ശബരിമല വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണം: ബിന്ദു അമ്മിണിയുടെ ഹര്‍ജി സുപ്രീം കോടതിയില്‍
കേരളം (www.evisionnews.co): ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന് ബിന്ദു അമ്മിണി സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. ബിന്ദു അമ്മിണിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗാണ് ഹാജരാകുക. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡേ അദ്ധ്യക്ഷനായ കോടതിയിലാകും ഇക്കാര്യം ആവശ്യപ്പെടുക.
ശബരിമലയില്‍ ദര്‍ശനത്തിന് പൊലീസ് സുരക്ഷ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ബുധനാഴ്ച ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഈ ഹര്‍ജികള്‍ ഭരണഘടാന ബെഞ്ച് തന്നെ പരിഗണിക്കേണ്ട സാഹചര്യമുണ്ടോ എന്നതില്‍ ഈ ആഴ്ച ചീഫ് ജസ്റ്റിസ് തീരുമാനം എടുത്തേക്കും.
ശബരിമല ദര്‍ശനത്തിന് തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ചേരാന്‍ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ ഹിന്ദു ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തകനായ ശ്രീനാഥ് കുരുമുളകുപൊടി സ്‌പ്രേ അടിച്ച് ആക്രമിച്ചിരുന്നു. പെട്ടെന്ന് പൊലീസ് ഇടപെട്ട് ബിന്ദു അമ്മിണിയെ വാഹനത്തിലേക്ക് മാറ്റി. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികില്‍സ നല്‍കുകയും ചെയ്തു.
Powered by Info News For You
Comments
Post a Comment