വടക്കെ മലബാറില്‍ വ്യാജ കാസ്റ്റിങ് ഡയറക്ടര്‍മാര്‍ വിലസുന്നു; കടിഞ്ഞാണിടാന്‍ ഫെഫ്ക
കണ്ണൂര്‍: (www.kvartha.com 06.03.2020) നവാഗതരായ സിനിമാ മോഹികളെ ചതിയില്‍ വീഴ്ത്താന്‍ വ്യാജ കാസ്റ്റിങ് ഡയറക്ടര്‍മാര്‍ വിലസുന്നു. മലപ്പുറം മുതല്‍ കാസര്‍കോട് വരെ ഇവരുടെ ചതിയില്‍ വീണ നവാഗത സിനിമാ മോഹികള്‍ ഏറെയാണ്. പ്രമുഖ ബാനറുകളുടെയും സംവിധായകരുടെയും പേര് പറഞ്ഞാണ് തട്ടിപ്പ് നടത്തുന്നത്. ഇവരുടെ കെണിയില്‍ വീണ് മാനവും പണവും പോകുന്നവര്‍ ഒട്ടേറെയാണ്. മലയാള സിനിമാരംഗത്ത് കാസ്റ്റിംഗ് ഡയറക്ടര്‍മാര്‍ എന്നു പറഞ്ഞുള്ള തട്ടിപ്പുകള്‍ വ്യാപകമാണെന്ന റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് സിനിമാ സംഘടനയായ ഫെഫ്ക അന്വേഷണമാരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ ഒട്ടേറെ പരാതികളാണ് ഫെഫ്കയ്ക്ക് ലഭിച്ചത്. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ഭാഗങ്ങളിലാണ് തട്ടിപ്പ് കൂടുതല്‍ നടന്നത്. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് വ്യാജ കാസ്റ്റിങ് കോളുകളില്‍ ഭൂരിഭാഗവും പ്രചരിക്കുന്നത്. സിനിമയില്‍ പണം മുടക്കാമെങ്കില്‍ നായകനോ നായികയോ മറ്റ് പ്രധാന കഥാപാത്രങ്ങളോ ആകാമെന്ന് പറഞ്ഞാണ് വന്‍തോതില്‍ തട്ടിപ്പ് നടക്കുന്നത്. കൂടാതെ യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നുമുണ്ട്. ഓഡിഷന്‍ രജിസ്‌ട്രേഷന്‍ ഫീസ്, കരാര്‍ തുക, വര്‍ക്ക്‌ഷോപ്പ് ഫീസ്, ഫുഡ്-താമസം-യാത്ര-വസ്ത്രങ്ങള്‍ എന്നിവക്കുള്ള ചിലവ്, പ്രൊമോഷന്‍ ഫീസ് തുടങ്ങി വിവിധയിനം ചിലവുകള്‍ പറഞ്ഞും തട്ടിപ്പ് നടത്തുന്നുണ്ട്. എന്നാല്‍ ഇതിനു വിരുദ്ധമായി ഇംഗ്ലീഷ്, ഹിന്ദി, തമിഴ് സിനിമ മേഖലകളില്‍ പ്രൊഫഷണല്‍ കാസ്റ്റിങ് ഡയറക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നവരുണ്ട്. എന്നാല്‍ മലയാളത്തില്‍ ചുരുക്കം ചില ആള്‍ക്കാര്‍ മാത്രമേയുള്ളൂ.
ഇവര്‍ക്ക് രജിസ്‌ട്രേഷനോ സംഘടനയില്‍ അംഗത്വമോ ഇല്ലെന്നാണ് വസ്തുത. ഈ മേഖലയില്‍ തട്ടിപ്പ് തടയുന്നതിന് വ്യക്തിപരമായി പരിചയം ഇല്ലാത്തവരുടെ കാസ്റ്റിങ് കോളുകള്‍ ഫോര്‍വേഡ് ചെയ്യരുതെന്ന് ഫെഫ്ക അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഫെഫ്കയ്ക്ക് കീഴില്‍ കാസ്റ്റിങ് ഡയറക്ടര്‍മാര്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് വഴി വ്യാജന്മാരെ കണ്ടെത്താന്‍ കഴിയും. ഇത്തരക്കാരുടെ ചാറ്റിംഗ്, കോള്‍ റെക്കോഡിംഗ് എന്നിവയും ജനറല്‍ സെക്രട്ടറിയ്ക്ക് സമര്‍പ്പിക്കണമെന്നാണ് സംഘടനയുടെ നിര്‍ദേശം.
Keywords: Kannur, News, Kerala, Director, Cheating, Crime, Enquiry, Fake Casting Directors, North Malabar, Fake Casting Directors in North Malabar
Powered by Info News For You

Comments
Post a Comment