കണ്ണിലെ കൃഷ്ണ മണിപോലെ കാത്ത ഏകമകന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു; പ്രസവം നിര്‍ത്തിയ ലളിതയ്ക്ക് 54-ാം വയസില്‍ കൂട്ടായി ഇരട്ടക്കുട്ടികള്‍

തൃശ്ശൂര്‍: (www.kvartha.com 17.01.2020) കണ്ണിലെ കൃഷ്ണ മണിപോലെ കാത്ത ഏകമകന്‍ ബൈക്ക് അപകടത്തില്‍ മരിച്ചപ്പോള്‍ തളര്‍ന്നുപോയ ലളിതയ്ക്കും ഭര്‍ത്താവ് മണിക്കും ഒടുവില്‍ ഇരട്ട സൗഭാഗ്യം നല്‍കി കനിഞ്ഞനുഗ്രഹിച്ച് ദൈവം. 54-ാം വയസില്‍, ഐ വി എഫ്(ഇന്‍ വിട്രോഫെര്‍ട്ടിലൈസേഷന്‍) എന്ന കൃത്രിമ ഗര്‍ഭധാരണത്തിലൂടെയാണ് ലളിത രണ്ട് ആണ്‍കുട്ടികളുടെ അമ്മയായത്.

2017 മേയ് 17-നാണ് ബൈക്കില്‍ ലോറിയിടിച്ച് ദമ്പതികളുടെ ഏകമകന്‍ ഗോപിക്കുട്ടന്‍ മരിച്ചത്. ജീവിതം നിശ്ചലമായെന്നു തോന്നിത്തുടങ്ങിയതോടെയാണ് ജീവിത സായന്തനത്തിലും ഒരുകുഞ്ഞ് വേണമെന്ന ആഗ്രഹം ഈ ദമ്പതികള്‍ക്കുണ്ടായത്.

Mother lost their son in an accident gave birth to twins in age 54, Thrissur, News, Local-News, Hospital, Treatment, Lifestyle & Fashion, Child, Kerala

35-ാം വയസ്സില്‍ പ്രസവം നിര്‍ത്തിയ ലളിതയുടെ മുന്നിലുള്ള ഏകപോംവഴി കൃത്രിമഗര്‍ഭധാരണം മാത്രമായിരുന്നു. എന്നാല്‍ ഓട്ടോഡ്രൈവറായ മണിക്ക് അതിനുള്ള ചെലവ് താങ്ങാനാവുമായിരുന്നില്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ മണി ഗൈനക്കോളജിസ്റ്റ് ഡോ. കൃഷ്ണന്‍കുട്ടിയെ കാണാന്‍ പോയി.

കഷ്ടപ്പാടും ആഗ്രഹവും ഡോക്ടറോട് തുറന്നു പറഞ്ഞു. മരുന്നിന്റെ തുകമാത്രം നല്‍കിയാല്‍മതി ചികിത്സ സൗജന്യമായി ചെയ്തുതരാമെന്ന ഡോക്ടറുടെ വാക്കുകള്‍ അവര്‍ക്ക് ആശ്വാസമായി. ഏഴുമാസത്തെ ചികിത്സ വിജയം കണ്ടു. കൃത്രിമ ഗര്‍ഭധാരണത്തിലൂടെ മൂന്നുകുഞ്ഞുങ്ങള്‍. പക്ഷേ, വിധി പിന്നെയും അവരെ പരീക്ഷിച്ചു.

ഒരു കുഞ്ഞിനെ ഗര്‍ഭകാലത്ത് തന്നെ നഷ്ടമായി. നവംബര്‍ രണ്ടിന് തുടര്‍ ചികിത്സയ്ക്കായി ലളിതയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഡോ. റീന ഷാജിയുടെ നേതൃത്വത്തിലായിരുന്നു പിന്നീടുള്ള ചികിത്സ. 34-ാം ആഴ്ചയില്‍ ഡോ. മേഘ ജയപ്രകാശിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ജനിച്ചപ്പോള്‍ തൂക്കക്കുറവുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അവര്‍ പൂര്‍ണ ആരോഗ്യവാന്മാരാണ്.

'ഞങ്ങളുടെ ഗോപിക്കുട്ടനുപകരം ദൈവംതന്ന നിധികളാണ് ഇവര്‍. മൂത്തയാളെ ഞങ്ങള്‍ ഗോപിക്കുട്ടന്‍ എന്നുതന്നെ വിളിക്കും. ഇളയവനെ ഗോകുല്‍കുട്ടനെന്നും'. കൃഷ്ണമണിപോലെ കാത്ത ഏകമകന്‍ ബൈക്കപകടത്തില്‍ മരിച്ചപ്പോള്‍ തളര്‍ന്നുപോയ ലളിതയും മണിയും ഈ ഇരട്ടക്കുട്ടികളുടെ പാല്‍പുഞ്ചിരിയില്‍ വേദന മറക്കുകയാണ്.

തലോരിലെ കൊച്ചുവീട് വൃത്തിയാക്കിയിട്ടുവേണം മക്കളുമായി അവിടേക്കു കയറാനെന്ന് മണി പറയുന്നു. അതുവരെ അമ്മയും മക്കളും ഒളരിയിലുള്ള നഴ്‌സിങ് ഹോമിലാണു താമസം. 'ഇവര്‍ക്ക് ഇവിടുത്തെ ഡോക്ടര്‍മാര്‍ പേരിടാമെന്ന് പറഞ്ഞിട്ടുണ്ട്, ഞങ്ങളിട്ടത് വിളിപ്പേരായി കിടക്കട്ടെ. എന്റെ ഓട്ടോയുടെ പേരും ഇനി ഇതുതന്നെ'- മണി ചിരിയോടെ പറയുന്നു.

ബീജവും അണ്ഡവും ശരീരത്തിനു പുറത്തുവെച്ചു സംയോജിപ്പിക്കുകയും ഭ്രൂണത്തെ പിന്നീടു ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് ഐ വി എഫ് ചികിത്സ. 40 ശതമാനത്തോളം മാത്രമാണ് വിജയസാധ്യത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mother lost their son in an accident gave birth to twins in age 54, Thrissur, News, Local-News, Hospital, Treatment, Lifestyle & Fashion, Child, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?