കാണാതായ 7 വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും തവിട്ടു നിറത്തിലുള്ള ഷാള്‍ കണ്ടെത്തി; മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്; വസ്ത്രങ്ങളെല്ലാം ശരീരത്തില്‍ തന്നെയുണ്ട്

കൊല്ലം: (www.kvartha.com 28.02.2020) കാണാതായ ഏഴു വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും തവിട്ടു നിറത്തിലുള്ള ഷാള്‍ കണ്ടെത്തി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വെള്ളിയാഴ്ച രാവിലെ പൊലീസ് വീണ്ടും നടത്തിയ പരിശോധനയിലാണ് തവിട്ടു നിറത്തിലുള്ള ഷാള്‍ കണ്ടെത്തിയത്.

ഇത് പെണ്‍കുട്ടി ധരിച്ചിരുന്നതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷാള്‍ പെണ്‍കുട്ടിയുടേത് അല്ലെന്ന് കണ്ടെത്തിയാല്‍ വീണ്ടും പരിശോധനകള്‍ വേണ്ടിവരുമെന്നാണ് സൂചന. മരണത്തില്‍ നാട്ടുകാരും ബന്ധുക്കളും സംശയമുന്നയിച്ചിരുന്നു.

No injuries were reported on Devananda's body inquest report, Kollam, News, Local-News, Trending, Dead Body, Police, Medical College, Natives, Missing, Kerala

വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ ദേവനന്ദ എന്ന ഏഴുവയസുകാരിയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ പള്ളിമണ്‍ ഇത്തിക്കരയാറ്റില്‍ നിന്നും കണ്ടെത്തുകയായിരുന്നു. മൃതദേഹം കിടന്ന സ്ഥലത്തു നിന്നും 30 മീറ്റര്‍ മാറിയാണ് ഷാള്‍ കണ്ടെത്തിയതെന്ന് മുങ്ങല്‍ വിദഗ്ദരും പറഞ്ഞു.

കാണാതായപ്പോള്‍ തവിട്ടു നിറത്തിലുള്ള ഷാള്‍ ദേവനന്ദ ധരിച്ചിരുന്നതായി കഴിഞ്ഞദിവസം വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞിരുന്നു. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളതും തവിട്ടു നിറത്തിലുള്ള ഷാള്‍ തന്നെയാണ്. മൃതദേഹം കിടന്ന സ്ഥലത്തോട് ചേര്‍ന്ന് പുഴയ്ക്ക് കുറുകെ നിര്‍മിച്ചിട്ടുള്ള നടപ്പാലത്തിന് സമീപമായിരുന്നു വീണ്ടും തെരച്ചില്‍ നടത്തിയത്.

അതേസമയം ദേവനന്ദയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഇല്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വസ്ത്രങ്ങളെല്ലാം മൃതദേഹത്തില്‍ തന്നെ ഉണ്ടായിരുന്നു. മുറിവുകളും മറ്റു ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും പ്രാഥമിക പരിശോധനയില്‍ പൊലീസിന് കണ്ടെത്താനായിട്ടില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ശാസ്ത്രീയ പരിശോധനകളടക്കം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ കാണാതായ ശേഷം 20 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയശേഷം ആറിന്റെ കരയില്‍ തന്നെ കിടത്തുകയായിരുന്നു. കുട്ടിയുടെ ബന്ധുക്കളും പിതാവും ഇവിടെയെത്തിയാണ് മൃതദേഹം കാണുകയും സ്ഥിരീകരിക്കുകയും ചെയ്തത്. വിദേശത്തായിരുന്ന കുട്ടിയുടെ പിതാവ് പ്രദീപ് കുമാര്‍ കാണാതായ വിവരമറിഞ്ഞ് വെള്ളിയാഴ്ച രാവിലെയാണ് നാട്ടിലെത്തിയത്. മകളുടെ മരണവാര്‍ത്തയറിഞ്ഞ പ്രദീപിനെ നാട്ടുകാര്‍ ചേര്‍ത്ത് പിടിച്ചുകൊണ്ടാണ് മൃതദേഹത്തിന് അരികിലേക്ക് എത്തിച്ചത്.

നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ് ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളായ ദേവനന്ദ (പൊന്നു) വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് കുട്ടിയെ കാണാതായത്.

അമ്മയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്തെ മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു.

തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും കുഞ്ഞ് അകത്തുറങ്ങുന്നതിനാല്‍ കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

Keywords: No injuries were reported on Devananda's body inquest report, Kollam, News, Local-News, Trending, Dead Body, Police, Medical College, Natives, Missing, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?