ഹൈക്കമാന്‍ഡിന്റെ കടുംവെട്ട് അതിജീവിച്ച് സുധാകരന്‍; വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം പങ്കിട്ടത് കൊടിക്കുന്നിലിനൊപ്പം; എല്ലാവരെയും തൃപ്തിപ്പെടുത്തി കെപിസിസി തയ്യാറാക്കിയ 127 പേരുടെ ജംബോ കമ്മിറ്റി 45 ആക്കി വെട്ടിക്കുറച്ച് ഹൈക്കമാന്‍ഡ്

കണ്ണൂര്‍: (www.kvartha.com 24.01.2020) ജംബോ കമ്മിറ്റിക്കെതിരെ ഹൈക്കമാന്‍ഡിന്റെ കടുംവെട്ടിനിടെയിലും വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തി കെ സുധാകരന്‍. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഗ്രൂപ്പ് വീതംവയ്പിലൂടെ രൂപംകൊടുത്ത കെപിസിസി ഭാരവാഹികളുടെ ജംബോ പട്ടിക ഹൈക്കമാന്‍ഡ് വെട്ടി. ആറ് വര്‍ക്കിങ് പ്രസിഡന്റുമാരില്‍ നാലുപേരെയും ഇരട്ടപ്പദവി വേണ്ടെന്നമാനദണ്ഡം മുന്‍നിര്‍ത്തി എംപിമാരെയും എംഎല്‍എമാരെയും ഒഴിവാക്കി.

വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, എ പി അനില്‍കുമാര്‍ കെ മുരളീധരന്‍ എംപി എന്നിവര്‍ നേരത്തെ പാര്‍ട്ടി പദവി വേണ്ടെന്ന് കെപിസിസിയെ അറിയിച്ചിരുന്നു. എന്നാല്‍ ഒഴിയാന്‍ തയ്യാറല്ലെന്ന് തറപ്പിച്ച് പറഞ്ഞ കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍ എന്നിവരെ വര്‍ക്കിങ് പ്രസിഡന്റുമാരായി നിലനിര്‍ത്തേണ്ടി വന്നു. പാര്‍ട്ടിയില്‍ നിലവിലുള്ള സ്ഥാനം കിട്ടിയില്ലെങ്കില്‍ എംപി സ്ഥാനം രാജിവയ്ക്കുമെന്നായിരുന്നു ഇവരുടെ ഭീഷണി.

ഗ്രൂപ്പുകളുടെ സമ്മര്‍ദ്ദവും ഇടപെടലും കാരണം 127 പേരുടെ ജംബോ പട്ടികയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നല്‍കിയത്. ഇതാണ് കടുംവെട്ടിലൂടെ ഹൈക്കമാന്‍ഡ് 45 ആയി കുറച്ചത്. നിലവില്‍ 10 വൈസ് പ്രസിഡന്റുമാരും 31 ജനറല്‍ സെക്രട്ടറിമാരും ഇടംനേടി. സെക്രട്ടറിമാരുടെ നിയമനം മാറ്റിവച്ചു. ഈ പദവിയിലേക്ക്70 പേരുണ്ട്. ജനറല്‍ സെക്രട്ടറിമാരില്‍ പത്ത് വീതം എ, ഐ ഗ്രൂപ്പുകള്‍ പങ്കിട്ടു. പി സി ചാക്കോ, വി എം സുധീരന്‍, കെ സി വേണുഗോപാല്‍ തുടങ്ങിയവരുടെ നോമിനികളാണ് ശേഷിക്കുന്നവര്‍. ഗ്രൂപ്പ് രഹിത ഗണത്തില്‍ മുല്ലപ്പള്ളിയും ഏതാനുംപേരെ തിരുകിക്കയറ്റി.

ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളിയും ചെന്നിത്തലയും നടത്തിയ ചര്‍ച്ചയ്ക്കുശേഷം 127 പേരുടെ പട്ടികയാണ് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നികിന് കൈമാറിയത്. ഇതാണ് 45 ആയി കുറച്ചത്. മുല്ലപ്പള്ളി ദിവസങ്ങളായി ഡല്‍ഹിയില്‍ തമ്പടിക്കുകയായിരുന്നു. എ, ഐ ഗ്രൂപ്പുകള്‍ക്കുവേണ്ടി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചര്‍ച്ചകളില്‍ പങ്കാളികകളായി. സോണിയ ഗാന്ധിയില്‍ നേരിട്ട് സമ്മര്‍ദം ചെലുത്തി വര്‍ക്കിങ് പ്രസിഡന്റ് പട്ടികയില്‍ ഇടം നേടിയ മുന്‍ എംപി കെ വി തോമസിനെയും അവസാന നിമിഷം വെട്ടിയതായാണ് സൂചന.

എ കെ ആന്റണിയുടെ ഇടപെടലിനെത്തുടര്‍ന്ന് ബെന്നി ബെഹനാന് പകരം എം എം ഹസനെ യുഡിഎഫ് കണ്‍വീനര്‍ പദവിയില്‍ അവരോധിക്കാനും ധാരണയായിട്ടുണ്ട്. പത്മജ വേണുഗോപാല്‍, ശൂരനാട് രാജശേഖരന്‍, ടി സിദ്ദിഖ്, ജോസഫ് വാഴയ്ക്കന്‍, പി സി വിഷ്ണുനാഥ് തുടങ്ങിയവര്‍ വൈസ് പ്രസിഡന്റുമാരാകും. മുല്ലപ്പള്ളി വ്യാഴാഴ്ച കേരളത്തില്‍ മടങ്ങിയെത്തി. റായ്ബറേലിയിലുള്ള സോണിയ ഗാന്ധി ഡല്‍ഹിയില്‍ എത്തിയശേഷം പട്ടിക അംഗീകരിക്കുമെന്നാണ് സൂചന.



Keywords: Kerala, Kannur, News, Congress, KPCC, KPCC Jumbo committee: K Sudhakaran and Kodikkunnil will be continue as Vice president  



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?