മഴയില്‍ മുങ്ങി പോളിങ്ങ്; ഓഫീസര്‍മാര്‍ ഇരിക്കുന്നത് അരയൊപ്പം വെള്ളത്തില്‍; വോട്ടെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് വോട്ടര്‍മാരുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും പ്രതിഷേധം

എറണാകുളം: (www.kvartha.com 21.10.2019) ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളത്ത് കനത്ത മഴ തുടരുന്നത് പോളിങ്ങിനെ ദോഷകരമായി ബാധിച്ചിരിക്കയാണ്. ഞായറാഴ്ച രാത്രി മുതല്‍ നിര്‍ത്താതെ പെയ്ത മഴയില്‍ മണ്ഡലത്തിലെ ബൂത്തുകള്‍ ഉള്‍പ്പെടെ വെള്ളത്തിലായിരിക്കയാണ്. ഇതോടെ ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ക്ക് നടന്നെത്താന്‍ പോലും ആകാത്ത സ്ഥിതിയാണ്. കോരിച്ചൊരിയുന്ന മഴയില്‍ നഗരത്തിലെ പ്രധാന പ്രദേശങ്ങളും റോഡുകളുമെല്ലാം വെള്ളക്കെട്ടിലായി. പല ഇടത്തും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട സ്ഥിതിയും ഉണ്ടായി.

രാവിലെ ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് തുടങ്ങിയെങ്കിലും വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്തിത്തുടങ്ങിയിട്ടില്ല. വോട്ടിംഗ് തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിടുമ്പോഴും വെറും മൂന്നു ശതമാനം പോളിംഗ് മാത്രമാണ് എറണാകുളത്ത് രേഖപ്പെടുത്തിയത്. അതിനിടെ സ്ഥിതി ഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും പോളിംഗ് നടത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും എറണാകുളം കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. പോളിംഗ് ബൂത്തുകളിലടക്കം വെള്ളം കയറിയ സാഹചര്യത്തില്‍ വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

Water log in Ernakulam creates havoc to voters,Ernakulam, News, Politics, By-election, Voters, Protesters, Rain, Kerala

പോളിങ് മാറ്റിവയ്ക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. 70 ശതമാനം ബൂത്തുകളിലും വെളിച്ചമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ പോളിംഗ് മാറ്റണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസറെയും ജില്ലാ കലക്ടറെയും അറിയിച്ചുവെന്നും പറവൂര്‍ എംഎല്‍എ കൂടിയായ വി ഡി സതീശന്‍ പ്രതികരിച്ചു. എറണാകുളത്തെ പോളിങ്ങ് മാറ്റിവയ്ക്കണമെന്ന് ബിജെപി നേതാവ് എം എസ് കുമാറും ആവശ്യപ്പെട്ടു. അതിനിടെ വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചില രാഷ്ട്രീയ പ്രവര്‍ത്തകരും വോട്ടര്‍മാരും പ്രതിഷേധിച്ചു.

നഗരത്തിലെ പ്രധാന ഭാഗങ്ങളായ എംജി റോഡ്, സൗത്ത് , കലൂര്‍, കടവന്ത്ര ഭാഗങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. മഴ കനത്തതിനെ തുടര്‍ന്ന് ആറ് ബൂത്തുകള്‍ ഇതിനോടകം മാറ്റി സ്ഥാപിച്ചിട്ടുണ്ടെങ്കിലും മഴ വോട്ടിംഗിനെ സാരമായി ബാധിക്കുന്ന കാഴ്ചയാണ് എറണാകുളത്ത് കണ്ടത്. അയ്യപ്പന്‍ കാവ്, കടാരിബാഗ് ഭാഗങ്ങളിലാണ് മഴ കൂടുതല്‍ വില്ലനായത്.

ബൂത്ത് സ്ഥിതി ചെയ്യുന്ന സ്‌കൂള്‍ കെട്ടിടങ്ങളുടെ പകുതിയും വെള്ളത്തില്‍ മുങ്ങിയതോടെയാണ് ബൂത്തുകള്‍ മാറ്റി സ്ഥാപിക്കേണ്ടി വന്നത്. കൂടുതല്‍ ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചാല്‍ മാത്രമേ പല ഇടത്തും വോട്ടിംഗ് തുടരാനാകൂ എന്ന സ്ഥിതിയാണ് നിലവിലുള്ളത്. അയ്യപ്പന്‍ കാവ് മേഖലയിലെ ബൂത്തുകളില്‍ ചിലത് അഗ്‌നിശമന സേനയുടെ സഹായത്തോടെ സ്‌കൂള്‍ കെട്ടിടങ്ങളുടെ മുകളിലേക്ക് മാറ്റി തടസം നീക്കാനുള്ള ശ്രമങ്ങളും നടന്നു വരികയാണ്.

പല ബൂത്തുകളിലും കറന്റില്ലാത്തതും പ്രതിസന്ധി കൂട്ടുന്നുണ്ട്. വെള്ളം കയറിയതിനെ തുടര്‍ന്ന് കലൂര്‍ സബ് സ്റ്റേഷന്‍ പരിധിയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. നഗരകേന്ദ്രീകൃതമായ മണ്ഡലത്തിലെ പോളിങ്ങ് ബൂത്തുകളിലേക്ക് എത്താന്‍ ഉള്ള വഴികളിലെല്ലാം വെള്ളം കയറിയതോടെ വാഹനഗതാഗതവും നിലച്ച സ്ഥിതിയാണ് എറണാകുളത്ത്.

സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറിയതോടെ ഇവിടെ നിന്നുള്ള ട്രെയിന്‍ ഗതാഗതവും നിര്‍ത്തി. സാധാരണ നിലയില്‍ തന്നെ മൂന്നു മണിക്കൂര്‍ നിര്‍ത്താതെ മഴ പെയ്താല്‍ വെള്ളക്കെട്ടിലാകുന്ന നഗരത്തില്‍ ഞായറാഴ്ച രാത്രി മുതല്‍ നിര്‍ത്താതെ മഴ പെയ്യുകയാണ്. ഉച്ചയോടു കൂടി മഴ മാറുമെന്നാണ് പ്രതീക്ഷ. മഴ മാറുക മാത്രമാണ് പോളിങ്ങ് ശതമാനം കൂടാനുള്ള ഏക വഴിയും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Water log in Ernakulam creates havoc to voters,Ernakulam, News, Politics, By-election, Voters, Protesters, Rain, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?