വൈറല്‍ പോസ്റ്റ്-1 കോലാഹലങ്ങള്‍ക്കിടയില്‍ മലയാളികളെയും ഗള്‍ഫിലെ മിസ്‌റികളെയും താരതമ്യം ചെയ്യുമ്പോള്‍


(https://ift.tt/35k0q9W) രാജ്യം പൗരത്വബില്ലിന്റെ പേരില്‍ കുരുതികളമായി മാറിക്കൊണ്ടിരിക്കുകയാണ്. അധികാര ദുര്‍വിനിയോഗം നടത്തി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാന്‍ ശ്രമിക്കുന്ന ഭരണവര്‍ഗത്തിന് കടുത്ത സമര്‍ദമാവുകയാണ് രാജ്യത്തെ ജനങ്ങളുടെ പ്രതിഷേധം. പല വിഭാഗക്കര്, പല ദേശക്കാര്‍, എല്ലാവരും ഒരമ്മ പെറ്റ മക്കളെപോല്‍ പ്രതിരോധിക്കുമ്പോള്‍ അധികാര വര്‍ഗത്തിന് മാറി ചിന്തിക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല.

സാമൂഹ്യ മാധ്യമങ്ങളില്‍ ആശയസമരങ്ങള്‍ ഒരു പാട് കണ്ടിട്ടുണ്ട്‌. എന്നാല്‍ തന്റെ സ്വന്തം അനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് അടിച്ചമര്‍ത്തലുകളുടെ വേദനയുടെ കാഠിന്യം വിവരിച്ച് രാജ്യത്തെ ലോകത്തിന് മുന്നില്‍ തല കുനിയിച്ച ഭരണവര്‍ഗത്തിനെതിരെ എഴുത്തിലൂടെ പ്രതിഷേധിക്കുന്ന വരികളാണ് കുറച്ച് ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ഷെയര്‍ ചെയ്യപ്പെടുന്നതുമായ കുറിപ്പുകളും ദൃശ്യങ്ങളും പരിചയപ്പെടുത്തുകയാണ് കെവാര്‍ത്ത വൈറല്‍ പോസ്റ്റിലൂടെ...


ഫാസില്‍ ഷാജഹാന്‍ എന്ന ഫേസ്ബുക്കര്‍ ഗള്‍ഫിലുള്ള ഈജിപ്തുക്കാരെയും മലയാളികളെയും താരതമ്യം ചെയ്ത് എഴുതിയ കുറപ്പാണ് ആദ്യമായി നിങ്ങളില്‍ എത്തിക്കുന്നത്. ഇദ്ദേഹത്തിന്റെ വരികള്‍ എവിടെയൊക്കെയോ കൊളുത്തി വലിക്കുന്ന പോലെ... വായിച്ച് കഴിയുമ്പോള്‍ നമ്മുടെ കണ്ണ് നിറയ്ക്കുന്നുണ്ടെങ്കില്‍ ഇത് എഴുതുമ്പോള്‍ അദ്ദേഹത്തിന്റെ മനസ് എത്ര സംഘര്‍ഷത്തിലൂടെയാവാം കടന്നു പോയിട്ടുണ്ടാവുക... രക്ത ബന്ധത്തേക്കാള്‍ വലിയ സ്‌നേഹബന്ധങ്ങള്‍ സൂക്ഷിക്കുന്നവര്‍ മതവൈര്യത്തിന്റെ പേരില്‍ കരയേണ്ടി വരുന്നു. അദ്ദേഹത്തിന്റെ വരികള്‍ ഇതാണ്...

ആഭ്യന്തരയുദ്ധങ്ങളും കലാപങ്ങളും ഒരു രാജ്യത്തിലെ പൗരന്മാരെ ലോകസമൂഹത്തില്‍ നിന്നും മായ്ച്ചുകളയുന്നു.

രണ്ടായിരത്തി ഏഴില്‍ ഞാന്‍ ഖത്തറില്‍ എത്തുമ്പോള്‍ എവിടെ നോക്കിയാലും ഈജിപ്ഷ്യന്‍സിനെ കാണാമായിരുന്നു.

എന്റെ കമ്പനിയിലും എഴുന്നൂറോളം ഈജിപ്ഷ്യന്‍സ് ഉണ്ടായിരുന്നു. ഇപ്പോഴത് അമ്പതില്‍ താഴെയായി.

ഹൈപ്പര്‍ മാര്‍ക്കറ്റ് ബിസിനസിലും കഫറ്റീരിയ പോലെയുള്ള മേഖലകളിലുമൊഴികെ അവരുടെ ആധിപത്യമില്ലാത്ത ഏതെങ്കിലുമൊരു രംഗം കാണുക പ്രയാസമായിരുന്നു. ഏറ്റവും മികച്ച കാറുകളും കോട്ടും ഷൂവും കാണാനാവുക അവരുടെ കൈകളിലായിരുന്നു.

പതിയെ പതിയെ അവരുടെ നാട് അഭ്യന്തര സംഘര്‍ഷങ്ങളില്‍ കുഴഞ്ഞാടുവാന്‍ തുടങ്ങി. രണ്ടായിരത്തി പത്തില്‍ അതു തീയായി പടര്‍ന്നു. രണ്ടായിരത്തി പതിനേഴില്‍ ഗള്‍ഫ് ഉപരോധവും കൂടി വന്നതോടെ ആയൊരു ജനസമൂഹം ആധിപത്യവും സമ്പന്നതയും ഇല്ലാത്ത, ഖത്തറിലെ നിശ്ശബ്ദതതയായി മാറി. അവരുടെ എണ്ണവും കുറഞ്ഞു.

ഇവരൊക്കെ എവിടെപ്പോയി എന്നു ഞാന്‍ എപ്പോഴും ചിന്തിക്കും. ഹമീദ്.. ഖാലിദ്... സുറൂര്‍...അബ്ബാസ്...മുക്താര്‍...നാസര്‍....അങ്ങിനെ എനിക്കറിയാവുന്ന നൂറു കണക്കിന് ആളുകളില്‍ ചിലരെയൊക്കെ ഇടയ്ക്കിടെ വിളിച്ചു നോക്കും.

അവരാരും മരിച്ചു പോയിട്ടില്ല. എല്ലാവരും ഇപ്പോഴും ജീവിച്ചിരിക്കുന്നു. പക്ഷേ, പഴയ പ്രതാപമില്ല. തേജസ്സും ധന്യതയുമില്ല.

ലോകമെമ്പാടും ഇതു തന്നെ സംഭവിച്ചു. മലയാളി സമൂഹത്തെ പോലെ ലോകത്തേറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ച അറബ് പ്രവാസസമൂഹമായിരുന്നു ഈജിപ്ഷ്യന്‍സ്.

അവര്‍ ജനിച്ച നാട് അഭ്യന്തര സംഘര്‍ഷങ്ങളില്‍ അമര്‍ന്നപ്പോള്‍ അവര്‍ക്ക് അവരുടെ മേല്‍വിലാസം തന്നെ നഷ്ടപ്പെട്ടു. പ്രവാസ ദേശങ്ങളില്‍ ഇനിയും ബാക്കിയുള്ളവര്‍ തന്നെ, മറ്റുള്ളവരുടെ അധീശത്വത്തിനും മേലാളത്തത്തിനും മനസ്സുകൊണ്ടോ ജീവിതം കൊണ്ടോ കീഴ്‌പ്പെട്ടു പോയിരിക്കുന്നു.

എന്റെ വില്ലയില്‍ താമസിക്കുന്ന നാലു ശ്രീലങ്കന്‍ കുടുംബങ്ങള്‍ക്കും പറയാനുള്ളത് പ്രതാപകാലം നഷ്ടപ്പെട്ടുപ്പോയ ഉണങ്ങാത്ത മുറിവുകളുടെ കഥകളാണ്. സ്വന്തം പൗരന്മാരെ കൊന്നു കൊന്നു തള്ളിയ ഭരണകൂടം അവിടെ വിജയിച്ചപ്പോഴും ആ രാജ്യം തോറ്റു പോയതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങള്‍.

ഇതു നമുക്കുമൊരു പാഠമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി നാം ഇന്ത്യക്കാരും മാനസിക സംഘര്‍ഷങ്ങളിലാണ്. അഭ്യന്തര കാലുഷ്യങ്ങളില്‍ ആണ്.

അതു മറ്റേതെങ്കിലും രാജ്യം നമ്മെ ആക്രമിച്ചതു കൊണ്ടുണ്ടായ ഒന്നല്ല. ഫിലിപ്പീന്‍സിനെ പോലെ പ്രകൃതി ദുരന്തത്തില്‍ പെട്ടതോ ബ്രസീലിനെ പോലെ ലോകബാങ്ക് കടത്തില്‍ കാലിടറിപ്പോയതോ അല്ല.

ഒരു വീട്ടിലെ അമ്മായിയമ്മ പോരു പോലെ, ജ്യേഷ്ഠാനുജന്മാര്‍ പരസ്പരം പോരു വിളിക്കുന്നതു പോലെ തമ്മില്‍ തല്ലി തമ്മില്‍ കൊന്നു സ്വയം ഇല്ലാതാകുന്ന തറവാട് തര്‍ക്കം പോലെ നാണംകെട്ട അഭ്യന്തര കലഹങ്ങള്‍..

മുകളിലെ ഈജിപ്ഷ്യന്‍സിനെ കുറിച്ച് പറഞ്ഞതു പോലെ, ശ്രീലങ്കന്‍സിനെ കുറിച്ചു പറഞ്ഞതു പോലെ, ലോക ചരിത്രത്തില്‍ നാം കണ്ടതും കേട്ടതുമായ മറ്റെല്ലാ ചരിത്രങ്ങളെയും പോലെ, ഒരു ദുരന്തം നമ്മെയും കാത്തിരിക്കുന്നു.

അതിന്റെ ലക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ജിസിസി രാജ്യങ്ങളില്‍ ഉള്ളവര്‍ക്കത് അല്പം കൂടി വേഗത്തില്‍ മനസ്സിലാവും. ഇപ്പോള്‍ പല ഇന്ത്യക്കാര്‍ക്കും ഇവിടെ പണി ഇല്ലാതായിരിക്കുന്നു.

എല്ലാ കാലവും ദുര്‍ബലരായിത്തന്നെ ഇരിക്കുമെന്നു നാം കരുതിയ നേപ്പാളികളും ബംഗാളികളും ഇതര സമൂഹങ്ങളും പതിയെ പതിയെ രംഗം കീഴടക്കുകയാണ്. കുഞ്ചിക സ്ഥാനങ്ങളില്‍ അവരെത്താന്‍ കൂടിയാല്‍ ഒരു പത്തു വര്‍ഷം മതിയാകും.

നിങ്ങളൊന്നു ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ, എന്നും വെടിയും പുകയും ചോരയും നിറഞ്ഞിരുന്ന പാകിസ്താനില്‍ നിന്നുള്ള അത്തരം വാര്‍ത്തകള്‍ കുറച്ചു വര്‍ഷങ്ങളായി കുറഞ്ഞിരിക്കുന്നു.

അഭയാര്‍ഥികളുടെയും പൊളിറ്റിക്കല്‍ വാറിന്റെയും കലവും ബക്കറ്റും പാത്രവുവുമായി പ്രളയത്തിലൂടെ നടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ മാത്രം കണ്ടിരുന്ന ബംഗ്ലാദേശിനെ കുറിച്ചു നാം കേട്ടിരുന്ന പ്രാരാബ്ദങ്ങളുടെ അളവുകള്‍ കുറഞ്ഞിരിക്കുന്നു.

പതിറ്റാണ്ടുകളുടെ അശാന്തത നിറഞ്ഞ നേപ്പാളില്‍ നിന്നും നാമിപ്പോള്‍ പഴയ അത്രയും ബഹളങ്ങള്‍ കേള്‍ക്കുന്നില്ല.

പക്ഷേ അവരുടെയെല്ലാം മുന്നില്‍ നടന്ന നമ്മളിപ്പോള്‍ ലോകമനസ്സാക്ഷിക്കു മുന്നില്‍ തല കുനിക്കുകയാണ്.

നമുക്കു തിരിച്ചു നടക്കണം. ആരും ജയിക്കാത്ത, എല്ലാവരും തോല്‍ക്കുന്ന കോലാഹലങ്ങളില്‍ നിന്നും രാജിയാവണം.

ഗസലുകളും ഫിലോസഫികളും അനന്തമനാദി ചിന്താധാരകളും കലാരൂപങ്ങളും കായിക ശക്തിയും നാനാത്വത്തവും കൊണ്ട് ഇനിയുമൊരു ആറായിരം വര്‍ഷം കൂടി ലോകത്തെ നമുക്കു വിസ്മയിപ്പിക്കണം..

രാജ്യമാവണം നമ്മുടെ അഭിമാനം.

തമ്മില്‍ത്തല്ലി കുലമറ്റു പോകുന്ന നാലുകെട്ടു തറവാട്ടുകാരെ പോലെ നാണം കെടാന്‍ നമ്മള്‍ നിന്നു കൊടുക്കരുത്.

നമ്മുടെ മനസ്സുകളെ നാമറിയാതെ വിഷലിപ്തമാക്കുന്ന അജണ്ടകള്‍ക്ക് നാം ചെവി കൊടുക്കരുത്.

നമ്മുടെ നാട് സുന്ദരമാണ്.

നൂറായിരം പ്രതീക്ഷകളുമായി വളര്‍ന്നു വരുന്ന നിഷ്‌കളങ്കരായ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് സമ്മാനമായി നല്‍കാനുള്ള മണ്ണാണത്.

നമ്മുടെ സമാധാനപൂര്‍ണമായ വാര്‍ദ്ധക്യവും നമ്മുടെ മരണവും അടയാളപ്പെടേണ്ട ഭൂമിയാണത്...

ചിലപ്പോള്‍ ഒരമ്മയെപ്പോലെ വാല്‍സല്യം തൂകുന്ന, മറ്റു ചിലപ്പോള്‍ അതിസുന്ദരിയായ പെണ്‍കുട്ടിയെപ്പോലെ കവിളു ചുവപ്പിക്കുന്ന, ആവശ്യം വന്നാല്‍ ആര്‍ജ്ജവ പൗരുഷഭാവം പൂഴുന്ന മനോഹരിയായ ഭാരതാംബയെ നിലത്തു വീഴാന്‍ നമ്മള്‍ അനുവദിക്കരുത്...

ജയ്ഹിന്ദ്...



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Article, Gulf, Facebook, Post, Fasil Shajahan, Egyptian, Sri Lankans, philippines, Nepal, Bengal, Facebook Viral Post of Fasil Shajahan



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?