'ബിജെപി വിരുദ്ധ സര്‍ക്കാരിന്റെ ഭാഗമാകണം': കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ ശിവസേന
മുംബൈ (www.evisionnews.co): മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ ശിവസേന. പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത് ദല്‍ഹിയിലേക്ക് തിരിച്ചു. സഞ്ജയ് റാവത്ത് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയ്ക്ക് മുന്‍പേ റാവത്ത് മുംബൈയില്‍ എന്‍.സി.പി നേതാവ് ശരദ് പവാറിനെ കാണും.
അതേസമയം മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത് അവരുടെ അഹങ്കാരം കാരണമാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയില്‍ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ബി.ജെ.പി മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതിനിടെ ബി.ജെ.പി വിരുദ്ധ സര്‍ക്കാരിന്റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് എം.എല്‍.എമാര്‍ കത്തയച്ചു. മഹാരാഷ്ട്ര നേതാക്കള്‍ അല്‍പ്പ സമയത്തിനകം സോണിയയെ കാണും.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മുതിര്‍ന്ന നേതാക്കളും യോഗത്തിനെത്തും. രാവിലെ 10 ന് സോണിയ ഗാന്ധിയുടെ വസതിയില്‍ വെച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം നടക്കുന്നത്. ബി.ജെ.പി കോര്‍ കമ്മിറ്റി യോഗം ഇന്ന് മുംബൈയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയില്‍ വെച്ചാണ് നടക്കുന്നത്. രാവിലെ 9.30ന് മുംബൈയിലെ റിട്രീറ്റ് റിസോര്‍ട്ടില്‍ ശിവസേന എം.എല്‍.എമാരുടെ യോഗം നടക്കുന്നുണ്ട്. എന്‍.സി.പി കോര്‍ കമ്മിറ്റി യോഗം രാവിലെ 10ന് വൈ ബി ചവാന്‍ സെന്ററില്‍ വെച്ചാണ് നടക്കുക. യോഗത്തില്‍ ശരദ് പവാര്‍ പങ്കെടുക്കും.
Powered by Info News For You

Comments
Post a Comment