ഒരേസമയം ഒന്നിലധികം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളി വേണോ? ചര്‍ച്ചയ്ക്ക് പുതിയമാനം; ഹൈദരലി തങ്ങള്‍ക്കും പി കെ ഫിറോസിനും പിന്നാലെ കാന്തപുരം വിഭാഗം നേതാവും വഖഫി ബോര്‍ഡ് ചെയര്‍മാനുമായ സി മുഹമ്മദ് ഫൈസിയും നിലപാടില്‍ ഉറച്ചു; 100 ആളുകളുള്ള ഗ്രാമത്തില്‍ ആയിരം പേര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള ഉച്ചഭാഷിണിയാണ് പലയിടത്തും ഉപയോഗിക്കുന്നതെന്നും വിമര്‍ശനം, മുസ്ലിം സംഘടനകളുടെ യോഗം ഉടന്‍


മലപ്പുറം: (https://ift.tt/2THqWZ5) ഒരേസമയം ഒന്നിലധികം പള്ളികളില്‍ നിന്ന് ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്കുവിളിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊഴുക്കുന്നു. ഇത്തരത്തിലുള്ള ബാങ്കുവിളി നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഉടന്‍തന്നെ മുസ്ലിം സംഘടനകള്‍ യോഗം ചേരും.ഒരേ സ്ഥലത്ത് ഒരുമിച്ച് ഉച്ചത്തില്‍ ബാങ്ക്വിളി ഉയരുന്നത് പൊതുസമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന തിരിച്ചറിവാണ് ഇങ്ങനെയൊരു ആലോചനയിലേക്ക് നയിച്ചത്.

ഒന്നില്‍ക്കൂടുതല്‍ പള്ളികളുള്ള സ്ഥലങ്ങളില്‍ ഒരു പള്ളിയില്‍നിന്നുമാത്രം ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് മതിയെന്ന നിലയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഇതോടൊപ്പം രാത്രി വലിയ ശബ്ദത്തിലുള്ള മതപ്രഭാഷണങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നിട്ടുണ്ട്.

പള്ളികളിലെ ഉച്ചഭാഷിണി ഉപയോഗം നിയന്ത്രിക്കണമെന്ന് മുസ്ലിംലീഗ് അധ്യക്ഷനും സമസ്ത ഇ കെ വിഭാഗം നേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മാസങ്ങള്‍ക്ക് മുന്‍പ് അഭിപ്രായപ്പെട്ടത്.



പള്ളികളില്‍ നടക്കുന്ന ചടങ്ങുകളിലും പ്രാര്‍ഥനകളിലും ഉച്ചഭാഷിണി ഉപയോഗിക്കുമ്പോള്‍ അവിടെ സന്നിഹിതരായവര്‍ക്ക് മാത്രം കേള്‍ക്കാവുന്ന തരത്തില്‍ ശബ്ദംനിയന്ത്രിക്കണമെന്നും പരിസര വാസികള്‍ക്കും ജോലിക്കാര്‍ക്കും അതൊരു ബുദ്ധിമുട്ടായി മാറരുതെന്നും തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസും കഴിഞ്ഞദിവസം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും കാന്തപുരം സുന്നി വിഭാഗം നേതാവുമായ സി മുഹമ്മദ് ഫൈസിയും ഇതേ ആവശ്യവുമുന്നയിച്ച് രംഗത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.

100 ആളുകളുള്ള ഗ്രാമത്തില്‍ ആയിരം പേര്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള ഉച്ചഭാഷിണിയാണ് പലയിടത്തും ഉപയോഗിക്കുന്നതെന്നും മതേതര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പൊതുസമൂഹത്തിന്റെ താത്പര്യങ്ങള്‍കൂടി പരിഗണിക്കണമെന്നുമായിരുന്നു ഫൈസിയുടെ പ്രതികരണം.

ബാങ്ക് സമയം ഏകീകരിക്കുക, ഒന്നിലധികം പള്ളികളുള്ള സ്ഥലത്ത് ഒരുപള്ളിയില്‍നിന്നുമാത്രം ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുക, മറ്റ് കാര്യങ്ങള്‍ക്ക് പള്ളിയുടെ ഉള്‍വശത്ത് മാത്രം കേള്‍ക്കുന്ന ശബ്ദസംവിധാനങ്ങള്‍ ഉപയോഗിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാനമായും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നത്.

ഇക്കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അടുത്തയാഴ്ച കോഴിക്കോട്ട് മതസംഘടനാ നേതാക്കളുടെ യോഗം വിളിക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. മഹല്ല് തലങ്ങളില്‍ ഇതുസംബന്ധിച്ച് ബോധവല്‍കരണവും നടത്തും. മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തിലുള്ള ഒന്നും മുസ്ലിംകളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നാണ് പൊതുനിലപാട്.

സാങ്കേതിക വിദ്യയുടെ വികാസത്തിനനുസരിച്ച് വിവിധതരത്തിലുള്ള മേന്മയേറിയതും ശബ്ദവുമുള്ള ഉച്ചഭാഷിണികളുടെ രംഗപ്രവേശമാണ് ആരാധനാലയങ്ങളിലെയും ശബ്ദസംവിധാനങ്ങള്‍ കീഴടക്കിയത്. കാലക്രമേണ മതപ്രഭാഷണ വേദികളിലടക്കം നൂതന ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് തുടങ്ങി. ചില പ്രഭാഷകരാകട്ടെ ഉയര്‍ന്നതരം ഉച്ചഭാഷിണികള്‍ വേണമെന്ന നിബന്ധനയും വെച്ച് തുടങ്ങി. ഇതൊക്കെ സമൂഹത്തില്‍ വലിയരീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് മുസ്ലിംങ്ങളിലെ പ്രബല നേതാക്കളടക്കം അഭിപ്രായങ്ങളുമായി രംഗത്ത് വന്നത്. ഏതായാലും സമീപഭാവിയില്‍തന്നെ ഉച്ചഭാഷിണി ഉപയോഗത്തിന്റെ കാര്യത്തില്‍ മുസ്ലിം ആരാധനാലയങ്ങളില്‍ ഒരു നിയന്ത്രണമുണ്ടാകുമെന്ന് തന്നെയാണ് സൂചനകള്‍.

വളരെ ചെറിയ സമയത്തില്‍ അവസാനിക്കുന്ന ബാങ്കുവിളി ഏകീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമുദായ നേതാക്കള്‍ തന്നെ ഇടപ്പെട്ട് നിയന്ത്രണവിധേയമാക്കിയാല്‍ ഇതിന്റെ ചുവടു പിടിച്ച് മറ്റു മതസ്ഥരും രാഷ്ട്രീയക്കാരും ഉച്ചഭാഷിണി ഉപയോഗത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുകയാണെങ്കില്‍ വലിയ വിപ്ലവംതന്നെയായിരിക്കും ഇതുവഴി സംജാതമാകുക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Malappuram, Mosque, The Loudspeakers is Going to be Avoided in Mosque


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?