മോദി-അമിത് ഷാ ചാണക്യ തന്ത്രങ്ങളുടെ കാലിടറുന്നു; ഹിന്ദി ഹൃദയ ഭൂമികയില്‍ നിന്നും ബിജെപിക്ക് തിരിച്ചടികള്‍ മാത്രം; ജാര്‍ഖണ്ഡും കൈവിട്ടതോടെ ഒരു വര്‍ഷംകൊണ്ട് നഷ്ടമാകുന്നത് അഞ്ചാമത്തെ സംസ്ഥാന ഭരണം; വരാന്‍ പോകുന്നത് ബിജെപി വിമുക്ത ഭാരതമോ...?

(www.kvartha.com 24.12.2019) മോദി-അമിത് ഷാ ചാണക്യ തന്ത്രങ്ങളുടെ പിന്‍ബലത്തില്‍ വിജയക്കൊടി പാറിച്ചു വന്‍ മുന്നേറ്റം നടത്തിയ ബിജെപിക്ക് കാലിടറുന്നുവോ? ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ ഇതിന്റെ സാധ്യതകളിലേക്കാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിരല്‍ ചൂണ്ടുന്നത്. തുടര്‍ച്ചയായി പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കേണ്ടി വന്നിരിക്കുകയാണ് ബിജെപിക്കും പാര്‍ട്ടിയെ നയിക്കുന്ന മോദി-അമിത് ഷാ സഖ്യത്തിനും. കോണ്‍ഗ്രസ് വിമുക്ത ഭാരതത്തിന് വെറളി പിടിച്ചു നടന്ന ബിജെപിക്ക് കാവി ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നു മായുന്നത് നോക്കി നില്‍ക്കേണ്ട ഗതികേടിലാണ്. ജാര്‍ഖണ്ഡില്‍ മഹാസഖ്യം അധികാരത്തിലേറിയതോടെ ബിജെപിക്ക് കേവലം ഒരു വര്‍ഷംക്കൊണ്ട് നഷ്ടമാകുന്നത് അഞ്ചാമത്തെ സംസ്ഥാന ഭരണമാണ്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവക്ക് പിന്നാലെയാണ് ജാര്‍ഖണ്ഡിലും ബിജെപിക്ക് അധികാരം നഷ്ടമായിരിക്കുന്നത്. രണ്ട് മാസം മുമ്പ്മഹാരാഷ്ട്രയ്ക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഹരിയാണയില്‍ ദുഷ്യന്ത് ചൗട്ടാല സഹായിക്കാന്‍ ഇല്ലായിരുന്നെങ്കില്‍ അവിടെയും കൈവിടുമായിരുന്നു.

ദേശീയ പൗരത്വനിയമവും എന്‍ആര്‍സിയും സംബന്ധിച്ച് രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെയാണ് മറ്റൊരു സംസ്ഥാനം കൂടി ബിജെപിക്ക് നഷ്ടമായിരിക്കുന്നത്. രണ്ടാം മോഡി സര്‍ക്കാരിന്റെ കീഴില്‍ ബിജെപിയുടെ അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വര്‍ഷം കൂടിയായിരുന്നിട്ടും സമീപകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.


കര്‍ണാടകയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കാനായത് മാത്രമാണ് ഇതില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ കൂടാതെ ജമ്മു കശ്മീന്റെ പ്രത്യേക പദവി എടുത്ത് കളയല്‍ തുടങ്ങിയ കാര്യങ്ങളായിരുന്നു ജാര്‍ഖണ്ഡിലുടനീളം ബിജെപിയുടെ പ്രചാരണത്തിലുണ്ടായിരുന്നത്. നാല് മാസത്തിനുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന് അമിത് ഷാ ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രഖ്യാപിച്ചിരുന്നു.

വന്‍ഭൂരിപക്ഷത്തോടെയാണ് രാജ്യം ഭരിക്കുന്നതെങ്കിലും സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകള്‍ വിമുഖത കാണിക്കുന്നത് എന്‍ഡിഎയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും നടപ്പാക്കില്ലെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്യം കൂടിയുണ്ട്. എന്‍ആര്‍സി നടപ്പാക്കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കൂടി പറഞ്ഞോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യത്തിലെ നിലപാട് മയപ്പെടുത്തിയിരുന്നു.

പൗരത്വപ്പട്ടിക രാജ്യവ്യാപകമാക്കുന്നത് സംബന്ധിച്ച് തന്റെ സര്‍ക്കാര്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നായിരുന്നു രാം ലീലാ മൈതാനത്ത് പ്രധാനമന്ത്രികഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍, പൗരത്വപ്പട്ടിക ഉടന്‍ കൊണ്ടുവരുമെന്നാണ് കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ പൗരത്വനിയമഭേദഗതി ബില്ലിന്റെ ചര്‍ച്ചയ്ക്ക് നല്‍കിയ മറുപടിയില്‍ അമിത് ഷാ പറഞ്ഞത്. ഈ മാസം ആദ്യം റാഞ്ചിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടത്തിയ പ്രസംഗത്തിലും അമിത് ഷാ രാജ്യവ്യാപകമായി പൗരത്വപ്പട്ടിക നടപ്പാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

ഡല്‍ഹിയിലും ബിഹാറിലുമാണ് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. എന്‍ആര്‍സിയുടെ പേരില്‍ നിതീഷ് കുമാറുമായി ഇപ്പോള്‍ ഇടഞ്ഞാല്‍ അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ അത് ബാധിക്കും. അതുകൊണ്ട് കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിലെ നിലപാട് മയപ്പെടുത്താന്‍ തയ്യാറായതെന്നാണ് സൂചന. അയോധ്യയില്‍ അമ്പലം പണിയുമെന്ന പ്രചരണം വ്യാപകമായി നടത്തിയ ബി.ജെ.പിക്ക് ഗോത്രവര്‍ഗ വിഭാഗങ്ങളില്‍ നിന്നും കനത്ത തിരിച്ചടി നേരിട്ടത് ഇനിയുള്ള മുന്‍പോട്ട് പോക്കില്‍ മോദി പ്രഭാവത്തെ മാത്രം ആശ്രയിച്ചാല്‍ മതിയാവില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Narendra Modi, Central Government, BJP, Congress, BJP facing big failures in north India


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?