ഈ വര്‍ഷത്തെ പത്മപ്രഭ പുരസ്‌കാരം ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന്

കല്പറ്റ: (www.kvartha.com 28.12.2019) ഈ വര്‍ഷത്തെ പത്മപ്രഭ പുരസ്‌കാരത്തിന് ചെറുകഥാകൃത്തും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കല്പറ്റ നാരായണന്‍ അധ്യക്ഷനും ഇ പി രാജഗോപാലന്‍, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന് സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം പി വീരേന്ദ്രകുമാര്‍ എം പി അറിയിച്ചു.

Padma Prabha award 2019 goes to Santhosh Echikkanam, News, Writer, Award, Kerala.

സാഹിത്യമികവിനുള്ള പത്മപ്രഭ പുരസ്‌കാരം 1996-ലാണ് ഏര്‍പ്പെടുത്തിയത്. മലയാളത്തിലെ ഉത്തരാധുനിക ചെറുകഥയുടെ രൂപഭാവങ്ങളെ സമഗ്രമായി ഉടച്ചുവാര്‍ത്ത എഴുത്തുകാരില്‍ പ്രധാനിയാണ് സന്തോഷ് ഏച്ചിക്കാനമെന്ന് പുരസ്‌കാര നിര്‍ണയ സമിതി വിലയിരുത്തി.

നവീന ഭാവുകത്വത്തിന്റെ പന്ഥാവില്‍ സഞ്ചരിക്കുമ്പോള്‍ തന്നെ കഥനത്തിന്റെ പാരമ്പര്യ വെളിച്ചത്തെ ഉള്‍ക്കൊള്ളാനും മലയാള ചെറുകഥയുടെ ആധുനികദശയില്‍ അതിനു വന്നുഭവിച്ച ദുര്‍ഗ്രഹതയില്‍നിന്ന് കഥയെ വിമുക്തമാക്കുവാനും ഈ എഴുത്തുകാരനു കഴിഞ്ഞു. സമകാലിക ലോകകഥയുടെ സൗന്ദര്യതലത്തിലേക്ക് മലയാളകഥയെ ഉയര്‍ത്തി പ്രതിഷ്ഠിക്കുന്നതില്‍ സന്തോഷ് ഏച്ചിക്കാനം വഹിച്ച പങ്ക് നിസ്തുലമാണ്.

താന്‍ ജീവിക്കുന്ന കാലത്തിന്റെ ആകുലതകളെ പൂര്‍വമാതൃകകളില്ലാത്ത കഥാഗാത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കുവാനും പ്രമേയത്തിനിണങ്ങുന്ന ഭാഷാപരിചരണം കൊണ്ട് നവീനമായ ഒരു പാഠം സാധ്യമാക്കാനും ആ കഥകള്‍ക്ക് സാധിക്കുന്നു.

സൗന്ദര്യാനുഭൂതിയെ ഹനിക്കാത്ത സാമൂഹ്യവിമര്‍ശനം, സാഹിത്യപരതയെ നിഷേധിക്കാത്ത വിഷയദാര്‍ഢ്യം, മാനവികതയെ നിന്ദിക്കാത്ത ആഖ്യാനവൈവിധ്യം എന്നിവയാല്‍ സമ്പന്നമാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകള്‍. കാല്‍ നൂറ്റാണ്ടു പിന്നിടുന്ന കഥാസപര്യകൊണ്ട് മലയാളകഥയുടെ ഉണ്മയ്ക്ക് പുത്തനുണര്‍വ് സൃഷ്ടിച്ച സന്തോഷിന്റെ സമഗ്രസംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് സമിതി പറഞ്ഞു.

1971-ല്‍ കാസര്‍കോട് ജില്ലയില്‍ കര്‍ണാടകത്തോട് ചേര്‍ന്നുകിടക്കുന്ന ബേഡഡുക്ക ഗ്രാമത്തിലെ കര്‍ഷകനും ഫുട്‌ബോള്‍ കളിക്കാരനുമായ എ സി ചന്ദ്രന്‍ നായരുടെയും ശ്യാമളയുടെയും മകനായാണ് സന്തോഷ് ഏച്ചിക്കാനം ജനിച്ചത്.

മലയാളഭാഷയിലും സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും ബിരുദങ്ങളും ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷനില്‍ പി ജി ഡിപ്ലോമയുമുള്ള സന്തോഷ് പാരലല്‍ കോളജ് ഉടമയായും അധ്യാപകനായും ആകാശവാണി സ്ട്രിങ്ങറായുമൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശ്ശൂര്‍ അയ്യന്തോളിലാണ് ഇപ്പോള്‍ താമസം.

ഒറ്റവാതില്‍, കഥാപാത്രങ്ങളും പങ്കെടുത്തവരും, ഒരു ചിത്രകഥയിലെ നായാട്ടുകാര്‍, കൊമാല, നരനായും പറവയായും, പകല്‍ സ്വപ്നത്തില്‍ വെയിലു കായാന്‍ വന്ന ഒരു നരി, ശ്വാസം, ബിരിയാണി എന്നിവയാണ് പ്രധാന കൃതികള്‍.

ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കാരൂര്‍ ജന്മശതാബ്ദി അവാര്‍ഡ്, പ്രവാസി ബഷീര്‍ പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, വി പി ശിവകുമാര്‍ കേളി അവാര്‍ഡ്, പത്മരാജന്‍ പുരസ്‌കാരം, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരം, കൊല്‍ക്കത്ത ഭാഷാ സാഹിത്യ പരിഷത്ത് അവാര്‍ഡ്, ഡെല്‍ഹി കഥാ അവാര്‍ഡ്, ഏറ്റവും മികച്ച കഥയ്ക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് എന്നിങ്ങനെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

നിദ്ര, അന്നയും റസൂലും, ബാച്ചിലര്‍ പാര്‍ട്ടി, ഞാന്‍ സ്റ്റീവ് ലോപ്പസ്, ഇടുക്കി ഗോള്‍ഡ്, ചന്ദ്രേട്ടന്‍ എവിടെയാണ്, അബി തുടങ്ങിയ സിനിമകള്‍ക്കും ഒട്ടേറെ ടെലിവിഷന്‍ പരമ്പരകള്‍ക്കും തിരക്കഥയെഴുതി.

ഭാര്യ: ജല്‍സ മേനോന്‍. മകന്‍: മഹാദേവന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Padma Prabha award 2019 goes to Santhosh Echikkanam, News, Writer, Award, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?