എം എന്‍ വിജയനെ അവഗണിച്ച് പു.ക.സ സമ്മേളനങ്ങള്‍; ഇടതു ചിന്തകന്റെ ഓര്‍മകള്‍ പോലും ഭയമോ?
ഭാമ നാവത്ത്
കണ്ണൂര്‍: (www.kvartha.com 17.10.2019) ഇടതു ചിന്തകനും എഴുത്തുകാരനും പുരോഗമന കലാ നാഹിത്യ സംഘത്തിന്റെ മുന്‍ സംസ്ഥാന അധ്യക്ഷനുമായ എം എന്‍ വിജയന്റെ ഓര്‍മകളെ പോലും ഭയന്ന് പു.ക.സ സമ്മേളനങ്ങള്‍. കഴിഞ്ഞ ഒക്ടോബര്‍ മൂന്നിന് വിജയന്‍ മാഷിന്റെ പന്ത്രണ്ടാം ചരമവാര്‍ഷികമായിരുന്നു.
നാലാം ലോകവാദവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനും ചിലയാളുകള്‍ക്കുമെതിരെ മന്ത്രി ടി എം തോമസ് ഐസക് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ മാനനഷ്ടത്തിന് കേസ് നല്‍കിയിരുന്നു. വിജയന്‍ മാഷ് പത്രാധിപരായ പാഠം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ തങ്ങള്‍ സാമ്രാജ്യത്വ വാദികളാണെന്ന് ആരോപിക്കുന്നുവെന്നായിരുന്നു പരാതി. ജനകീയാസൂത്രണ പദ്ധതിയിലെ വിദേശ ഫണ്ടിംഗിനെ കുറിച്ചും ലേഖനത്തില്‍ പരാമര്‍ശമുണ്ടായി. ഈ സാഹചര്യത്തിലാണ് പരാതി മാനനഷ്ടക്കേസിലെത്തിയത്.
എന്നാല്‍ കേസ് പരിഗണിച്ച കോടതി വിജയന്‍ മാഷടക്കമുള്ളവരെ വെറുതെ വിട്ടു. വിജയന്‍ മാഷിനെപ്പോലുള്ള മലയാളികളുടെ സാംസ്‌കാരിക ബോധത്തെ ശരിയായ ദിശയില്‍ നയിക്കുന്ന ചിന്തകന്മാര്‍ക്കെതിരെ മാനനഷ്ടക്കേസ് കൊടുത്തതിനെയും കോടതി വിമര്‍ശിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ അനുകൂല കോടതി വിധി മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുന്നതിനിടെയാണ് വിജയന്‍ മാഷ് തൃശൂര്‍ പ്രസ് ക്ലബ് ഹാളില്‍ കുഴഞ്ഞുവീണു മരിക്കുന്നത്.
നല്ല കലാലയ അധ്യാപകനായിരുന്നു വിജയന്‍ മാഷെന്നായിരുന്നു അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞിരുന്നത്. മരിച്ച് 12 വര്‍ഷങ്ങളായിട്ടും മുന്‍ ദേശാഭിമാനി വാരികയുടെ പത്രാധിപര്‍ കൂടിയായ എം എന്‍ വിജയന്റെ വാക്കുകളെയും ചിന്തകളെയും സിപിഎം ഭയക്കുന്നുവെന്നാണ് പിന്നീടുള്ള സംഭവഗതികള്‍ തെളിയിച്ചത്. എം എന്‍ വിജയനുമായി അടുപ്പമുള്ളവരൊക്കെ പാര്‍ട്ടിയില്‍ നിന്നും പു.ക.സയില്‍ നിന്നും പുറത്താക്കപ്പെടുകയോ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയോ ചെയ്തു.
പാര്‍ട്ടിയും ബഹുജന സംഘടനകളും പിണറായി നേതൃത്വം നല്‍കുന്ന ഒദ്യോഗിക വിഭാഗത്തിന്റെ കാല്‍കീഴില്‍ അമര്‍ന്നു. ഈ സാഹചര്യത്തിലാണ് എം എന്‍ വിജയന്‍ മാഷിന്റെ ചരമദിനാചരണം നടക്കുന്ന ഒക്ടോബറില്‍ അദ്ദേഹം ഒരു കാലത്ത് നയിച്ച പു.ക.സയുടെ മേഖലാ സമ്മേളനങ്ങളില്‍ നിന്നും അദ്ദേഹത്തിന്റെ പേര് പോലും ഉച്ഛരിക്കുന്നത് വിലക്കുന്നത്.
കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ നടന്ന മേഖലാ സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന ചിത്രകാര സംഗമത്തില്‍ എം എന്‍ വിജയന്റെ ചിത്രം വരച്ച സംഭവം ഏറെ വിവാദമായി. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് പു.ക.സയില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായി. ഇതേ തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഈ വിഷയത്തില്‍ ഇടപെട്ടുവെന്നാണ് വിവരം.
എം എന്‍ വിജയനെ തമസ്‌കരിക്കാന്‍ സിപിഎമ്മും പു.ക.സയും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുമ്പോഴും സംസ്ഥാനമാകെ തന്നെ അദ്ദേഹത്തിന്റെ ഓര്‍മ പുതുക്കലും നടന്നു വരുന്നുണ്ട്. അദ്ദേഹം മരിച്ച ദിവസമായ ഒക്ടോബര്‍ മൂന്നിന് തൃശൂരില്‍ അനുസ്മരണ സമ്മേളനം നടത്തി. കോഴിക്കോടും കണ്ണൂരും 20 നാണ് പരിപാടി. കണ്ണൂരില്‍ എം എന്‍ വിജയന്‍ സ്മാരക ഗ്രന്ഥാലയം 20നാണ് പരിപാടി നടത്തുന്നത്. ജവഹര്‍ ലൈബ്രറി ഹാളില്‍ രാവിലെ പത്തുമണിക്ക് എഴുത്തുകാരി നിര ചന്ദോ ക്കെ, എംപി പ്രേമചന്ദ്രന്‍ എംപി, എം എന്‍ പിയേഴ്‌സണ്‍, കെ പി നരേന്ദ്രന്‍, കെ സഹദേവന്‍, കെ സി ഉമേഷ് ബാബു തുടങ്ങിയവര്‍ പങ്കെടുക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
keywords: News, Kerala, Kannur, Minister, Court, Death, Deshabhimani, Politics, Denied memories of M N Vijayan in PU.KA.SA Conferences.
Powered by Info News For You
Comments
Post a Comment