുകയ്ക്കാന്‍ വനത്തില്‍ നിന്ന് വിറക് ശേഖരിക്കുന്നത് തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ചാണ്.

കുരങ്ങും പന്നിയുമൊക്കെയാണ് ഇവരുടെ അതിഥികള്‍. നട്ടുനനച്ചുണ്ടാക്കിയതൊക്കെ കുരങ്ങുകളും പന്നിയും കൊണ്ടുപോകുമ്പോള്‍ പള്ളിക്കുളം കോളനിക്കാര്‍ക്കു പരാതിയില്ല. മൃഗങ്ങളെ കെണിവെച്ചു കുരുക്കുന്ന രീതിയൊന്നും ഇവര്‍ക്കില്ല. പട്ടികകജാതി സംവരണമായതിനാല്‍ പഞ്ചായത്തില്‍ വനിതാ സാരഥിയാണ്. പള്ളികുളം കൂടി ഉള്‍പ്പെടുന്ന പള്ളത്തു മല വാര്‍ഡില്‍ നിന്നും വിജയിച്ച മെമ്പറാണ് പഞ്ചായത്തു പ്രസിഡന്റ്. അതു കൊണ്ടെന്നോണം പള്ളിക്കളത്തു വെളിച്ചം നല്‍കുവാനായി പഞ്ചായത്തു സോളാര്‍ സംവിധാനം നല്‍കിയിരുന്നു. കോളനിയിലെ നാല് കുടുംബങ്ങള്‍ക്കു വെളിച്ചം നല്‍കാന്‍ സ്ഥാപിച്ച ഹൈടെന്‍ഷന്‍ സോളാര്‍ പദ്ധതി കുറച്ചു മാസങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് നിലച്ച സോളാര്‍വെളിച്ചം ഇവിടെയുള്ളവര്‍ക്ക് ഒരുവര്‍ഷമായി ഇല്ല. നന്നാക്കാനെന്ന പേരില്‍ വന്ന ഒരാള്‍ ഒരുസോളാര്‍ പാനല്‍ എടുത്തു കൊണ്ട് പോയതായി ഇവിടെയുള്ളവര്‍ പറയുന്നു.

വൈദ്യുതി ഇല്ലായെന്ന് പള്ളിക്കുളം കോളനിക്കാര്‍ സങ്കടം പറഞ്ഞ വകയിലാണ് രണ്ടു വര്‍ഷം മുമ്പ്  പഞ്ചായത്തില്‍ നിന്ന് സോളാര്‍ പാനല്‍ കോളനിയില്‍ സ്ഥാപിച്ചത്.പാനല്‍ വന്ന് ആദ്യത്തെ ഒരു ദിവസം കോളനിയിലുള്ള വീടുകളില്‍ വെളിച്ചമെത്തി. എന്നാല്‍ പിന്നീട് എന്തോ തകരാറു വന്ന് അത് പ്രവര്‍ത്തിച്ചിട്ടില്ല. സോളാര്‍ വെളിച്ചത്തിന്റെ ഉപകരണങ്ങള്‍ എല്ലാം വെച്ചിരുന്നത് കോളനിയിലെ പൊക്കിളന്റെ കുടിലിലാണ്.

വെറും നിലത്ത് വെച്ചിരിക്കുന്ന ഉപകരണങ്ങള്‍ പൂര്‍ണ്ണമായും നശിച്ചു തുടങ്ങി. സോളാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ പഞ്ചായത്തീന്ന് ആരോ നന്നാക്കാന്‍ വന്നു. അന്ന് ഒരു പാനല്‍ ആരോ എടുത്തുകൊണ്ട് പോയിട്ട് ഇതുവരെ തിരികെ വെച്ചിട്ടില്ലെന്ന് പൊക്കിളന്‍ പറയുന്നു. ഇന്നിപ്പോള്‍ പൊക്കിളന്റെ കുടിലില്‍ പൊക്കിളന്‍ തനിച്ചാണ്. രണ്ട് മക്കളയും വിവാഹം ചെയ്ത് അയച്ചു.

കേള്‍വി കുറവുള്ള പൊക്കിളന്‍ എന്നെങ്കിലും തന്റെ വീട്ടിലെ സോളാര്‍ ബള്‍ബുകള്‍ പ്രകാശിക്കുമെന്ന പ്രതീക്ഷയില്‍ ഇതിനു കാവലിരിക്കുകയാണ്. സോളാര്‍ ഉപകരണങ്ങള്‍ക്ക് ചെറ്റക്കുടിലിലെ മുറിനല്‍കിയപ്പോള്‍ പൊക്കിളന്‍ ഇപ്പോള്‍ പാമ്പിന്റെ ശല്യമുള്ള കുടിലില്‍ചാരം നിറഞ്ഞ മണ്‍ തറയിലാണ് അന്തിയുറങ്ങുന്നത്. നേരത്തെ എട്ട് പട്ടികജാതി കുടുംബങ്ങള്‍ ഉണ്ടായിരുന്നപ്പോള്‍ ഇവരുടെ മക്കള്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതിനായി ഇവിടൊരു ഏകാധ്യാപക വിദ്യാലയം ഉണ്ടായിരുന്നു. പല്ലിക്കളം വനത്തോട് ചേര്‍ന്ന കുറുമാണത്തായിരുന്നു ഇത്. എന്നാല്‍ ഈ ഏകാദ്ധ്യാപക വിദ്യാലയം അടച്ചിട്ട് വര്‍ഷങ്ങളായി എന്ന്
കോളനിക്കാര്‍ പറയുന്നു. വിദ്യാലയത്തിന് വേണ്ടി സര്‍ക്കാര്‍ നിര്‍മ്മിച്ച കെട്ടിടവും ഇപ്പോള്‍ കാലപ്പഴക്കത്താല്‍ നിലംപൊത്തി തുടങ്ങി.

പള്ളിക്കളംകോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ ആരംഭിച്ച ഏകാദ്ധ്യാപക വിദ്യാലയം അടഞ്ഞതോടെ ഇനിയുള്ള തലമുറകളുടെ വിദ്യാഭ്യാസം എന്നത് അടഞ്ഞ അദ്ധ്യായമായി മാറി.

റിപോര്‍ട്ട്: സുധീഷ് പുങ്ങംചാല്‍


Keywords: Kasaragod, Vellarikundu, Kerala, News, Natives, Pallikkalam Colony natives in trouble


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?