ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഡിപ്പോയില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട് (www.evisionnews.co): ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ ഡിപ്പോയ്ക്കുള്ളില്‍ തൂങ്ങിമരിച്ചു. നീലേശ്വരം പള്ളിക്കര റെയില്‍വേ ഗേറ്റിനടുത്ത പി.വി സുകുമാരന്‍ (48)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30മണിയോടെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയായ തുളുനാട് കോംപ്ലക്സിലെ ഒന്നാം നിലയിലെ ഏണിയിലാണ് കയര്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകര്‍ ഉടന്‍തന്നെ കയര്‍ അറുത്തുമാറ്റി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

തെയ്യംകലാകാരന്‍ രാമന്‍ കര്‍ണമൂര്‍ത്തിയുടെ മകനാണ്. പിതാവ് മരണപ്പെട്ടതിനാല്‍ മരണാനന്തര ചടങ്ങുകള്‍ക്കായി 20 ദിവസമായി അവധിയിലായിരുന്നു സുകുമാരന്‍. അവധി കഴിഞ്ഞ് വെള്ളിയാഴ്ച ഡ്യൂട്ടിയെടുക്കാനായി വ്യാഴാഴ്ച രാത്രി ഡിപ്പോയില്‍ എത്തിയതായിരുന്നു. കഴിഞ്ഞമാസത്തെ ശമ്പളം കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇതേതുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു സുകുമാരനെന്ന് സഹപ്രവര്‍ത്തകര്‍ സൂചിപ്പിച്ചു. സംഭവത്തെക്കുറിച്ച് കാസര്‍കോട് ടൗണ്‍ പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്.

കാര്യങ്കോട്ടെ താമസക്കാരനായിരുന്ന സുകുമാരന്‍ ദേശീയപാത നാലുവരിക്കായി സ്ഥലം വിട്ടുകൊടുക്കേണ്ടിവന്നതിനാല്‍ പള്ളിക്കരയില്‍ പുതിയ വീട് വെച്ച് താമസിക്കുകയായിരുന്നു. ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) അംഗമാണ്. മാതാവ്: കാര്‍ത്യായനി. ഭാര്യ ലത കണ്ണപുരം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ്. മക്കള്‍: സാന്ദ്ര (നെഹ്റു കോളജ് ഡിഗ്രി വിദ്യാര്‍ത്ഥിനി), സംഗീത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?