ജോളിയുടെ മൊബൈല്‍ ഫോണ്‍ നിറയെ ഉറ്റസുഹൃത്ത് റാണിയുമൊത്തുള്ള ചിത്രങ്ങള്‍; തയ്യല്‍കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ ഇപ്പോള്‍ കാണാനില്ല; ഇവരെ ചോദ്യം ചെയ്താല്‍ ജോളിയുടെ എന്‍ ഐ ടി ജീവിതത്തെ കുറിച്ച് വ്യക്തമായ തെളിവുകള്‍ കിട്ടുമെന്ന് പോലീസ്

കോഴിക്കോട്: (www.kvartha.com 17.10.2019) കൂടത്തായി കൊലപാതകക്കേസിലെ മുഖ്യ പ്രതി ജോളിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ച പോലീസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കയാണ്. ജോളിയുടെ ഫോണ്‍ നിറയെ ഉറ്റ സുഹൃത്ത് റാണിയുമൊത്തുള്ള ചിത്രങ്ങളാണ്.

റാണിക്ക് ജോളിയുമായി അടുത്ത ബന്ധമാണെന്ന് പോലീസ് പറയുന്നു. എന്‍ ഐ ടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന ഇവരെ ചോദ്യം ചെയ്താല്‍ ജോളിയുടെ എന്‍ ഐ ടി ജീവിതത്തെ കുറിച്ച് വ്യക്തമായ തെളിവുകള്‍ കിട്ടുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

Jolly's phone filled with pictures of close friend Rani; police set to probe her NIT links, Kozhikode, News, Trending, Murder, Police, Mobile Phone, Photo, Kerala

എന്നാല്‍ ചോദ്യം ചെയ്യലില്‍ റാണിയെക്കുറിച്ചുള്ള ഒരു വിവരവും നല്‍കാന്‍ ജോളി തയാറായിട്ടില്ല. യുവതി ജോലി ചെയ്തിരുന്ന തയ്യല്‍ക്കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ ഐ ടിയില്‍ നടന്ന രാഗം കലോത്സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. എന്‍ ഐ ടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി നില്‍ക്കുന്ന ചിത്രങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയര്‍ എന്നിവരാണ് ജോളിയുടെ സുഹൃത്തുക്കള്‍ എന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിഗമനം. എന്നാല്‍, റാണിയുമായാണ് ജോളി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതെന്ന് സൂചന നല്‍കുന്ന ചിത്രങ്ങളാണ് ഫോണില്‍ നിന്നും പോലീസിന് ലഭിച്ചത്. അതുകൊണ്ടുതന്നെ റാണിയെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് പോലീസ്.

അതേസമയം, പൊന്നാമറ്റം കുടുംബാംഗങ്ങളുടെ ഡി എന്‍ എ പരിശോധന വ്യാഴാഴ്ച നടക്കും. മരിച്ച റോയ് തോമസിന്റെ സഹോദരന്‍ റോജോ, സഹോദരി റെഞ്ചി, റോയിയുടെ രണ്ട് മക്കള്‍ എന്നിവര്‍ സാമ്പിള്‍ നല്‍കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗത്തിലെത്തി. കല്ലറയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ കൂടത്തായിയില്‍ ദുരൂഹമായി കൊല്ലപ്പെട്ടവരുടേത് തന്നെയാണെന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ് ഡി എന്‍ എ പരിശോധന.

അതിനിടെ ജോളിക്ക് എന്‍ഐടി (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) പരിസരം കേന്ദ്രീകരിച്ച് വസ്തു ഇടപാടുകളും ഉണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചു. ജോളി തയാറാക്കിയ വ്യാജ ഒസ്യത്തില്‍ ഒപ്പിട്ട സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കെ മനോജിനെ ജോളി പരിചയപ്പെട്ടത് വസ്തു ഇടപാടു വഴിയാണ്.

എന്‍ഐടി പരിസരത്തെ ഭൂമി വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കുന്നതിനായാണ് ജോളി ഒരു ലക്ഷം രൂപ കൈമാറിയത്. രണ്ടു ചെക്കുകളായാണു പണം നല്‍കിയത്. എന്നാല്‍ കച്ചവടം മുടങ്ങിയെങ്കിലും മനോജ് പണം തിരിച്ചുനല്‍കിയില്ല. ഇതോടെ ഇരുവരും തമ്മില്‍ തെറ്റി. പല തവണ ആവശ്യപ്പെട്ടതോടെ മനോജ് ചെറിയ തുകകളായി മടക്കി നല്‍കി.

എന്‍ഐടിക്കു സമീപം കട്ടാങ്ങല്‍ ജംക്ഷനിലെ പെട്ടിക്കടയിലാണു മനോജ് പണം ഏല്‍പിച്ചത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കട്ടാങ്ങലില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഈ കട ജോളി പോലീസിനു കാണിച്ചുകൊടുത്തിരുന്നു. കടയുടമയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

ജോളിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ പിന്നാലെ സഞ്ചരിച്ചതോടെയാണു കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മണ്ണിലിടത്തില്‍ രാമകൃഷ്ണന്റെ വസ്തുക്കച്ചവടവും പിന്നാലെയുള്ള മരണവും പോലീസിന്റെ ശ്രദ്ധയിലെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Jolly's phone filled with pictures of close friend Rani; police set to probe her NIT links, Kozhikode, News, Trending, Murder, Police, Mobile Phone, Photo, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?