അമ്മയുടെ മൃതദേഹം സംസ്‌ക്കരിക്കാതെ ഓടയില്‍ തള്ളിയ മകന്‍ അറസ്റ്റില്‍; ചോദ്യം ചെയ്യലില്‍ സംസ്‌ക്കരിക്കാന്‍ സ്ഥലമില്ലാത്തതിനാലാണെന്ന് കുറ്റസമ്മതം

പാലാ: (www.kvartha.com 09.03.2020) അമ്മയുടെ മൃതദേഹം സംസ്‌കരിക്കാതെ ഓടയില്‍ തള്ളിയ മകന്‍ അറസ്റ്റില്‍. മാവേലിക്കര ചെട്ടികുളങ്ങര അമലാ ഭവനില്‍ പരേതനായ ബേബിയുടെ ഭാര്യ അമ്മുക്കുട്ടി (76) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയ മകന്‍ അലക്‌സ് ബേബിയെ (46) ആണ് പൊലീസ് അറസ്റ്റുചെയ്തത്.

മാര്‍ച്ച് അഞ്ച് വ്യാഴാഴ്ച പുലര്‍ച്ചെ പാലാ -തൊടുപുഴ സംസ്ഥാന പാതയില്‍ കാര്‍മല്‍ ആശുപത്രി റോഡിന് എതിര്‍വശത്തെ കലുങ്കിന് സമീപമാണ് അമ്മുക്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ആരുടേതെന്ന് കണ്ടെത്തുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തത്. അവിവാഹിതനായ അലക്‌സ് വാഹന ബ്രോക്കറാണ്. ഇയാള്‍ക്ക് ബന്ധുക്കളുമായി അടുപ്പം ഉണ്ടായിരുന്നില്ല.

Son dumped mother's body in a sewage canal, News, Arrested, Police, Case, Thodupuzha, Vehicles, Probe, Dead Body, CCTV, Treatment, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

അമ്മുക്കുട്ടിയും ഇളയമകന്‍ അലക്സും ചിങ്ങവനത്തെ സ്വകാര്യ ലോഡ്ജിലാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി താമസിച്ചുവരുന്നത്. പിതാവ് ബേബി 10 വര്‍ഷം മുമ്പ് മരിച്ചശേഷം സ്വന്തം നാടായ മാവേലിക്കരയിലെ വസ്തുക്കള്‍ വിറ്റ അലക്സ് അമ്മയെയും കൂട്ടി വിവധ സ്ഥലങ്ങളില്‍ മാറി മാറി താമസിച്ചുവരികയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച രാവിലെ അമ്മയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ അലക്സ് തയ്യാറായില്ല. ഉച്ചയോടെ അമ്മുക്കുട്ടി മരിച്ചു. രാത്രി ഒന്‍പതുമണിയോടെ മൃതദേഹം ലോഡ്ജ് മുറിയില്‍ നിന്നെടുത്ത് അലക്‌സ് സ്വന്തം കാറില്‍ കയറ്റി.

ലോഡ്ജിന്റെ ജീവനക്കാരോട് അമ്മയ്ക്ക് അസുഖമാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നും പറഞ്ഞാണ് പോയത്. തുടര്‍ന്ന് മൃതദേഹം കാറിലിരുത്തി ചങ്ങനാശ്ശേരി-അയര്‍ക്കുന്നം വഴി കൊണ്ടുപോയി പാലാ-തൊടുപുഴ റോഡില്‍ കലുങ്കിനോട് ചേര്‍ന്നുള്ള ചെടികള്‍ നിറഞ്ഞ ഓടയില്‍ തള്ളുകയായിരുന്നു.

എന്നാല്‍ പിടിയിലായപ്പോള്‍ അലക്സ് പൊലീസിനോട് പറഞ്ഞത് മൃതദേഹം സംസ്‌കരിക്കാന്‍ സൗകര്യമില്ലാത്തതിനാലാണ് ഓടയില്‍ ഉപേക്ഷിച്ചതെന്നാണ്. അതേസമയം അമ്മയുടെ പേരിലുള്ള വസ്തു 10 വര്‍ഷം മുന്‍പ് വിറ്റത് 60 ലക്ഷം രൂപയ്ക്കാണെന്നു പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

അമ്മയുടെ മൃതദേഹവുമായി പോയ അലക്‌സിനെ പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങളാണ് കുടുക്കിയത്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച് സംശയം തോന്നിയ പൊലീസ് കാറിനെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തില്‍ കാര്‍ പാലായിലുണ്ടെന്ന് വിവരം ലഭിച്ചു. മൃതദേഹം തള്ളിയശേഷം അലക്സ് കാര്‍ കെ എസ് ആര്‍ ടി സി പാര്‍ക്കിങ് മൈതാനിയില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് പാലായില്‍ ഒരു ലോഡ്ജില്‍ മുറിയെടുത്തശേഷം വിവിധ സ്ഥലങ്ങളില്‍ യാത്രചെയ്തു. പൊലീസ് സംഘം പാര്‍ക്കിങ് മൈതാനിയിലെ ജീവനക്കാരുടെ വേഷത്തില്‍ കാത്തുനിന്നു. ഞായറാഴ്ച കാര്‍ എടുക്കാന്‍ അലക്സ് എത്തിയപ്പോള്‍ പിടികൂടുകയായിരുന്നു.

കോട്ടയം എസ് പി യുടെ നിര്‍േദശപ്രകാരം പാലാ ഡിവൈ എസ് പി ഷാജിമോന്‍ ജോസഫ്, സി ഐ, വി എ സുരേഷ്, പൊലീസ് ഉദ്യോഗസ്ഥരായ തോമസ് സേവ്യര്‍, മാണി പി കെ, അബ്ബാസ് പി എ, ഷാജിമോന്‍ പിവി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

മൃതദേഹം മൂത്തമകന് കൈമാറും. അലക്സിന്റെ സഹോദരന്‍ ഗള്‍ഫില്‍ ജോലി ചെയ്യുകയാണ്. അദ്ദേഹം എത്തിയശേഷം മൃതദേഹം വിട്ടുകൊടുക്കും. രോഗിയായ ആള്‍ക്ക് തക്കസമയത്ത് വൈദ്യസഹായം നല്‍കാതെ മരണത്തിലേക്ക് തള്ളിവിട്ടതിന് ഐ പി സി 304-ാം വകുപ്പ് പ്രകാരമാണ് അലക്‌സിനെതിരെ കേസെടുത്തത്. ചികിത്സ നല്‍കാത്തതിനും മൃതദേഹത്തോട് അനാദരവ് കാണിച്ചതും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്.

അലക്‌സിനെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords: Son dumped mother's body in a sewage canal, News, Arrested, Police, Case, Thodupuzha, Vehicles, Probe, Dead Body, CCTV, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?