കോടികളുടെ സാമ്പത്തിക നഷ്ടത്തില്‍ നിന്ന് കരകയറാന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച് വൊഡാഫോണ്‍ ഐഡിയ, എയര്‍ ടെല്‍ കമ്പനികള്‍; ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍

ന്യൂഡെല്‍ഹി: (www.kvartha.com 19.11.2019) കോടികളുടെ സാമ്പത്തിക നഷ്ടത്തില്‍ നിന്ന് കരകയറാന്‍ നിരക്കുകള്‍ വര്‍ധിപ്പിച്ച് വൊഡാഫോണ്‍, ഐഡിയ, എയര്‍ ടെല്‍ കമ്പനികള്‍. ഡിസംബര്‍ ഒന്നു മുതല്‍ വര്‍ധിപ്പിച്ച നിരക്കുകള്‍ നിലവില്‍വരും. സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഇരു കമ്പനികളും റെക്കോര്‍ഡ് നഷ്ടം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് നിരക്കുകള്‍ ഉയര്‍ത്തുന്നത്. ഏറെക്കാലത്തിനുശേഷമാണ് മൊബൈല്‍ ടെലികോം വിപണിയില്‍ നിരക്കുവര്‍ധനയ്ക്കു കളമൊരുങ്ങുന്നത്.

ഡിസംബര്‍ ഒന്നു മുതല്‍ നിരക്കില്‍ ന്യായമായ വര്‍ധനവുണ്ടാകുമെന്ന് വൊഡാഫോണ്‍ ഐഡിയയും വ്യക്തമാക്കി. സെപ്തംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ വൊഡാഫോണ്‍ ഐഡിയ, എയര്‍ടെല്‍ കമ്പനികള്‍ക്ക് 74,000 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.

Vodafone Idea, Bharti Airtel to hike mobile data, call charges from December, New Delhi, News, Business, Technology, Vodafone, Idea, Airtel, National

ടെലികോം മേഖലയിലെ ടെക്നോളജി സൈക്കിള്‍ നിരന്തരമായി പരിഷ്‌കാരത്തിന് ഇടയാകുന്നതിനാല്‍ തുടര്‍ച്ചയായി നിക്ഷേപം ഈ മേഖലയില്‍ അനിവാര്യമാണ്. വന്‍ തോതില്‍ മൂലധന നിക്ഷേപമാണ് ടെലികോം മേഖലയില്‍ വേണ്ടിവരുന്നത്.

ഡിജിറ്റല്‍ ഇന്ത്യ എന്ന കാഴ്ചപ്പാട് തുടരുന്നതിന് ടെലികോം മേഖല വിജയകരമായി തുടരേണ്ടതുണ്ട്. ഇതിന് ആപേക്ഷികമായി എയര്‍ടെല്‍ നിരക്കുകള്‍ ഡിസംബര്‍ മുതല്‍ ഉയര്‍ത്തുമെന്നും ഭാരതി എയര്‍ടെല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

അതേസമയം വര്‍ധന എത്രത്തോളമെന്നോ ഏതൊക്കെ ഇനങ്ങളില്‍ എന്നോ കമ്പനികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഉപയോക്താക്കള്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ഇരു കമ്പനികളും പറയുന്നു. റിലയന്‍സ് ജിയോ നിരക്കു കൂട്ടാനിടയില്ല. പൊതുമേഖലയിലെ ബിഎസ്എന്‍എലും നിരക്കു വര്‍ധിപ്പിക്കുമെന്നു സൂചനയില്ല.

സുപ്രീം കോടതി ഉത്തരവനുസരിച്ചു സര്‍ക്കാരിനു നല്‍കാനുള്ള കുടിശിക കൂടി കണക്കിലെടുത്ത്, എയര്‍ടെല്‍ ജൂലൈ -സെപ്റ്റംബര്‍ കാലത്ത് 23,045 കോടി രൂപയുടെയും വോഡഫോണ്‍ ഐഡിയ 50,921 കോടി രൂപയുടെയും നഷ്ടം രേഖപ്പെടുത്തിയിരുന്നു.

അതിനിടെ ടെലികോം കമ്പനികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. സെക്രട്ടറിതല സമിതി പഠിക്കുകയാണെന്നും ഒരു വ്യവസായവും അടച്ചുപൂട്ടുന്ന സ്ഥിതി വരില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കുടിശിക തിരിച്ചടവില്‍ ഇളവും മറ്റെന്തെങ്കിലും രക്ഷാ പാക്കേജും പ്രതീക്ഷിക്കുകയാണു കമ്പനികള്‍.

വമ്പന്‍ ഓഫറുകളുമായി രംഗത്തുവന്ന റിലയന്‍സ് ജിയോയുമായുള്ള കടുത്ത മത്സരമാണ് ടെലികോം വിപണിയിലെ തുടക്കക്കാരായ എയര്‍ടെലിനും വോഡഫോണിനും ഐഡിയയ്ക്കും വെല്ലുവിളിയായത്. വോഡഫോണ്‍ ഐഡിയ ലയനത്തിലേക്കു വഴിതെളിച്ചതും ഇതുതന്നെ.

ഒരു ടെലികോം നെറ്റ് വര്‍ക്കിലേക്കുള്ള കോളിന്, ആ കോള്‍ പുറപ്പെടുന്ന നെറ്റ് വര്‍ക്ക് നല്‍കേണ്ട ഫീസായ ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) സംബന്ധിച്ചാണ് റിലയന്‍സും മറ്റു കമ്പനികളും തമ്മില്‍ ഏറ്റവുമൊടുവിലത്തെ തര്‍ക്കം. മിനിറ്റിന് 6 പൈസയാണ് ഇപ്പോഴത്തെ ഐയുസി നിരക്ക്. ഇത് എടുത്തുകളയണമെന്നു റിലയന്‍സും 14 പൈസ എങ്കിലുമായി ഉയര്‍ത്തണമെന്ന് എയര്‍ടെലും വോഡഫോണും വാദിക്കുന്നു.

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായി) വിളിച്ചുചേര്‍ത്ത യോഗത്തില്‍ ബി എസ് എന്‍ എല്‍, എം ടി എന്‍ എല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളും റിലയന്‍സ് ജിയോയും ഐയുസി ഉപേക്ഷിക്കണമെന്ന നിലപാടെടുത്തു. ഓരോ നെറ്റ് വര്‍ക്കിലേക്കു വരുന്ന കോളുകളുടെയും അതില്‍നിന്നു പോകുന്ന കോളുകളുടെയും എണ്ണം തുല്യമാണെന്ന സ്ഥിതിയായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഐയുസി വേണ്ടെന്നും റിലയന്‍സ് വാദിച്ചു.

യോഗത്തില്‍ പങ്കെടുത്ത 155 പേരില്‍ എയര്‍ടെലും വോഡഫോണും മാത്രമേ ഐയുസിക്ക് അനുകൂലമായി വാദിച്ചുള്ളൂ എന്നാണു സൂചന. ട്രായിയുടെ നിലപാടും ഐയുസി ഉപേക്ഷിക്കണമെന്നാണെന്ന് എയര്‍ടെലും വോഡഫോണും വിലയിരുത്തുന്നു. 2020 ജനുവരി ഒന്നു മുതല്‍ ഐയുസി വേണ്ടെന്ന നിലപാട് 2017ല്‍ത്തന്നെ ട്രായി കൈക്കൊണ്ടിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vodafone Idea, Bharti Airtel to hike mobile data, call charges from December, New Delhi, News, Business, Technology, Vodafone, Idea, Airtel, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?