സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തിന് മികച്ച സൗകര്യമൊരുക്കിയ സംഘാടകരെ അഭിനന്ദിച്ച് എംപി നാവെടുത്തില്ല, അപ്പോഴേക്കും ഗ്യാലറി തകര്‍ന്നുവീണു, പിന്നീട് കേട്ടത് കൂട്ടക്കരച്ചില്‍

പാലക്കാട്: (www.kvartha.com 20.01.2020) സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തിന് മികച്ച സൗകര്യമൊരുക്കിയ സംഘാടകരെ അഭിനന്ദിച്ച് പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍ നാവെടുത്തില്ല, അതിന് മുമ്പേ അപ്പുറത്ത് നിന്നും കൂട്ടക്കരച്ചില്‍. കവുങ്ങ് തടി കൊണ്ട് കെട്ടിയുണ്ടാക്കിയ താല്‍ക്കാലി ഗ്യാലറി തകര്‍ന്നുവീഴുകയായിരുന്നു. കളി കാണാനെത്തിയ നിരവധി പേര്‍ കവുങ്ങുകള്‍ക്കിടയില്‍ വേദന കടിച്ചമര്‍ത്തി ഞെരിപിരി കൊള്ളുന്നു.

12 അടി മാത്രം പൊക്കമുണ്ടായിരുന്ന താത്കാലിക ഗാലറിയായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമായി. സ്ഥലത്തുനിന്ന് വാരിയെടുത്തവരെ കിട്ടിയ വാഹനത്തില്‍ കയറ്റി ഉടന്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി വേണ്ടത്ര ആംബുലന്‍സുകള്‍ ഇല്ലാതിരുന്നതിനാല്‍ സ്വകാര്യവാഹനങ്ങളിലാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അഗ്നിരക്ഷാസേനയുെട ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഗ്യാലറി നിര്‍മാണവുമായി ബന്ധപ്പെട്ട് നല്‍കിയിരുന്നില്ലെന്നും സൂചനയുണ്ട്.

അന്തരിച്ച ഫുട്‌ബോള്‍ താരം ധന്‍രാജിന്റെ കുടുംബ സഹായ നിധിയിലേക്ക് ധനശേഖരണാര്‍ത്ഥം സംഘടിപ്പിച്ച സെലിബ്രിറ്റി ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് അപകടമുണ്ടായത്. നിശ്ചയിച്ചതിലും വൈകിയാണ് ഉദ്ഘാടനച്ചടങ്ങ് തുടങ്ങിയത്. അത് കൊണ്ട് തന്നെ അക്ഷമരായിരുന്നു കാണികള്‍. തങ്ങളുടെ മുന്നില്‍ കാല്‍പന്ത് പ്രകടനവുമായി മുന്നേറുന്ന സൂപ്പര്‍ താരങ്ങളായിരുന്നു കാണികളുടെ മനസ് നിറയെ. എന്നാല്‍ അതെല്ലാം അസ്ഥാനത്താക്കിയാണ് അപകടം സംഭവിച്ചത്. നൂറാനി ടര്‍ഫ് മൈതാനത്തായിരുന്നു മത്സരം.

പ്രതീക്ഷ മുഴുവന്‍ മൈതാനത്തിറങ്ങുന്ന ഫുട്ബോള്‍ സൂപ്പര്‍താരങ്ങളുടെ പ്രകടനമായിരുന്നു. അതിനായി ഒരുമണിക്കൂര്‍ വൈകിത്തുടങ്ങിയ ഉദ്ഘാടനച്ചടങ്ങിനിടെയും വന്‍തോതില്‍ ഫുട്ബോള്‍ പ്രേമികള്‍ നൂറണി ടര്‍ഫ് മൈതാനത്തേക്ക് എത്തിക്കൊണ്ടിരുന്നു.

മുന്‍ ഇന്ത്യന്‍ താരം ബൈച്ചൂങ് ബൂട്ടിയ തിരക്കിനിടയിലും മൂന്ന് കുരുന്ന് മക്കളുമൊന്നിച്ചാണ് പ്രിയസുഹൃത്ത് ധനരാജിന്റെ കുടുംബത്തിന് ആശ്വാസമേകാനുള്ള ഫുട്ബോള്‍ മത്സരത്തിന് സിക്കിമില്‍ നിന്ന് എത്തിയത്. ഐ എം വിജയന്‍, ഷറഫലി, ആസിഫ് സഹീര്‍, വി പി ഷാജി, കുരികേശ് മാത്യു, മുഹമ്മദ് ഹക്കീം തുടങ്ങിയ വമ്പന്‍ താരനിര തന്നെ മൈതാനത്ത് അണിനിരക്കുകയും ചെയ്തിരുന്നു.

ഉദ്ഘാടനച്ചടങ്ങില്‍ ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷപ്രസംഗത്തില്‍ ധനരാജിന്റെ കുടുംബത്തിന് കൈയ്യയച്ച് സഹായിച്ച സുമനസ്സുകള്‍ക്ക് നന്ദിപറഞ്ഞ് പ്രസംഗം അവസാനിപ്പിച്ചു. തുടര്‍ന്ന്, ഉദ്ഘാടനപ്രസംഗത്തിനെഴുന്നേറ്റ വി കെ ശ്രീകണ്ഠന്‍ എംപി ഇത്രയും കാര്യക്ഷമമായി സെലിബ്രിറ്റി ഫുട്ബോള്‍ നടത്താന്‍ സൗകര്യമൊരുക്കിയ കെഎഫ്എ പ്രസിഡന്റിനെ അഭിനന്ദിക്കുന്നതിനിടെയാണ് ആഘോഷത്തിന് കൊഴുപ്പുകൂട്ടാനായി കിഴക്കുവശത്ത് ഡോലക് സംഘമിരുന്ന ഗാലറിയില്‍ നിന്ന് അലര്‍ച്ച ഉയര്‍ന്നത്.


Keywords: Kerala, palakkad, News, Accident, Football, Sports, Gallery collapsed in Palakad 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?